കണ്ണൂര്‍: ഇരിക്കൂറില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും പുതിയ തലവേദനയായി നേതക്കളുടെ അഴിമതി കഥകളും. കെസി ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ വ്യാപകമായ പ്രതിഷേധം പുകയുന്നതിനിടയിലാണ് കെസി ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന നേതാവ് സോണി സെബാസ്റ്റ്യന്റെ അഴിമതി ചര്‍ച്ചയാകുന്നത്.
മണ്ഡലത്തില്‍ തിരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിലച്ചതോടെ പ്രവര്‍ത്തകരെ ചാക്കിട്ടു പിടിക്കാന്‍ മുന്‍പന്തിയിലുള്ള സോണി സെബാസ്റ്റ്യനോട് പ്രവര്‍ത്തകര്‍ മുഖത്ത് നോക്കി തന്നെ അഴിമതികാര്യങ്ങള്‍ ചോദിച്ചു തുടങ്ങി. കര്‍ഷകരില്‍നിന്ന് റബര്‍ സംഭരിക്കുന്നതിനുവേണ്ടി മാര്‍ക്കറ്റ് ഫെഡ് വഴി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയില്‍ കര്‍ഷകര്‍ക്ക് നഷ്ടമുണ്ടാക്കി ലക്ഷങ്ങള്‍ അഴിമതി നടത്തിയെന്ന പരാതി വിജിലന്‍സ് അന്വേഷണത്തിലാണ്. അന്നത്തെ മാര്‍ക്കറ്റ് ഫെഡ് എംഡി ടോമിന്‍ തചങ്കരിയും ആലക്കോട് റബ്ബര്‍ ആന്റ് അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റിങ് സഹകരണ സംഘം പ്രസിഡന്റായിരുന്ന അഡ്വ സോണി സെബാസ്റ്റ്യനും ഈ കേസില്‍ പ്രതികളാണ്.
വിജിലന്‍സ് അന്വേഷണം നേരിടുന്ന കോണ്‍ഗ്രസ് നേതാവിനെ മുന്‍ നിര്‍ത്തി തിരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ട് പോയാല്‍ പരാജയം പ്രവചനാതീതമായിരിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചൂണ്ടികാട്ടുന്നു. ടോമിന്‍ തച്ചങ്കരിക്കൊപ്പം കൂട്ടുപ്രതിയായി ലോകായുക്തിലും, കണ്ണൂര്‍ വിജിലന്‍സ് കോടതിയിലും ഈ കേസുകള്‍ തുടരുകയാണ്. ഒരു ഭാഗത്ത് കെസിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരായ പ്രവര്‍ത്തകരുടേയും അനുഭാവികളുടേയും പ്രതിഷേധം മറുഭാഗത്ത് തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കുന്ന നേതാവിന്റെ അഴിമതി. എല്ലാം കൊണ്ടും ഇരിക്കൂര്‍ മണ്ഡലം കോണ്‍ഗ്രസിന് കടുത്ത തലവേദനയായി മാറുകയാണ്.
സോണിസെബാസ്റ്റ്യന്റെ അഴിമതി കഥകള്‍ എതിര്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചരാണായുധമാക്കി മാറ്റിയതോടെ സോണിയെ അണിയറയിലേക്ക് മാറ്റണമെന്ന് യുഡിഎഫിലെ ഘടക കക്ഷികളും ആവശ്യപ്പെടുകഴിഞ്ഞതായാണ് വിവരം. സോണിക്കെതിരായുള്ള ആരോപണങ്ങള്‍ യുഡിഎഫിലെ ഘടകകക്ഷികള്‍ക്കും പുലിവാലായി മാറുമെന്നതാണ് യാഥാര്‍ത്ഥ്യം. കെസി ജോസഫിനെതായ പ്രതിഷേധം തുടരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് ഉമ്മന്‍ചാണ്ടിയുടെ വലംകയ്യായ സോണിക്കെതിരെയും ആദ്യം ആരോപണം ഉന്നയിച്ചത്. കെസി ജോസഫിനെ മാറ്റി നേരത്തെ സോണി സെബാസ്റ്റ്യനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിച്ചിരുന്നെങ്കിലും അഴിമതി കേസാണ് തടയായിമാറിയത്. റബ്ബര്‍ കര്‍ഷകരെ വഞ്ചിച്ചുവെന്നാരോപണമുളള നേതാവിനെ 80 ശതമാനത്തിലധികം കര്‍ഷകരുള്ള മണ്ഡലത്തില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ക്രൈസ്തവ സഭകളും പറയുന്നു. ഇതോടെ കെസി ജോസഫിന് പ്രവര്‍ത്തകരെ കോട്ടയത്ത് നിന്ന് ഇറക്കേണ്ട അവസ്ഥായാണ്.