സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകള്‍ നിയന്ത്രണത്തിലാക്കാന്‍ സിപിഎം ശ്രമം; ചെറുത്ത് തോല്‍പ്പിക്കാന്‍ ജനങ്ങള്‍; കായികമായും അതിക്രമം

കണ്ണൂര്‍: സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളുടെ നിയന്ത്രണം ബലം പ്രയോഗിച്ച് ഏറ്റെടുക്കാന്‍ സിപിഎം ഡിവൈഎഫ്‌ഐ നേതാക്കളുടെ ശ്രമം. സംസ്ഥാനത്തെ പല ക്യാമ്പുകളിലും സിപിഎം നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും നേരിട്ടെത്തി മറ്റുള്ള സന്നദ്ധ സംഘടനകളെയും രാഷ്ട്രീയ സംഘടനകളെയും ബലം പ്രയോഗിച്ച് ഓടിക്കുന്നതായി വ്യാപക പരാതി ഉയരുകയാണ്. കേരള ജനത ഒന്നടങ്കം കൈകോര്‍ത്ത് ഒരു ദുരന്തത്തെ അജിവീവിക്കുന്ന ഈ ഘട്ടത്തില്‍ തരം താഴള്ന്ന രാഷ്ട്രീയക്കളിയാണ് സിപിഎം പുറത്തെടുക്കുന്നതെന്ന് വിമര്‍ശനം ഉയരുന്നു.

പന്തളം എന്‍.എസ്.എസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ റിലീഫ് ക്യാമ്പില്‍ സന്നദ്ധ സേവനമനുഷ്ടിച്ച വളന്റിയര്‍മാരെ സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ സങ്കുചിത രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് ഒഴിപ്പിച്ച റവന്യൂവകുപ്പ് നടപടിക്കെതിരെ ക്യാമ്പിലെ അന്തേവാസികള്‍ പോലീസ് ഉദ്യോഗസ്ഥരെ ഉപരോധിച്ചു.

പത്തിലധികം ഡോക്ടര്‍മാരും 25 ലധികം വനിതാ വാളന്റിയേഴ്‌സും ഫാര്‍മസിസ്റ്റുകളും അടക്കം നൂറോളം വളന്റിയേഴ്‌സാണ് വെള്ളിയാഴ്ചമുതല്‍ ക്യാമ്പ് സുഗമമായും വ്യവസ്ഥാപിതമായും നടത്താനുള്ള ഭൗതിക സാഹചര്യങ്ങളും സംവിധാനങ്ങളും ഒരുക്കിക്കൊണ്ടിരുന്നത്. പ്രതിപക്ഷ നേതാവടക്കം പ്രമുഖരായ നിരവധിപേര്‍ ക്യാമ്പ് സന്ദര്‍ശിച്ച് മികച്ചതും വ്യവസ്ഥാപിതവുമായ ക്യാമ്പെന്ന് സാക്ഷ്യപ്പെടുത്തിയിരുന്നു.

വൈപ്പിന്‍ നായരമ്പലത്ത് ദുരിതാശ്വാസ ക്യാമ്പിലേക്ക് വന്ന ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യ സാധനങ്ങളും പാര്‍ട്ടി ഓഫീസിലേക്ക് മാറ്റാന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉല്ലാസിന്റെ ശ്രമം സംഘര്‍ഷാവസ്ഥയുണ്ടാക്കി. നായരമ്പലം ഭഗവതീവിലാസം സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. നാലായിരത്തോളം പേര്‍ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പാണിത്.

ക്യാമ്പിലേക്കെത്തിയ സാധനങ്ങള്‍ പാര്‍ട്ടി ഓഫീസിലേക്ക് മാറ്റാന്‍ ഉല്ലാസും ഒരു സംഘമാളുകളും ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞതോടെയാണ് വലിയ തോതിലുള്ള സംഘര്‍ഷാവസ്ഥയുണ്ടായത്. സിപിഎമ്മുകാര്‍ വേണ്ടപ്പെട്ടവരോട് വിവേചനം കാണിക്കുകയാണെന്നാണ് ക്യാമ്പില്‍ ഉണ്ടായിരുന്നവര്‍ പറയുന്നത്. പ്രദേശവാസികളും മറ്റിടങ്ങളില്‍ നിന്ന് എത്തിയവരും ക്യാമ്പില്‍ ഉണ്ടായിരുന്നു.

സംഘര്‍ഷാവസ്ഥ ഉണ്ടായതിനെ തുടര്‍ന്ന് പോലീസെത്തിയെങ്കിലും പ്രശ്നം പരിഹരിക്കാനായില്ല. ഇതോടെ വസ്തുക്കള്‍ പോലീസ് സ്റ്റേഷനിലെത്തിച്ച് വിതരണം ചെയ്യാമെന്ന് പോലീസ് അറിയിച്ചു. എന്നാല്‍, ഉല്ലാസും സംഘവും ഇതിനനുവദിച്ചില്ല. ഉല്ലാസ് പോലീസുദ്യോഗസ്ഥന്റെ തലയില്‍ ചാക്കെടുത്ത് വെക്കാന്‍ ശ്രമിക്കുന്നത് ഉള്‍പ്പെടെയുള്ള വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കൊടുങ്ങല്ലൂര്‍ പെരിഞ്ഞനം പഞ്ചായത്തില്‍ നടക്കുന്ന ക്യാമ്പിലേക്ക് ഭക്ഷണമെത്തിക്കുകയും 24 മണിക്കൂര്‍ സൗജന്യ യാത്രയും നടത്തിയ ബുദ്ധമത കൂട്ടായ്മയുടെ വണ്ടി തടയുകയും ഡ്രൈവറെ സിപിഎം പ്രവര്‍ത്തകര്‍ അടിച്ചോടിക്കുകയും ചെയ്തതായും പരാതിയുയര്‍ന്നു.

കളമശ്ശേരി പോളിടെക്‌നികില്‍ നടക്കുന്ന ക്യാമ്പിലും സിപിഎം പ്രവര്‍ത്തകര്‍ എത്തി ഇന്നലെ രാത്രിയോടെ അവിടെ ഉണ്ടായിരുന്ന സന്നദ്ധ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളെ ഇറക്കി വിടുകയും ക്യമ്പിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. എല്ലാം ഇനി ഞങ്ങള്‍ നോക്കിക്കോളാം എന്ന് പറഞ്ഞായിരുന്നു ഇവരുടെ ഗുണ്ടായിസമെന്ന് വളന്റിയറായി വര്‍ക്ക് ചെയ്ത പെണ്‍കുട്ടി ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

Top