തനിക്ക് അപൂര്‍വ രോഗമുണ്ടെന്ന് ഇര്‍ഫാന്‍ ഖാന്‍; വിശദ വിവരം ഒരാഴ്ചക്കകം അറിയിക്കാം

ആരാധകരെ ആശങ്കയിലാക്കി ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്റെ ട്വീറ്റ്. തനിക്ക് അപൂര്‍വ രോഗമുണ്ടെന്ന് ഇര്‍ഫാന്‍ ഖാന്‍ ട്വിറ്ററിലൂടെ അറിയിച്ചു. ഇക്കാര്യത്തില്‍ വിശദ വിവരങ്ങള്‍ ഒരാഴ്ചക്കുള്ളിലോ പത്ത് ദിവസത്തിനുള്ളിലോ അറിയിക്കാമെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ദുഷ്‌കരമായ ഈ ഘട്ടത്തില്‍ കുടുംബവും സുഹൃത്തുക്കളും തന്നോടൊപ്പമുണ്ട്. രോഗനിര്‍ണയത്തിന് ശേഷം കാര്യങ്ങള്‍ വ്യക്തമാക്കാമെന്നും ഇര്‍ഫാന്‍ അറിയിച്ചു. നേരത്തെ ഇര്‍ഫാന്‍ ഖാനെ വിശാല്‍ ഭരദ്വാജിന്റെ ചിത്രത്തില്‍ നിന്ന് മാറ്റിയിരുന്നു. മഞ്ഞപ്പിത്തമായതിനാലാണ് മാറ്റിയതെന്നായിരുന്നു വിശദീകരണം. എന്നാല്‍ ഡോക്ടര്‍മാര്‍ പൂര്‍ണവിശ്രമം ആവശ്യപ്പെട്ടിരിക്കുന്നതിനാല്‍ സിനിമകളില്‍ നിന്നെല്ലാം അവധി എടുത്തിരിക്കുകയാണ് താരം. പൊളിറ്റിക്കല്‍ സറ്റയര്‍ സീരീസ് ദ് മിനിസ്ട്രിയുടെ ഷൂട്ടിംഗിനായി പഞ്ചാബിലേക്ക് പോകാനിരിക്കുകയായിരുന്നു ഇര്‍ഫാന്‍ ഖാന്‍. ബ്ലാക്ക്‌മെയിലിന്റെ പ്രൊമോഷന്‍ പരിപാടികളിലും പങ്കെടുക്കേണ്ടിയിരുന്നതാണ്. ഇര്‍ഫാന്‍ ഖാന്‍ ഏറ്റെടുത്ത എല്ലാ ജോലികളും റീഷെഡ്യൂള്‍ ചെയ്യുകയാണെന്ന് അദ്ദേഹത്തിന്റെ പിആര്‍ ടീം അറിയിച്ചു. ആമസോണ്‍ പ്രൈമിന്റെ വീഡിയോ സീരീസാണ് ദ് മിനിസ്ട്രി. അതിന് ശേഷം വിശാല്‍ ഭരദ്വാജ് ചിത്രത്തിലാണ് ഇര്‍ഫാന്‍ അഭിനയിക്കാനിരിക്കുന്നത്. അതിന് ശേഷമാണ് ഹിന്ദി മീഡിയം 2 ഷൂട്ടിംഗ്.

Top