
എടപ്പാള്‍: വിദേശത്ത് കാറോടിക്കാന്‍ ഇനി കേരളത്തില്‍ നിന്നും ലൈസന്‍സ്. ഷാര്‍ജ സര്‍ക്കാരിന്റെ അംഗീകാരമുള്ള ഡ്രൈവിംഗ് ലൈസന്‍സാണ് കേരളത്തില്‍വച്ച് നല്‍കാന്‍ നടപടിയാകുന്നത്. ഷാര്‍ജയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കേരളത്തില്‍ താമസിച്ച് ടെസ്റ്റ് നടത്തി ഇവിടെവെച്ച് ലൈസന്‍സ് നല്‍കുന്ന സംവിധാനമാണ് നടപ്പിലാക്കുന്നത്.
ശാസ്ത്രീയമായ ഡ്രൈവിങ് പരിശീലനത്തിനായി എടപ്പാളില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ,ഡി.ടി.ആര്‍.) സന്ദര്‍ശിക്കാനെത്തിയ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ കെ.എ. പദ്മകുമാറാണ് ഇക്കാര്യമറിയിച്ചത്.
കേരളത്തില്‍ ഷാര്‍ജ ഉദ്യോഗസ്ഥര്‍ക്ക് താമസിച്ച് ടെസ്റ്റ് നടത്താനുള്ള സൗകര്യമുള്ള സ്ഥലമെന്ന നിലയില്‍ എടപ്പാള്‍ ഐ.ഡി.ടി.ആര്‍. ആണ് മുഖ്യപരിഗണനയിലുള്ള സ്ഥലം. കേരളത്തിലുള്ള 2775 ഡ്രൈവിങ് പരിശീലന കേന്ദ്രത്തിലെ ഓരോ പരിശീലകര്‍ക്ക് അഞ്ചുദിവസം വീതം ശാസ്ത്രീയമായ ഡ്രൈവിങ് പരിശീലനം നല്‍കാനുള്ള നടപടികളും ആരംഭിക്കും. അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് ശാസ്ത്രീയ വാഹനപരിശോധനാ രീതിയിലും വാഹന ടെസ്റ്റിലുമുള്ള പരിശീലനവും നല്‍കും. കേന്ദ്ര നിയമപ്രകാരം വാഹന ടെസ്റ്റ് കംപ്യൂട്ടറൈസ്ഡ് ആക്കും. ഒന്‍പതുസ്ഥലങ്ങളില്‍ ഇതിനുള്ള സംവിധാനമൊരുക്കും. തളിപ്പറമ്ബ്, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം, പാറശ്ശാല എന്നിവിടങ്ങളില്‍ ഇതാരംഭിച്ചിട്ടുണ്ട്. പൊന്നാനി, കാസര്‍കോട്, തൃപ്പൂണിത്തുറ, കൊച്ചി എന്നിവിടങ്ങളില്‍ ഉടനാരംഭിക്കും.
വിദേശത്ത് ജോലിക്ക് പോകുന്ന മലയാളി ഡ്രൈവര്‍മാര്‍ക്ക് ബുദ്ധിമുട്ടേറിയ കാര്യമാണ് അവിടുത്തെ ഡ്രൈവിങ് ടെസ്റ്റുകള്‍. ഷാര്‍ജയിലെ ഭരണാധികാരിയുടെ കേരള സന്ദര്‍ശനവേളയില്‍ ഇതിനുള്ള പരിഹാരമായി മുഖ്യമന്ത്രി അവതരിപ്പിച്ചതാണ് ഈ പദ്ധതി. ഇതിനുള്ള അംഗീകാരമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. വിദേശത്ത് ഇടതുവശത്തിരുന്ന് വാഹനമോടിക്കുന്ന രീതിയാണുള്ളത്. ഇവിടെ ടെസ്റ്റ് നടത്തുമ്പോള്‍ ഇക്കാര്യത്തില്‍ എന്തുപരിഹാരം കാണാനാകുമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്.
സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തിലുള്ള സംഘം കേരളം മുഴുവന്‍ സഞ്ചരിച്ച് അപകടമേഖലകളായ ബ്ലാക്ക് സ്പോട്ടുകള്‍ കണ്ടെത്തുമെന്ന് കമ്മീഷണര്‍ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ സഹകരണത്തോടെ ഇത്തരം സ്ഥലങ്ങള്‍ നവീകരിക്കും. കൂടുതല്‍ കാമറകള്‍ സ്ഥാപിക്കും. ഇതിനായി കെല്‍ട്രോണുമായി കരാറൊപ്പുവെച്ചതായും കമ്മിഷണര്‍ വ്യക്തമാക്കി. ഐ.ഡി.ടി.ആര്‍.ജോ.ഡയറക്ടര്‍ എം.എന്‍. പ്രഭാകരന്‍, െഡപ്യൂട്ടി ഡയറക്ടര്‍ പി.എന്‍. രാജ്, മലപ്പുറം ആര്‍.ടി.ഒ. കെ.സി. മാണി, ജോ.ആര്‍.ടി.ഒമാരായ പി.എ. നസീര്‍, സി.യു. മുജീബ് എന്നിവരും കമ്മിഷണര്‍ക്കൊപ്പമുണ്ടായിരുന്നു.