ന്യൂഡല്‍ഹി:കേരളത്തിനെ തകർത്തു കളഞ്ഞ ഭീകരമായ പ്രളയത്തിൽ കേന്ദ്ര സർക്കാരും മോദിയും വളരെ കരുതലോടെയാണ് മുന്നോട്ട് നീങ്ങുന്നത് .ലോകരാജ്യങ്ങൾക്ക് മുൻപിൽ തലയുയർത്തിപ്പിടിക്കുന്ന വിധത്തിൽ സാമ്പത്തിക പുരോഗതി നേടിക്കൊണ്ടിരിക്കുന്ന ഇന്ത്യ എന്ന രാജ്യം ‘കൈനീട്ടുക എന്നത് രാജ്യത്തിന്റെ പേരിനും പെരുമക്കും സാമ്പത്തിക മുന്നേറ്റത്തിനും തടസമാകും എന്നും ഭയക്കുന്നു .അതിനാലാണ് ഐക്യരാഷ്ട്ര സഭയുടെയും വിദേശ രാജ്യങ്ങളുടെയും സഹായം വാങ്ങേണ്ടതില്ലെന്ന കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം ഉണ്ടായിരിക്കുന്നത് .
ലോകത്തിനു മുന്നില്‍ കഴിഞ്ഞ കാലഘട്ടങ്ങളില്‍ ഉണ്ടായിരുന്ന ഇമേജല്ല ഇപ്പോള്‍ ഇന്ത്യക്കുള്ളത്. സാമ്പത്തികമായി വലിയ മുന്നേറ്റം നടത്തി കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. മറ്റ് രാജ്യങ്ങള്‍ കെടുതിയിലാഴ്ന്നപ്പോള്‍ അവരെ സഹായിക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്നതും ഇന്ത്യയാണ്.ഇന്ത്യയുടെ വളര്‍ച്ച ഏറെ പ്രതീക്ഷ ഉയര്‍ത്തുന്നതാണെന്ന് ലോകബാങ്ക് ഉള്‍പ്പെടെ വിലയിരുത്തുകയും അമേരിക്ക അടക്കമുള്ള സമ്പന്ന രാഷ്ട്രങ്ങള്‍ പോലും കൂടുതല്‍ അടുത്ത് സഹകരിക്കാന്‍ തയ്യാറാവുന്ന സാഹചര്യവും ഇപ്പാള്‍ നിലവിലുണ്ട്.
ഐക്യരാഷ്ട്രസംഘടയുടെ കണക്കു പ്രകാരം, ഇന്ത്യയിൽ ഏതാണ്ട് 40% മുകളില്‍ ആളുകൾ ദേശീയ ദാരിദ്ര്യ രേഖക്കു താഴെയാണ് ജീവിക്കുന്നത് .26 ആഫ്രിക്കൻ രാജ്യങ്ങളിലുള്ളതിനേക്കാൾ ദരിദ്രർ ഇന്ത്യയിലെ 8 സംസ്ഥാനങ്ങളിലുണ്ട് എന്നാണ് ഓക്സ്ഫോർഡ് പോവർട്ടി ആന്റ് ഹ്യൂമൻ ഡെവലപ്പ്മെന്റ് എന്ന സംഘടനയുടെ പഠനങ്ങൾ വ്യക്തമാക്കുന്നത്. ഏതാണ്ട് 45 കോടിയോളം വരും എന്നാണ് കണക്കുകള്‍ പറയുന്നത് .യൂണിസെഫിന്റെ റിപ്പോർട്ട് പ്രകാരം, ലോകത്തിൽ പോഷകാഹാരക്കുറവുള്ള മൂന്നു കുട്ടികളിൽ ഒരാൾ ഇന്ത്യയിലുള്ളതാണ്. ഇന്ത്യയിൽ അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ കണക്കെടുത്താൽ 42% പേരും നല്ല ഭക്ഷണം ലഭിക്കാത്തതിന്റെ പേരിൽ ഭാരക്കുറവ് ഉള്ളവരാണത്രെ.
അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളിൽ 58% പേരും പോഷകാഹാരക്കുറവുകൊണ്ട് വളർച്ച മുരടിച്ചവരാണെന്നും റിപ്പോർട്ട് തുടർന്നു പറയുന്നു. ഇന്ത്യയുടെ സ്ഥിതി ആഫ്രിക്കൻ രാഷ്ട്രങ്ങളേക്കാൾ മോശമാണെന്നാണ് ഈ വിഷയത്തിൽ പഠനം നടത്തിയ നാന്ദി-ഫൗണ്ടേഷൻ എന്ന സർക്കാരേതിര സംഘടനയുടെ അംഗമായ രോഹിണി മുഖർജി അഭിപ്രായപ്പെടുന്നത്.
ഈയൊരു ഘട്ടത്തില്‍ രാജ്യത്തെ കൊച്ചു സംസ്ഥാനമായ കേരളത്തെ സഹായിക്കാനുള്ള ശേഷി പോലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്കില്ലെന്നത് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാവാന്‍ കേന്ദ്ര സര്‍ക്കാര്‍ താല്‍പ്പര്യപ്പെടുന്നില്ല.ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ ഇന്ത്യന്‍ സൈന്യം നടത്തിയ നീക്കത്തിന് അന്താരാഷ്ട്ര തലത്തില്‍ വലിയ അഭിനന്ദനമാണ് ലഭിച്ചത്.
ഇത്തരമൊരു സാഹചര്യത്തില്‍ സാമ്പത്തികമായി പിന്നോട്ട് പോകുന്നു എന്ന തരത്തില്‍ ചര്‍ച്ചകളുണ്ടായാല്‍ വന്‍കിട വിദേശ പദ്ധതികളെയും നിക്ഷേപങ്ങളെയും, അത് വഴി സാമ്പത്തിക ഘടനയെയും കാര്യമായി ബാധിച്ചേക്കാം. അതുകൊണ്ട് തന്നെ വളരെ ശ്രദ്ധയോടെയാണ് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ചുവടുവയ്പ്പ്.കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ നടപ്പാക്കിയ നയമാണെങ്കിലും വിദേശ സഹായത്തില്‍ ‘തിരുത്തല്‍’ വേണ്ടന്ന നിലപാട് അതുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഇതുവരെ അനുവദിച്ച 600 കോടി രൂപയുടെ ധനസഹായത്തിന് പുറമെ ഭക്ഷ്യവകുപ്പ് 50000 മെട്രിക് ടണ്‍ അരിയും ഗോതമ്പും 100 മെട്രിക് ടണ്‍ പയര്‍വര്‍ഗങ്ങളും 12,000 ലിറ്റര്‍ മണ്ണെണ്ണയും കേന്ദ്രവിഹിതമായി അനുവദിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രാലയം 60 ടണ്‍ മരുന്നും ഇതിനകം നല്‍കിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി വീട് നഷ്ടപ്പെട്ടവര്‍ക്കുള്‍പ്പെടെ സാമ്പത്തിക സഹായം നല്‍കാനും റോഡുകളുടെ പുനര്‍ നിര്‍മാണം ഏറ്റെടുത്ത് പെട്ടന്ന് പൂര്‍ത്തീകരിക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. കൂടുതല്‍ സാമ്പത്തിക സഹായം നല്‍കുന്നതിനെക്കുറിച്ച് കേന്ദ്രമന്ത്രിസഭായോഗം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.
യു.എ.ഇ നല്‍കാമെന്നേറ്റ 700 കോടിയുടെ സഹായം കേരളത്തിന് ലഭിക്കുന്നതിന് കേന്ദ്രം തടസ്സം നില്‍ക്കില്ല. പക്ഷേ അത് നിലവിലുള്ള നയത്തില്‍ ഉറച്ച് നിന്നേ സാധിക്കൂ. അതേസമയം, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വിദേശ സഹായം വേണ്ടെങ്കിലും പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ വിദേശ സഹായം തേടുന്നതില്‍ തെറ്റില്ലെന്നാണ് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനും മുന്‍ വിദേശ കാര്യ സെക്രട്ടറി നിരുപമ റാവുവും അഭിപ്രായപ്പെട്ടത്. മന്‍മോഹന്‍സിങ്ങിന്റെ പ്രസ് സെക്രട്ടറിയായിരുന്ന സജ്ഞയ് ബാരുവും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ആഗോള ദാരിദ്ര്യ സൂചികയില്‍ ഇന്ത്യയ്ക്ക് 97-ാം സ്ഥാനം 184 ദശലക്ഷം പേര്‍ പോഷകാഹാരക്കുറവിന്റെ പിടിയില്‍
ഇന്ത്യന്‍ സാമ്പത്തികരംഗം വന്‍ കുതിപ്പിലാണെങ്കിലും ഇന്ത്യയിലെ 184 ദശലക്ഷം പേര്‍ പോഷകാഹാരക്കുറവ് അനുഭവിക്കുകയാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ലോകബാങ്കിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ അഞ്ചുവയസിനു താഴെയുള്ള 48 ശതമാനം കുട്ടികള്‍ വളര്‍ച്ചാമുരടിപ്പിലാണ്. 60 ശതമാനം കുട്ടികള്‍ വിളര്‍ച്ചാബാധിതരും. ഇന്ത്യയിലെ ജനസംഖ്യയില്‍ 70 ശതമാനത്തിനും ലഭിക്കുന്ന സൂക്ഷ്മ പോഷകങ്ങള്‍ ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുള്ള കണക്കിനേക്കാള്‍ 50 ശതമാനം കുറവാണ് ലഭിക്കുന്നത്. ആഗോള പട്ടിണി സൂചിക പ്രകാരം കടുത്ത ദാരിദ്ര്യം നേരിടുന്ന 118 രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് 97-ാം സ്ഥാനമാണുള്ളത്. ചൈന (29), നേപ്പാള്‍ (72), മ്യാന്‍മര്‍ (75), ശ്രീലങ്ക (84), എന്നീ അയല്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ സ്ഥിതി വളരെ പരിതാപകരമാണ്. 2017 ലെ ഈ റിപ്പോർട്ട് ഇന്ത്യക്ക് ഷീണം ആയിരുന്നു .സാമ്പത്തികമായി വൻ കുതിച്ചുചാട്ടം നടത്തുന്നു എന്ന ചിന്ത ലോകരാജ്യങ്ങളിൽ എത്തിക്കാനായി എന്ന് രാജ്യം ചിന്തിക്കുന്ന അവസ്ഥയിൽ ഒരു ചെറിയ സംസ്ഥാനത്തെ പ്രളയ കെടുതിയിൽ ലോകരാജ്യങ്ങളിൽ നിന്നും സഹായം സ്വീകരിച്ചാൽ ഇന്ത്യയുടെ മതിപ്പ് ലോകരാജ്യങ്ങൾക്കിടയിൽ നഷ്ടപ്പെടും എന്നും ചിന്തിക്കുന്നതുണ്ടാകാം .