നടി ശ്രീദേവിയുടെ വിയോഗം സൃഷ്ടിച്ച വേദനകള്‍ വിട്ടു മായുന്നതിനും മുന്‍പ് മറ്റൊരു ദുഃഖം കൂടി ബോളിവുഡിനെ തേടി എത്തുകയാണ്. ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്റെ രോഗ വിവരമാണ്. താരത്തിന്റെ അസുഖ വാര്‍ത്ത ബോളിവുഡിനേയും ആരാധകരേയും ഒന്നടങ്കം ഞെട്ടിച്ചിട്ടുണ്ട്. ഇര്‍ഫാന്‍ ഖാന്‍ തന്നെയാണ് അസുഖത്തെ കുറിച്ച് തുറന്നു പറഞ്ഞത്. താന്‍ ഒരു അപൂര്‍വ്വ രോഗത്തിന്റെ പിടിയിലാണെന്നും തളരാതെ പോരാടുമെന്നും താരം ട്വീറ്റ് ചെയ്തിരുന്നു. ഇപ്പോള്‍ ബോളിവുഡിലെ ചര്‍ച്ച വിഷയം ഇര്‍ഫാന്‍ ഖാന്റെ അസുഖത്തെ കുറിച്ചാണ്. നിരവധി ഊഹാപോഹങ്ങളാണ് അസുഖത്തെ കുറിച്ചു പ്രചരിക്കുന്നത്. ഇര്‍ഫാന്‍ ഖാന് തലച്ചോറില്‍ ക്യാന്‍സറാണെന്നാണ് പ്രചരിക്കുന്ന വാര്‍ത്ത. കൂടാതെ താരത്തിന്റെ അവസ്ഥ ഗുരുതരമാണെത്ര. ഇതിനെ തുടര്‍ന്ന് കോകിലബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. അതേ സമയം മാധ്യമങ്ങളില്‍ കൂടി പ്രചരിക്കുന്ന വാര്‍ത്തകളെ ഖണ്ഡിക്കും വിധം താരത്തിന്റെ ഏറ്റവും അടുത്ത സുഹൃത്ത് കോമല്‍ നാഹ്ത രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ അക്ഷരം പ്രതി തെറ്റാണ്. കൂടാതെ ദൈവത്തിന്റെ അനുഗ്രഹത്താല്‍ അദ്ദേഹം ഇപ്പോഴും ദില്ലിയില്‍ സുഖമായി ഇരിക്കുന്നുണ്ടെന്നും കോമല്‍ പറഞ്ഞു. തന്റെ രോഗ വിവരം ആരാധകരോട് പങ്കുവെച്ചപ്പോള്‍ തന്നെ അസുഖത്തെ കുറിച്ച് വ്യാജ വാര്‍ത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുതെന്നു താരം പറഞ്ഞിരുന്നു. രോഗത്തെ കുറിച്ചുള്ള ചെറിയ വിവരം മാത്രമേ തനിയ്ക്ക് ലഭിച്ചിട്ടുള്ളു. രോഗനിര്‍ണ്ണയത്തിനായി കൂടുതല്‍ പരിശോധനകള്‍ ആവശ്യമുണ്ട്. പത്തു ദിവസത്തിനകം കൂടുതല്‍ കാര്യങ്ങള്‍ ആരാധകരെ താന്‍ തന്നെ അറിയിക്കുമെന്നു ഇര്‍ഫാന്‍ ഖാന്‍ ട്വീറ്റ് ചെയ്തിരുന്നു. വിശാല്‍ ഭരദ്വരാജിന്റെ പുതിയ ചിത്രമാണ് താരത്തിന്റെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ് താല്‍ക്കാലികമായി നീട്ടിവെച്ചിരിക്കുകയാണ്. ഇര്‍ഫാന്‍ ഖാന്‍ മഞ്ഞപിത്തമായതിനാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് താല്‍ക്കാലികമായി നീട്ടിവെയ്ക്കുന്നു എന്ന് സംവിധായകന്‍ വിശാല്‍ ഭരദ്വരാജ് ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ആരാധകരേയും സഹപ്രവര്‍ത്തകരേയും ഞെട്ടിക്കും വിധം ഇര്‍ഫാന്‍ഖന്റെ ട്വീറ്റ് പുറത്തു വന്നത്. ഇപ്പോള്‍ താരത്തിനുള്ള പ്രാര്‍ത്ഥനയിലാണ് ആരാധകര്‍.
ഇര്‍ഫാന്‍ ഖാന് തലച്ചോറില്‍ ക്യാന്‍സര്‍; പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി താരത്തിന്റെ സുഹൃത്ത്
Tags: irfan khan