ചാക്കും ചുമന്ന് പാര്‍വ്വതി, ഏകോപനവുമായി രമ്യ നമ്പീശനും റിമ കല്ലിങ്കലും; പ്രളയ ദുരിതത്തെ നേരിടാന്‍ താരങ്ങള്‍ നേരിട്ടിറങ്ങി

പ്രളയത്തിന്റെ ദുരന്തം അനുഭവിക്കുന്നവര്‍ക്ക് ദുരിതാശ്വാസം വാഗ്ദാനം ചെയ്തത് സംബന്ധിച്ച വിവാദം കൊടുമ്പിരികൊള്ളുന്നതിനിടയില്‍ ചില താരങ്ങളുടെ പ്രവൃത്തി ആരും കൊണാതെ പോകുകയാണ്. തമിഴ് താരങ്ങളുടെ സഹായധനവും മലയാളതാരങ്ങള്‍ എത്ര കൊടുത്തു എന്നതൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. എന്നാല്‍ ഇവരില്‍ പലരും മലയാളതാരങ്ങള്‍ ചെയ്യുന്ന സന്നദ്ധപ്രവര്‍ത്തനങ്ങള്‍ കാണുന്നില്ല എന്നതാണ് സത്യം

മഴക്കെടുതിയുടെ ഇരകള്‍ക്ക് സഹായഹസ്തവുമായി ജില്ലാ ഭരണകൂടത്തോടൊപ്പം അന്‍പോടു കൊച്ചിയും മലയാള സിനിമാ താരങ്ങളും സജീവമായി രംഗത്തുണ്ട്. പാര്‍വതി, റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, പൂര്‍ണിമാ മോഹന്‍ എന്നീ താരങ്ങളാണ് അന്‍പോടു കൊച്ചി എന്ന സംഘടനയ്ക്കൊപ്പം കടവന്ത്രയിലെ റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ നടന്ന പ്രവര്‍ത്തന പരിപാടികളില്‍ പങ്കാളികളായത്.

ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള ആവശ്യമായ സാധനങ്ങളാണ് അന്‍പോടു കൊച്ചി കൂട്ടായ്മ ശേഖരിക്കുന്നത്. കൊച്ചിയില്‍ മാത്രം ദുരിത ബാധിതകര്‍ക്കായി അറുപതില്‍ അധികം ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, സ്‌പെഷ്യല്‍ ഓഫിസര്‍ എം.ജി.രാജമാണിക്ക്യം എന്നിവരുടെ നേതൃത്വത്തില്‍ ആണ് അവശ്യ വസ്തുക്കള്‍ ശേഖരിക്കുന്നത്. ഈ പരിപാടിയില്‍ ഉടനീളം താരങ്ങളും പങ്കെടുത്തു. അവശ്യവസ്തുക്കള്‍ ശേഖരിക്കാനും പാക്ക് ചെയ്യാനുമൊക്കെ താരങ്ങള്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. ഇതിനൊപ്പം സാമൂഹിക മാധ്യമങ്ങളിലും ഇവര്‍ സഹായമഭ്യര്‍ഥിച്ചു.

ദുരന്തബാധിതര്‍ക്കായി മലയാള സിനിമാ താരങ്ങള്‍ ഒന്നും ചെയ്യുന്നില്ലെന്ന രൂക്ഷമായ വിമര്‍ശനമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നിരുന്നത്. എറണാകുളം മാഞ്ഞൂരിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച നടന്‍ ജയസൂര്യ ക്യാമ്പിലെ ആളുകള്‍ക്ക് അരി വിതരണം ചെയ്തു. കൂടുതല്‍ ആളുകള്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി എത്തണമെന്ന് അഭ്യര്‍ത്ഥിച്ചു. വെള്ളം കയറി അലങ്കോലമായ വീടുകള്‍ വൃത്തിയാക്കാന്‍ സഹായം നല്‍കുമെന്നും നടന്‍ പറഞ്ഞു. ദുരന്ത നിവാരണത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം കൊണ്ടുമാത്രം മഴക്കെടുതി നേരിടാന്‍ കഴിയില്ലെന്നും അതിനായി കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ കൈകോര്‍ക്കണമെന്നും ജയസൂര്യ പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയുണ്ട് എന്നാല്‍ എല്ലാ പ്രവര്‍ത്തനത്തിനും സര്‍ക്കാരിനെ മാത്രം ചുമതലപ്പെടുത്തുന്നത് ശരിയല്ലെന്നും നടന്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടന്‍ മോഹന്‍ലാല്‍ 25 ലക്ഷം രൂപ കൈമാറി. നേരത്തെ താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ പത്ത് ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. ജഗദീഷും മുകേഷുമാണ് മുഖ്യമന്ത്രിക്ക് തുക കൈമാറിയത്. പ്രസിഡന്റ് മോഹന്‍ലാലിന്റെ നിര്‍ദേശപ്രകാരമാണ് ഇവര്‍ സംഭാവന കൈമാറിയത്. ആദ്യഘട്ട സഹായമാണ് ഇതെന്നും പിന്നീടും സഹായം നല്‍കുമെന്നുമായിരുന്നു ജഗദീഷ് വ്യക്തമാക്കിയത്.

മമ്മൂട്ടി കഴിഞ്ഞ ദിവസം പുത്തന്‍വേലിക്കരയിലെ ക്യാമ്പില്‍ എത്തിയിരുന്നു. ധൈര്യമായിട്ടിരിക്കാന്‍ മമ്മൂട്ടി ആളുകളോട് ആവശ്യപ്പെട്ടു. മുമ്പ് മഴക്കെടുതി അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി കാര്‍ത്തിയും സൂര്യയും കമല്‍ഹാസനുമുള്‍പ്പെടെയുള്ള തമിഴ് താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഈ അവസരത്തിലാണ് തമിഴ്താരങ്ങളെ പുകഴ്ത്തിയും മലയാള താരങ്ങളെ ഇകഴ്ത്തിയും സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ടായത്.

Top