ഒരു ഗ്രാമത്തിലെ ഒന്നോ രണ്ടോ പേരാണെങ്കിലും കൊല്ലപ്പെട്ടാല്‍ അത് ഗ്രാമത്തിന്റെ മൊത്തം ദുഃഖമായി മാറാറുണ്ട്. അപ്പോള്‍ പിന്നെ ഒരു ഗ്രാമത്തിലെ എല്ലാ പുരുഷന്മാരും തൂക്കിലേറ്റപ്പെട്ടാല്‍ എന്തായിരിക്കും അവസ്ഥ…??. ഇറാനിലെ ഒരു ഗ്രാമത്തിലുള്ളവര്‍ ഈ അവസ്ഥയാണ് ഇപ്പോള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്നത്. ഇറാന്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിയിലുള്ള പ്രദേശമായ സിസ്റ്റന്‍ ആന്‍ഡ് ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ എല്ലാ പുരുഷന്മാരെയുമാണ് മയക്കുമരുന്ന് കുറ്റം ചുമത്തി ഇറാന്‍ തൂക്കിക്കൊന്നിരിക്കുന്നത്. ഒരു മനുഷ്യാവകാശ ഗ്രൂപ്പാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇറാനിലെ വനിതാ കുടുംബകാര്യ വൈസ് പ്രസിഡന്റായ ഷഹിന്‍ഡോഖ്ട് മൊലാവെര്‍ദി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. ഈ ആഴ്ച ആദ്യം സ്‌റ്റേറ്റ് ഏജന്‍സിയായ മെഹറിനോട് സംസാരിക്കവെയാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇവിടുത്തെ പുരുഷന്മാര്‍ തങ്ങളുടെ കുട്ടികളെ മയക്കുമരുന്ന് കടത്തുകാരായി ഉപയോഗിച്ചിരുന്നുവെന്നും അവര്‍ ആരോപിക്കുന്നു.
ഗ്രാമത്തിലെ പുരുഷന്മാരെ ഒരുമിച്ചാണോ തൂക്കിലേറ്റിയതെന്നോ അതല്ല വേറെ വേറെ സമയങ്ങളിലായിട്ടാണോ കൃത്യം നിര്‍വഹിച്ചിരിക്കുന്നതെന്നത് വ്യക്തമായിട്ടില്ല. വധശിക്ഷയുടെ കാര്യത്തില്‍ ലോകത്ത് രണ്ടാംസ്ഥാനമാണ് ഇറാനുള്ളത്. മൂന്നില്‍ രണ്ട് വധശിക്ഷകളും ഇവിടെ നടപ്പിലാക്കുന്നത് മയക്കുമരുന്ന് കടത്ത് കേസുകളുടെ പേരിലാണ്. അഫ്ഗാനിസ്ഥാനോടും പാക്കിസ്ഥാനോടും ചേര്‍ന്ന് കിടക്കുന്ന ഈ ഇറാനിയന്‍ പ്രദേശത്ത് കള്ളക്കടത്തിന്റെ പേരിലും മയക്കുമരുന്ന് കടത്തിന്റെ പേരിലും കലാപങ്ങള്‍ പതിവാണ്. അതിനെ തുടര്‍ന്ന് ആയിരക്കണക്കിന് പേര്‍ ഇവിടെ കൊല്ലപ്പെടാറുമുണ്ട്. കഴിഞ്ഞ വര്‍ഷം ഇവിടെ 900 പേരെ തൂക്കിലേറ്റിയിരുന്നു. ഇതില്‍ 600 ഉം മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടിട്ടായിരുന്നു.ഈ വര്‍ഷം 31പേരെ തൂക്കിലേറ്റിയിട്ടുണ്ട്.
ഇറാനില്‍ വധശിക്ഷ നടപ്പിലാക്കുന്ന പ്രവണത വര്‍ധിച്ച് വരുകയാണെന്നാണ് റിപ്രൈവിലെ ഡെത്ത് പെനാല്‍ട്ടി ടീമിന്റെ തലവനായ മായ ഫോയ ചൂണ്ടിക്കാട്ടുന്നത്. അറസ്റ്റ്, പീഡനം, നീതീകരിക്കാനാവാത്ത വിചാരണ തുടങ്ങിയവയ്ക്ക് ശേഷമാണിത്തരം വധശിക്ഷകള്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. ഇതിന് ഉത്തരവാദികളായ പൊലീസിനെ യുഎന്നും അതിന്റെ ഫണ്ടര്‍മാരും പിന്തുണയ്ക്കുന്നുവെന്നത് ലജ്ജാകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മയക്കുമരുന്ന് കേസുകളില്‍ ഇറാനില്‍ വധശിക്ഷ വിധിക്കുന്നത് അവസാനിപ്പിക്കുന്നതിന് വേണ്ടത് ചെയ്യാന്‍ യുഎന്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.