പകരക്കാരനെ പകരം നൽകി കെ.സി ജോസഫ് ഇരിക്കൂരിൽ നിന്നും കോട്ടയത്തേയ്ക്കു മടങ്ങും: കേരള കോൺഗ്രസിൽ നിന്നും ഏറ്റെടുക്കുന്ന ചങ്ങനാശേരിയിൽ കെ.സി മത്സരിക്കും; കണ്ണൂരിലും കോട്ടയത്തും ഒരു പോലെ എതിർപ്പ് ശക്തം

കോട്ടയം: ഇക്കുറി ഇരിക്കൂറിൽ സേഫാകില്ലെന്നുറപ്പിച്ച് കെ.സി ജോസഫ് ചങ്ങനാശേരിയിലേയ്ക്കു വണ്ടി കയറുന്നു. തന്റെ വിശ്വസ്തനെ തന്നെ ഇരിക്കൂറിൽ സ്ഥാനാർത്ഥിയാകാൻ പകരം നിർദേശിച്ച ശേഷമാവും കെ.സി ജോസഫ് സുരക്ഷിത സീറ്റായി കരുതുന്ന ചങ്ങനാശേരിയിലേയ്ക്കു വണ്ടി കയറുകയെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന സൂചന. നാലു പതിറ്റാണ്ടായി ഇരിക്കൂറിന്റെ എം.എൽ.എയായി തുടരുന്ന കെ.സിയ്ക്കു ഇക്കുറി കാര്യങ്ങൾ അത്ര പന്തിയല്ല. പാർട്ടിയിലും, യു.ഡി.എഫിലും സ്വന്തം ഗ്രൂപ്പിലും എതിർശബ്ദം ഉയർന്നു തുടങ്ങിയതോടെയാണ് ഇപ്പോൾ കെ.സി താവളം മാറ്റാനൊരുങ്ങുന്നത്.

കെ.സിയുടെ വിശ്വസ്തനായ കെ.പി.സി.സി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യനെയാണ് എ വിഭാഗം ഇത്തവണ ഇരിക്കൂറിലേക്ക് പരിഗണിക്കുന്നത്. യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി മാത്യു. യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താവ് ജോഷി കണ്ടത്തിൽ എന്നിവരെയും പരിഗണിക്കുന്നുണ്ട്. എന്നാൽ, കെ.സി ജോസഫ് നിർദേശിയ്ക്കുന്ന ആൾക്കു തന്നെയാവും ഏറ്റവും ഒടുവിൽ ഇരിക്കൂരിൽ നിന്നും നറക്കു വീഴുക.

1982ലാണ് സ്വന്തം നാടായ കോട്ടയത്ത് നിന്നും കെ.സി ജോസഫ് ആദ്യമായി ഇരിക്കൂറിലെത്തുന്നത്. തുടർന്ന് തുടർച്ചയായി എട്ട് തവണ ഇവിടെ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതിനിടെ ഇരിക്കൂറിന്റെ എം.എൽ.എയായി തുടർന്ന കെ.സി കോട്ടയം ജില്ലയിലെ കോൺഗ്രസിന്റെ അദ്ധ്യക്ഷനുമായി. ഇത്തവണ പക്ഷേ കോട്ടയത്തേക്ക് തിരികെ മടങ്ങാനുളള തയ്യാറെടുപ്പിലാണ് കെ.സി ജോസഫ്.

എതിർപ്പുകൾ പലവട്ടം നേരിട്ടിട്ടുണ്ട് കെ.സി ജോസഫ്. പാർട്ടിക്കകത്ത് നിന്നും പുറത്ത് നിന്നും. പാർട്ടിക്കുളളിലെ കലാപം തെരുവിലേക്ക് പടർന്നിട്ടും കഴിഞ്ഞ തവണ 9647 വോട്ടുകൾക്ക് ഇരിക്കൂർ കെ.സിയെ നിയമസഭയിലേക്കയച്ചു. എന്നാൽ ഇത്തവണ കാര്യങ്ങൾ പഴയത് പോലെയല്ല. പാർട്ടിക്കുളളിൽ മാത്രമല്ല സ്വന്തം ഗ്രൂപ്പിനുളളിലും കെ.സിക്കെതിരെ പടയൊരുക്കം തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് തദ്ദേശ തെരഞ്ഞെടുപ്പിലും ആടിയുലയാതെ നിന്ന ഇരിക്കൂറിനെ വിട്ട് കോട്ടയത്തേക്ക് മടങ്ങാൻ കെ.സി തയ്യാറെടുക്കുന്നത്.

കേരള കോൺഗ്രസിൻറെ ശക്തിദുർഗമായ ചങ്ങനാശേരിയാണ് കോൺഗ്രസ് കെ.സി ജോസഫിനായി കണ്ടുവെച്ചിരിക്കുന്നതെന്നാണ് സൂചന. 1980 മുതൽ സി.എഫ് തോമസായിരുന്നു ഇവിടുത്തെ നിയമസഭാംഗം. ജോസ് വിഭാഗം മുന്നണി മാറിയതോടെ ഈ സീറ്റ് ഏറ്റെടുക്കാനാണ് കോൺഗ്രസിൻറെ തീരുമാനം. മണ്ഡലം മാറിയാലും കെ.സി ജോസഫ് നിർദേശിക്കുന്ന ഒരാൾക്ക് തന്നെയാവും ഇരിക്കൂറിൽ സ്ഥാനാർഥി സാധ്യത.

Top