തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ സുരക്ഷിത പാളയങ്ങള്‍ തേടി നിയുക്ത സ്ഥാനാര്‍ത്ഥികള്‍ ഓട്ടം തുടങ്ങി. പല പ്രമുഖരും തോല്‍വി ഭയന്ന് നിലവിലെ മണ്ഡലങ്ങള്‍ മാറാനുള്ള നീക്കവും ശക്തമാണ്. ആ കൂട്ടത്തിലാണ് കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂരില്‍ നിന്നുള്ള മന്ത്രി കെസി ജോസഫും. ആറ് തവണയായി ഇരിക്കൂറില്‍ നിന്ന് നിയമ സഭയിലെത്തിയ കെസി ജോസഫ് ഇത്തവണ മണ്ഡലം മാറുമെന്ന കാര്യത്തില്‍ ഏകദേശം തീരുമാനമായതായാണ് സൂചന.
നിലവിലെ സാഹചര്യത്തില്‍ ഇരിക്കൂര്‍ മണ്ഡലം മന്ത്രിക്ക് വിജയ പ്രതീക്ഷ നല്‍കുന്നില്ലെന്നാണ് മണ്ഡലത്തിലെ യുഎഡിഎഫ് നേതാക്കളുടെ വിലയിരുത്തല്‍ അത് കൊണ്ട് തന്നെ സിറ്റിങ് മണ്ഡലം നഷ്ടപ്പെടാതിരിക്കാന്‍ മന്ത്രി മണ്ഡലം മാറുന്നതാണ് നല്ലതെന്ന് ഇവര്‍ പറയുന്നു. കെസി ജോസഫും ഈ വാദത്തോട് യോജിക്കുന്നുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. എന്നാല്‍ വിജയ പ്രതീക്ഷയുളള മണ്ഡലം കെസി ജോസഫിനായി കണ്ടെത്തുക എന്നതാണ് യുഎഡിഎഫിന് തലവേദനയാകുന്നത്.
കെസി ജോസഫ് ഇരിക്കൂറിറില്‍ നിന്നും മാറിയാല്‍ പിന്നെ നറുക്ക് വീഴുക കെപിസിസി ജനറല്‍ സെക്രട്ടറി സജീവ് ജോസഫിനായിരിക്കും. കഴിഞ്ഞ തവണത്തെ നിയമസഭാ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചെങ്കിലും ചുണ്ടിനും കപ്പിനുമിടയിലാണ് സജീവിന് സ്ഥാനാര്‍ത്ഥിത്വം നഷ്ടപ്പെട്ടത്. കഴിഞ്ഞ തവണ പേരാവൂര്‍ മണ്ഡലത്തില്‍ സജീവിനെ മത്സരിപ്പിക്കാന്‍ തീരുമാനമുണ്ടായിരുന്നെങ്കിലും അവസാന നിമിഷം എ ഐ സി സി പട്ടികയില്‍ നിന്ന് വെട്ടുകയായിരുന്നു. പേരാവൂരില്‍ സണ്ണി ജോസഫിന് സീറ്റ് ഉറപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിയും കെ സി ജോസഫും നടത്തിയ ചരടുവലികള്‍ വിജയം കാണുകയായിരുന്നു.
ഇരിക്കൂര്‍ മണ്ഡലത്തില്‍ കെസി ജോസഫിന്റെ വിജയത്തിന് ഭീഷണിയായി കെ സുധാകരന്റെ നീക്കമുണ്ടാകാതിരിക്കാനാണ് സണ്ണിജോസഫിന് ഇരുവരും അന്ന് പിന്തുണ നല്‍കിയത്. ഇത്തവണ പേരാവൂരില്‍ നിന്ന് സണ്ണി ജോസഫും മറ്റ് മണ്ഡലത്തിലേക്ക് മാറാനാണ് നീക്കം നടത്തുന്നത്. പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുന്ന കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ ജെ ജോസഫ് ഇടതു സ്വതന്ത്രനായി പേരാവൂരില്‍ സ്ഥാനാര്‍ത്ഥിയാകാനും സാധ്യതകളുണ്ട്.
മന്ത്രി ജോസഫിന് കേരള കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ ചങ്ങനാശ്ശേരി നല്‍കി കേരളാ കോണ്‍ഗ്രസിന് ഇടുക്കിയില്‍ മറ്റൊരു സീറ്റു മാറി നല്‍കാനും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. തങ്ങളുടെ കുത്തക സീറ്റായ ചങ്ങനാശ്ശേരിയി വിട്ടു നല്‍കാന്‍ കേരള കോണ്‍ഗ്രസ് തയ്യാറാകുമോ എന്നതാണ് മറ്റൊരു കാര്യം. കഴിഞ്ഞ എട്ട് തവണ കേരള കോണ്‍ഗ്രസ് നേതാവ് സിഎഫ് തോമസാണ് ചങ്ങനാശ്ശേരിയില്‍ നിന്ന് നിയമ സഭയിലെത്തുന്നത്. ഇത്തവണ മത്സരം കടക്കുമെങ്കിലും മണ്ഡലം മാറുന്ന കാര്യത്തില്‍ കേരള കോണ്‍ഗ്രസ് നേതാക്കള്‍ തീരുമാനം അറിയിച്ചിട്ടില്ലെന്നാണ് സൂചന. അതേസമയം ഇരിക്കൂരില്‍ താന്‍വ മത്സരിക്കണമോ എന്നകാര്യം പാര്‍ട്ടിയാണ് തീരുമാനിക്കുന്നതെന്ന് കെസി ജോസഫ് പറഞ്ഞു.