ഐപിഎല്‍ വാതുവയ്പ്പ്; അജിത് ചാന്ദിലയ്ക്കു ആജീവനാന്ത വിലക്ക്

മുംബൈ: ഐ പി എല്‍ വാതുവെപ്പുകേസില്‍ പെട്ട ഓഫ് സ്പിന്നര്‍ അജിത് ചാന്ദിലയ്ക്ക് ആജീവനാന്ത വിലക്ക്. ഐ പി എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ആജീവനാന്ത വിലക്ക് ലഭിക്കുന്ന രണ്ടാമത്തെ കളിക്കാരനാണ് 32 കാരനായ ചാന്ദില. നേരത്തെ മലയാളി ഫാസ്റ്റ് ബൗളര്‍ എസ് ശ്രീശാന്തിനെ ബി സി സി ഐ ക്രിക്കറ്റില്‍ നിന്നും വിലക്കിയിരുന്നു. 2013ല്‍ ഐ പി എല്‍ മത്സരങ്ങള്‍ക്കിടെ ഒത്തുകളിച്ചു എന്നതാണ് ഇവര്‍ക്കെതിരായ കുറ്റം. മുംബൈ ക്രിക്കറ്റ് താരമായ ഹികന്‍ ഷായെ ബി സി സി സി 5 വര്‍ഷത്തേക്ക് വിലക്കിയിട്ടുണ്ട്. മുംബൈയിലെ ബി സി സി ഐ ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് അച്ചടക്ക സമിതി ഈ തീരുമാനം എടുത്തത്. ബി സി സി ഐ പ്രസിഡന്റ് ശശാങ്ക് മനോഹര്‍, ജോതിരാദിത്യ സിന്ധ്യ, നിരഞ്ജന്‍ ഷാ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. ഡിസംബര്‍ 24ന് നടന്ന കൂടിക്കാഴ്ചയില്‍ സമിതി കളിക്കാരില്‍ നിന്നും മൊഴിയെടുത്തിരുന്നു. 2013ല്‍ ഐ പി എല്‍ മത്സരങ്ങള്‍ക്കിടെയാണ് അജിത് ചാന്ദിലയെ അറസ്റ്റ് ചെയ്തത്. ഈ സമയത്താണ് മലയാളി താരം ശ്രീശാന്തും അറസ്റ്റിലാകുന്നത്. ശ്രീശാന്തിനെ പിന്നീട് ബി സി സി ഐ കുറ്റക്കാരനെന്ന് കണ്ടെത്തുകയും ആജീവനാന്തം വിലക്കുകയും ചെയ്തിരുന്നു. ചാന്ദിലയെ ബി സി സി ഐ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇപ്പോള്‍ ഈ ശിക്ഷ ആജീവനാന്ത വിലക്കായി മാറ്റിയിരിക്കുകയാണ്. അജിത് ചാന്ദിലയ്ക്ക് ബി സി സി ഐയുടെ ഒരു തരത്തിലും പെട്ട ക്രിക്കറ്റ് മത്സരങ്ങളില്‍ ഇനി പങ്കെടുക്കാന്‍ കഴിയില്ലെന്ന് ബി സി സി ഐ ജനറല്‍ സെക്രട്ടറി അനുരാഗ് താക്കൂര്‍ അറിയിച്ചു. ഐപിഎല്‍ മത്സരത്തിനിടെ പ്രമുഖ കളിക്കാരനെ ഒത്തുകളിക്കു പ്രേരിപ്പിച്ചു എന്ന കുറ്റത്തിനാണ് മുംബൈയുടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരമായ ഹികന്‍ ഷായ്‌ക്കെതിരായ നടപടി..

Top