നിങ്ങള്‍ വിചാരിച്ച പോലെയല്ല, എന്റെ രോഗം ഇതാണ്; തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ ഖാന്‍

ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന് അപൂര്‍വ രോഗം ബാധിച്ചതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പലതരത്തിലുള്ള പ്രചരണങ്ങളാണ് താരത്തിന്റെ അസുഖവുമായി ചുറ്റിപറ്റി നടന്നത്. ഇപ്പോഴിതാ അദ്ദേഹം തന്നെ രോഗവിവരത്തെക്കുറിച്ചും ആരോഗ്യസ്ഥിതിയെക്കുറിച്ചും വ്യക്തമാക്കിയിരിക്കുന്നു. ‘പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് നമ്മെ വളരാന്‍ സഹായിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എനിക്ക് മനസ്സിലായതും അതാണ്. എനിക്ക് ട്യൂമറാണെന്ന (വയറിലെ ആന്തരികാവയവങ്ങളില്‍) സത്യം വളരെ വിഷമത്തോടെയാണ് അംഗീകരിച്ചതെങ്കിലും ചുറ്റുമുള്ളവരുടെ സ്‌നേഹവും കരുതലും ശക്തിയും പ്രതീക്ഷ പകരുന്നതാണ്. ചികിത്സക്കായി ഞാന്‍ ഇപ്പോള്‍ വിദേശത്താണ്. ‘ന്യൂറോ എന്നുപറയുന്നത് തലച്ചോറുമായി മാത്രം ബന്ധപ്പെട്ട ഒന്നല്ല, കൂടുതല്‍ അറിയണമെങ്കില്‍ ഗൂഗിളില്‍ ചെന്ന് റിസര്‍ച്ച് ചെയ്യൂ. നിങ്ങളെല്ലാവരുടെയും പ്രാര്‍ത്ഥനകളും ആശംസകളും ഉണ്ടാകണം. എന്റെ വാക്കുകള്‍ക്കായി കാത്തിരിക്കുന്നവര്‍ക്കായി കൂടുതല്‍ പറയാന്‍ ഞാന്‍ വീണ്ടും വരുന്നതായിരിക്കും.’-ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞു. മാര്‍ച്ച് അഞ്ചിനാണ് താന്‍ അസുഖബാധിതനാണെന്ന വിവരം ട്വിറ്ററിലൂടെ താരം വെളിപ്പെടുത്തുന്നത്. രോഗനിര്‍ണയത്തിന് ശേഷം പത്തുദിവസത്തിനകം കുടുതല്‍ കാര്യങ്ങള്‍ നിങ്ങളെ ഞാന്‍ തന്നെ അറിയിക്കുന്നതാണെന്നും താരം ട്വിറ്ററില്‍ കുറിച്ചു. ഡോക്ടര്‍മാര്‍ പൂര്‍ണവിശ്രമം ആവശ്യപ്പെട്ടിരിക്കുന്നതിനാല്‍ സിനിമകളി നിന്നെല്ലാം അവധി എടുത്തിരിക്കുകയാണ് ഇര്‍ഫാന്‍. പൊളിറ്റിക്കല്‍ സറ്റയര്‍ സീരീസ് ദ് മിനിസ്ട്രിയുടെ ഷൂട്ടിംഗിനായി പഞ്ചാബിലേക്ക് പോകാനിരിക്കുകയായിരുന്നു അദ്ദേഹം. അതോടൊപ്പം തന്നെ ബ്ലാക്ക്‌മെയിലിന്റെ പ്രമോഷനിലും പങ്കെടുക്കേണ്ടതുണ്ട്. അതിനിടയിലാണ് താരത്തിന് അസുഖം പിടിപെട്ടത്.

Top