തടവറയില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ട് 963 പേര്‍; പുറംലോകം കണ്ടിട്ട് 20 വര്‍ഷത്തോളമായവര്‍

തിരുവനന്തപുരം: പുറംലോകം കാണാതെ സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്നത് 963 തടവുകാര്‍. പല രാഷ്ട്രീയ കുറ്റവാളികളും ശിക്ഷപോലും അനുഭവിക്കാത്ത രീതിയില്‍ പുറത്തിറങ്ങി കറങ്ങുന്ന സമയത്താണ് ഞെട്ടിക്കുന്ന ഈ കണക്കുകള്‍ പുറത്ത് വരുന്നത്. ജയിലില്‍ അകപ്പെട്ട 963 പേരില്‍ 83 പേര്‍ ഇരുപത് കൊല്ലത്തോളമായി തടവറക്കുള്ളില്‍ എത്തിയിട്ട്. ഒരു ദിവസം പോലും പരോള്‍ ലഭിക്കാതെ കഴിയുകയാണ് ഇവര്‍.

പൊലീസ്, സമൂഹ്യനീതി വകുപ്പ് പ്രൊബേഷന്‍ ഓഫീസര്‍ റിപ്പോര്‍ട്ടുകള്‍ അനുകൂലമല്ലാത്തതിനാലാണ് ഇവര്‍ക്ക് പരോള്‍ കിട്ടാത്തതെന്ന് അധികൃതര്‍ പറയുന്നു. പരോള്‍ കിട്ടാന്‍ ഈ രണ്ട് റിപ്പോര്‍ട്ടുകളും നിര്‍ബന്ധം. പൂജപ്പുര, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളിലും നെട്ടുകാല്‍ത്തേരി, ചീമേനി തുറന്ന ജയിലുകളിലുമായി ഉള്ളത് 2857 ജീവപര്യന്തം തടവുകാര്‍. പൂജപ്പുരയിലാണ് ഏറ്റവുമധികം.

1352 തടവുകാരില്‍ 518 പേര്‍ ജീവപര്യന്തക്കാര്‍. ഇതില്‍ പലപ്പോഴായി പരോള്‍ കിട്ടിയവര്‍ 123 പേര്‍ മാത്രം. ശിക്ഷാ ഇളവ് നല്‍കി സര്‍ക്കാര്‍ വിട്ടയയ്ക്കുന്നവരുടെ പട്ടികയിലൊന്നുംപെടാതെ കഴിയുന്ന രണ്ട് ഡസനോളം പേരുണ്ട്. ജയിലധികൃതര്‍ മുഖാന്തിരവും നേരിട്ടും ജയില്‍ മോചനത്തിനായി ഇവരില്‍ പലരും അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുണ്ടങ്കിലും തീരുമാനമുണ്ടായിട്ടില്ല. സംസ്ഥാനത്തെ എല്ലാ ജയിലുകളിലുമായി എണ്ണായിരത്തോളം തടവുകാരുണ്ട്.

ജീവപര്യന്തം ശിക്ഷിക്കപ്പെട്ടാല്‍ രണ്ട് വര്‍ഷം കഴിഞ്ഞശേഷമേ പരോളിന് അപേക്ഷ നല്‍കാനാവൂ. സൂപ്രണ്ടിന് നല്‍കുന്ന അപേക്ഷ ലോക്കല്‍ പൊലീസിന്റെയും പ്രൊബേഷന്‍ ഓഫീസറുടെയും ശുപാര്‍ശയോടെ ജയില്‍ ഡി.ജി.പിയ്ക്ക് സമര്‍പ്പിക്കും. ആദ്യ പരോള്‍ അനുവദിക്കാനുള്ള അധികാരം ജയില്‍ മേധാവിക്കാണ്. മൂന്നു മാസത്തിലൊരിക്കല്‍ 15 ദിവസത്തെ പരോളിന് അര്‍ഹതയുണ്ട്. ഒരുവര്‍ഷം പരമാവധി 60 ദിവസം.

ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കോ, തടവുകാരന്റെയോ, ഇരയുടെ കുടുംബത്തിന്റെയോ, സമൂഹത്തിന്റെയോ സുരക്ഷയ്ക്ക് ഭീഷണിയാകില്ലെന്നും കുറ്റം ആവര്‍ത്തിക്കാന്‍ സാദ്ധ്യതയില്ലെന്നും ഉറപ്പാക്കുന്നതിനാണ് പൊലീസിന്റെയും പ്രൊബേഷന്‍ ഓഫീസറുടേയും റിപ്പോര്‍ട്ട് തേടുന്നത്. തടവുകാരന്‍ ഓളിച്ചോടാന്‍ സാദ്ധ്യതയില്ലെന്നും അയാളുടെ സംരക്ഷണത്തിന് ബന്ധുക്കളോ ആശ്രിതരോ ഉണ്ടെന്നും ഉറപ്പുവരുത്തണം.

ജീവപര്യന്തം തടവ് എന്നാല്‍ ജീവിതകാലം മുഴുവനുള്ള ശിക്ഷയെന്നാണ്. ശിക്ഷാ കാലാവധിയില്‍ തടവുകാരനുണ്ടാകുന്ന മാനസാന്തരവും സ്വഭാവമാറ്റവും കണക്കാക്കി മനുഷ്യത്വം പരിഗണിച്ച് ശിക്ഷയില്‍ ഇളവ് അനുവദിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. പതിനഞ്ച് വര്‍ഷം പിന്നിട്ട അര്‍ഹരായ തടവുകാരെ സര്‍ക്കാര്‍ തീരുമാനപ്രകാരം ശിക്ഷാ ഇളവ് അനുവദിക്കുന്ന മുറയ്ക്ക് മോചിപ്പിക്കും.
ചീഫ് വെല്‍ഫയര്‍ ഓഫീസര്‍, ജയില്‍ വകുപ്പ്

Top