അഴിമതി അന്വേഷിച്ച ഉദ്യോഗസ്ഥന് പീഡനം

ന്യൂഡല്‍ഹി: 600 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന് രണ്ട് ഡാം നിര്‍മിക്കുന്ന കരാറില്‍ പെരുപ്പിച്ച ബില്‍ കാട്ടി 450 കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമമുണ്ടെന്ന് തന്‍െറ അന്വേഷണ റിപ്പോര്‍ട്ടില്‍ ചീഫ് വിജിലന്‍സ് ഓഫിസര്‍ സതീഷ് വര്‍മ എഴുതിയിരുന്നു. മന്ത്രി കിരണ്‍ റിജിജു, ബന്ധുവായ കരാറുകാരന്‍ ഗൊബോയ് റിജിജു, കോര്‍പറേഷന്‍ ചെയര്‍മാന്‍ അടക്കം ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരെ 129 പേജ് വരുന്ന റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഗുജറാത്ത് കാഡര്‍ ഐ.പി.എസ് ഓഫിസറാണ് സതീഷ് വര്‍മ. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ 2004ല്‍ ഗുജറാത്തില്‍ നടന്ന ഇശ്റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസ് അന്വേഷിച്ച മൂന്നംഗ പ്രത്യേക സംഘത്തില്‍ അംഗമായിരുന്നു വര്‍മ. മുന്‍കൂട്ടി ആസൂത്രണം ചെയ്തു നടത്തിയ കൊലയാണിതെന്ന് വര്‍മയുടെ നേതൃത്വത്തിലെ സംഘം കണ്ടത്തെിയിരുന്നു. ഡാം നിര്‍മാണത്തില്‍ അഴിമതി ആരോപിക്കുന്ന റിപ്പോര്‍ട്ട് സതീഷ് വര്‍മ സി.ബി.ഐ, കേന്ദ്ര വിജിലന്‍സ് കമീഷന്‍, ഊര്‍ജമന്ത്രാലയം എന്നിവക്ക് അയച്ചിരുന്നു. രണ്ടുവട്ടം സി.ബി.ഐ മിന്നല്‍ പരിശോധന നടത്തിയെങ്കിലും എഫ്.ഐ.ആര്‍ ഇനിയും രജിസ്റ്റര്‍ ചെയ്തിട്ടില്ല. അതേസമയം റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നാലെ, അനധികൃതമായി ജോലിക്ക് ഹാജരായില്ളെന്ന കാരണം പറഞ്ഞ് ത്രിപുര സി.ആര്‍.പി.എഫിലേക്ക് അദ്ദേഹത്തെ സ്ഥലം മാറ്റി.

Top