ജയിലിൽ കിടന്ന് കവര്‍ച്ച നടപ്പിലാക്കി: കൊടി സുനിയെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം; ജയിലില്‍ ടി.പി. വധക്കേസ് പ്രതിയുടെ സുഖ ജീവിതം ഇങ്ങനെ

കോഴിക്കോട്: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിരുന്ന് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനി കവര്‍ച്ച ആസൂത്രണംചെയ്ത് നടപ്പാക്കി. ടി.പി. വധക്കേസില്‍ ജീവപര്യന്തം തടവനുഭവിക്കുന്ന കൊടി സുനി ജയിലില്‍ അടിപളി ജീവതമാണ് നയിക്കുന്നത്. ഫോണ്‍ വിളിയും ഫെയ്സ് ബുക്ക് ഉപയോഗത്തിനും ഒപ്പമാണ് മോഷണവും ജയിലില്‍ ഇരുന്ന് സുനി നടത്തിയെന്ന് അന്വേഷണ സംഘം. കോഴിക്കോട്ട് കാര്‍ യാത്രക്കാരനെ ആക്രമിച്ച് മൂന്ന് കിലോഗ്രാം കള്ളക്കടത്ത് സ്വര്‍ണം കവര്‍ന്നെന്നാണ് കേസ്.

ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും കോഴിക്കോട്ടെ പൊലീസും സമാന്തരമായി അന്വേഷണം നടത്തുന്ന കേസിലാണ് നിര്‍ണായക വഴിത്തിരിവുണ്ടായിരിക്കുന്നത്. സംഭവത്തില്‍ കൊടി സുനിയെ സെന്‍ട്രല്‍ ജയിലിലെത്തി ചോദ്യം ചെയ്യാന്‍ കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (5) കോടതി പൊലീസിന് അനുമതി നല്‍കി. രണ്ടാഴ്ചയ്ക്കുള്ളില്‍ പൊലീസ് വിയ്യൂര്‍ ജയിലിലെത്തി സുനിയെ ചോദ്യംചെയ്യും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2016 ജൂലായ് 16നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. രാവിലെ ആറോടെ ദേശീയപാതയില്‍ നല്ലളം മോഡേണ്‍ സ്റ്റോപ്പിനുസമീപം കാര്‍ യാത്രക്കാരനെ ആക്രമിച്ചാണ് സ്വര്‍ണം കവര്‍ന്നത്. കവര്‍ച്ചചെയ്യാനും സ്വര്‍ണം മറിച്ചുവില്‍ക്കാനും സുനി ജയിലില്‍നിന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ആസൂത്രണം നടത്തിയെന്നാണ് നല്ലളം പൊലീസ് കണ്ടെത്തിയത്.

നിരവധി പിടിച്ചുപറിക്കേസുകളില്‍ പ്രതിയായ കോഴിക്കോട് പൊക്കുന്ന് സ്വദേശി രഞ്ജിത്ത് എന്ന കാക്ക രഞ്ജിത്ത് (34), കൊല്ലത്തെ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ രാജേഷ് ഖന്ന എന്നിവരുമായി ചേര്‍ന്നാണ് സുനി പദ്ധതി നടപ്പാക്കിയത്. കാക്ക രഞ്ജിത്ത് ഉള്‍പ്പെടെ ആറുപേരാണ് ഇതുവരെ അറസ്റ്റിലായത്. ഈ കേസില്‍ കാക്ക രഞ്ജിത്തിന്റെ കുറ്റസമ്മത മൊഴിയിലും കൊടി സുനിയുടെ ബന്ധം വെളിപ്പെടുത്തുന്നുണ്ട്. രാജേഷ് ഖന്നയെ കാപ്പ നിയമപ്രകാരം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലില്‍ ഇട്ടിരുന്നു.കവര്‍ച്ചക്കേസ് അന്വേഷിച്ച സംഘം 2016 ഓഗസ്റ്റ് 29ന് കാക്ക രഞ്ജിത്തിനെ അറസ്റ്റുചെയ്തിരുന്നു. പിറ്റേന്ന് രാജേഷ് ഖന്ന വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി കൊടി സുനിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ രേഖകളും പൊലീസിന് ലഭിച്ചു.

നാലുപേര്‍ പിടിച്ചുപറി നടത്തിയ സംഘത്തില്‍പ്പെട്ടവരാണ്. അവര്‍ കവര്‍ന്ന സ്വര്‍ണം ഗുരുവായൂരിലെത്തി കാക്ക രഞ്ജിത്തിന് കൈമാറി. കാക്ക രഞ്ജിത്ത് അത് കൊല്ലത്തെത്തി രാജേഷ് ഖന്നയ്ക്ക് നല്‍കി. ടി.പി.കേസില്‍ പ്രതികള്‍ക്കുവേണ്ടി ഹാജരായ ഒരു അഭിഭാഷകന്‍ ഈ കേസിലെ ഒരു പ്രതിക്കുവേണ്ടിയും ഹാജരായിട്ടുണ്ട്. ഈ അഭിഭാഷകനെ ഏര്‍പ്പെടുത്തിയതും സുനി തന്നെയാണെന്നാണ് പൊലീസിന്റെ സംശയം.

ടി.പി. വധക്കേസിലെ കൊലയാളിസംഘാംഗവും മൂന്നാം പ്രതിയുമാണ് കണ്ണൂര്‍ നിടുമ്പ്രം ചൊക്ലി മീത്തലെചാലില്‍ വീട്ടില്‍ എന്‍.കെ. സുനില്‍കുമാര്‍ എന്ന കൊടി സുനി (31). രാപകല്‍ വ്യത്യാസമില്ലാതെ ജയിലിനുള്ളില്‍ മൊബൈല്‍ ഉപയോഗിക്കുന്നതിനുപുറമേ പല കുപ്രസിദ്ധ ക്രിമിനലുകളുമായും ഉയര്‍ന്ന രാഷ്ട്രീയനേതാക്കളുമായും ഇയാള്‍ ഇടതടവില്ലാതെ സംസാരിക്കുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊടി സുനിയുടെ നാട്ടുകാരനായ ഒരാളുടെ പേരിലെടുത്ത മൊബൈല്‍ കണക്ഷന്‍ ഉപയോഗിച്ചാണ് ഈ ഫോണ്‍വിളികളെല്ലാം.

Top