ന്യൂഡൽഹി :ഇന്ത്യൻ ക്രിക്കറ്റിനെ വിസ്മയിപ്പിച്ച ഇർഫാൻ പഠാൻ വിരമിച്ചു. ഏഴു വർഷം മുൻപാണ് ഒരു രാജ്യാന്തര മൽസരം കളിച്ചതെങ്കിലും പഠാൻ ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപനം നടത്തിയത് ഇന്നലെയാണ്.
ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
2007 ൽ പ്രഥമ ട്വന്റി20 ലോകകപ്പ് ഇന്ത്യ ഉയർത്തുമ്പോൾ കലാശക്കളിയിൽ മാൻ ഓഫ് ദ് മാച്ച് പഠാനായിരുന്നു. ഫൈനലിൽ പാക്കിസ്ഥാനെതിരെ 16 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ പഠാന്റെ പ്രകടനം ഇന്ത്യയുടെ കിരീട വിജയത്തിൽ നിർണായകമായി.രാജ്യത്തിനു വേണ്ടി 29 ടെസ്റ്റുകളും 120 ഏകദിനങ്ങളും 24 ട്വന്റി 20 മൽസരങ്ങളും കളിച്ചു.ആകെ 301 രാജ്യാന്തര വിക്കറ്റുകൾ കൊയ്തു. 2003 ൽ ഓസ്ട്രേലിയക്കെതിരെ അഡലെയ്ഡ് ടെസ്റ്റിൽ അരങ്ങേറുമ്പോൾ പഠാനു പ്രായം 19 മാത്രം.
വഡോദരയിലെ കൊച്ചു വീട്ടിൽ ഒരു മദ്രസ അധ്യാപകന്റെ മകനായി ജനിച്ച ഇർഫാൻ പഠാന്റെ ഇന്ത്യൻ ടീം അരങ്ങേറ്റം ആരാധകരുടെ ആവേശമായിരുന്നു അന്ന്. പിന്നീട് സഹോദരൻ യൂസഫ് പഠാൻ കൂടി ഇന്ത്യൻ ടീമിലെത്തിയതോടെ പഠാൻ സഹോദരൻമാർ ഹിറ്റ്മേക്കേഴ്സായി.2012 ട്വന്റി 20 ലോകകപ്പിൽ ശ്രീലങ്കക്കെതിരെ കൊളംബോയിലാണ് പഠാൻ ഒടുവിൽ രാജ്യാന്തര മൽസരം കളിച്ചത്.
ടെസ്റ്റിൽ ഹാട്രിക് നേടിയ മൂന്ന് ഇന്ത്യൻ ബോളർമാരിലൊരാളാണ് പഠാൻ. അപാരമായ പേസ് ഇല്ലായിരുന്നെങ്കിലും പന്തിനെ സ്വിങ് ചെയ്യാനുള്ള കഴിവുകൊണ്ടാണ് പഠാൻ മികവുകാട്ടിയത്. ബാറ്റിങ്ങിലും മിന്നലാക്രമണം നടത്തിയ പഠാൻ കപിൽദേവിന്റെ പിൻമുറക്കാരനാണെന്നും ക്രിക്കറ്റ് ലോകം വാഴ്ത്തി.ഒരു ഘട്ടത്തിൽ ഇന്ത്യൻ ടീമിന്റെ ഓപ്പണറായും മൂന്നാമനായും ബാറ്റേന്തി. ഫോമിൽ വിരാജിക്കുമ്പോൾ ഇന്ത്യൻ ടീം കോച്ച് ആയിരുന്ന ഗ്രെഗ് ചാപ്പലാണ് ബാറ്റിങ്ങിൽ സ്ഥാനക്കയറ്റം നൽകിയത്. 2010 നു ശേഷം കാര്യമായി തിളങ്ങാനായില്ല.