മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷൻ;സുധാകരൻ വര്‍ക്കിങ് പ്രസിഡണ്ട് .കെ.മുരളീധരൻ പ്രചാരണ സമിതി അധ്യക്ഷൻ

തിരുവനന്തപുരം :മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷൻ. തീരുമാനം രാഹുല്‍ ഗാന്ധി അംഗീകരിച്ചു. കേരളത്തില്‍ മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചു . കെ സുധാകരന്‍, എം.ഐ ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവർ വര്‍ക്കിങ് പ്രസിഡന്റുമാരായി . വി.എം. സുധീരന്‍ അധ്യക്ഷസ്ഥാനം ഒഴിഞ്ഞതു മുതല്‍ പുതിയ കെപിസിസി അധ്യക്ഷനായുള്ള അന്വേഷണം നടന്നുവരികയായിരുന്നു. ഒരുവര്‍ഷത്തിലേറെയായി എം.എം. ഹസന്‍ അധ്യക്ഷപദവി വഹിച്ചുവരികയാണ്.യുഡിഎഫ് കണ്‍വീനറായി ബെന്നി ബഹനാനും പ്രചാരണ സമിതി അധ്യക്ഷനായി കെ.മുരളീധരനും ചുമതലയേൽക്കും.ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തിലെ കോൺഗ്രസിനു പുതിയ നേതൃത്വം ഉണ്ടായിരിക്കുന്നത് .MULLAPPALLY SUDHAKARAN

പുതിയ കെപിസിസി അധ്യക്ഷനെ തേടി ഹൈക്കമാൻഡ് നടത്തിയ ചർച്ചകളിൽ മുൻതൂക്കം മുല്ലപ്പള്ളി രാമചന്ദ്രൻ എംപിക്കായിരുന്നു. പ്രാദേശിക, സാമുദായിക പരിഗണനകളും ഗ്രൂപ്പുകളുടെ പ്ര‌ത്യക്ഷ, പരോക്ഷ നിലപാടുകളും അദ്ദേഹത്തിന് അനുകൂലമായതായാണു കണക്കുകൂട്ടല്‍. കെ.വി.തോമസ്, കൊടിക്കുന്നിൽ സുരേഷ്, കെ.സുധാകരൻ, വി.ഡി.സതീശൻ, കെ.മുരളീധരൻ തുടങ്ങിയവരാണു പരിഗണനാപ്പട്ടികയിലുണ്ടായിരുന്ന മറ്റുള്ളവർ. കെപിസിസി അധ്യക്ഷൻ, യുഡിഎഫ് കൺവീനർ, രാജ്യസഭാസീറ്റ്, കോൺഗ്രസ് പ്രവർത്തകസമിതി അംഗത്വങ്ങൾ എന്നിവയുൾപ്പെട്ട ‘പാക്കേജ്’ നട‌പ്പാക്കാനാണു നേതൃത്വം ലക്ഷ്യമിട്ടത്.

സ്വന്തം സ്ഥാനാർഥിക്കുവേണ്ടി കർക്കശ നിലപാടെടുക്കാത്ത എ ഗ്രൂപ്പ്, മുല്ലപ്പള്ളിയെ പി‌ന്തുണച്ചിരുന്നു. യുഡിഎഫിനെ നയിക്കുകയെന്ന ദൗത്യം കൂടി കെപിസിസി അധ്യക്ഷനുള്ളതിനാൽ, സ്വീകാര്യനായ മുതിർന്ന നേതാവിനു പദവി നൽകണമെന്നായിരുന്നു അവരുടെ ആവശ്യം. ‘മുല്ലപ്പള്ളി മുതിർന്ന നേതാവാണ്, സംശുദ്ധ വ്യക്തിത്വം കൊണ്ടു സ്വീകാര്യനുമാണ്’ എന്നായിരുന്നു ഒരു എ ഗ്രൂപ്പ് നേതാവിന്റെ പ്രതികരണം. ഡിസിസി പ്രസിഡന്റുമാരുടെ മനസ്സറിയാൻ നടത്തിയ ‘വോട്ടെടുപ്പിൽ’ പലരും ഗ്രൂപ്പ് താൽപര്യമനുസരിച്ചുള്ള പേരുകൾ അറിയിച്ചപ്പോൾ മുന്നിലെത്തിയതു കെ.സുധാകരൻ ആയിരുന്നു നിലവിലെ രാഷ്ട്രീയ സാഹചര്യത്തിനു യോജ്യനായ, ചുറുചുറുക്കുള്ള നേതാവ് പ്രസിഡന്റാകണമെന്നു പറഞ്ഞ ഏതാനും ചിലർ സമദൂരം പാലിച്ചു.

Top