സ്വന്തം ലേഖകൻ
ഇരിക്കൂർ: മൂന്നര പതിറ്റാണ്ടായി ഇരിക്കൂറിന്റെ എംഎൽഎയും മന്ത്രിയുമായി തുടരുന്ന കെ.സി ജോസഫ് കഴിഞ്ഞ അഞ്ചു വർഷം കൊണ്ടു മാത്രം അനധികൃതമായി സമ്പാദിച്ചത് രണ്ടു കോടിയ്ക്കടുത്തു രൂപയെന്നു പരാതി. തലശേരി സ്‌പെഷ്യൽ ജഡ്ജ് ആൻഡ് എൻക്വയറി കമ്മിഷൻ (വിജിലൻസ്) ജഡ്ജി മുൻപാകെ കണ്ണൂർ ഇരിട്ടി പെരിങ്കറി ആറാക്കൽ വീട്ടിൽ കുര്യാക്കോസ് മകൻ എ.കെ ഷാജിയാണ് കെ.സി ജോസഫ് മന്ത്രിയായിരുന്ന് അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി കാട്ടി മന്ത്രി കെ.സി ജോസഫിനെതിരെ പരാതി നൽകിയിരിക്കുന്നത്.
2011 ലും ഇത്തവണയും കെ.സി ജോസഫ് സമർപ്പിച്ച സ്വത്ത് വിവരത്തിലാണ് വ്യാപകമായ രീതിയിൽ ക്രമക്കേടുണ്ടെന്നു ആരോപണം ഉയർന്നിരിക്കുന്നത്. 2011 ൽ കെസി സമർപ്പിച്ച സ്വത്ത് വിവര പ്രകാരം അദ്ദേഹത്തിനു 57,500 രൂപയും, ഭാര്യയ്ക്കു 10,50000 ഉം ആദ്യ ആശ്രിതനു 36000 വുഉം രണ്ടാം ആശ്രിതനും 36,000 ഉം രൂപയുടെ വീതം ആസ്തിയുണ്ടെന്നാണ്. അദ്ദേഹത്തിനും കുടുംബത്തിനുമായി ആകെ ജംഗമ ആസ്തി വരുമാനം 1,69700 ഉണ്ടെന്നും രേഖകളിൽ വ്യക്തമാക്കിയിരുന്നു. തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിക്കുകയും മന്ത്രിയാകുകയും ചെയ്തു.
എന്നാൽ, ഇത്തവണ തിരഞ്ഞെടുപ്പിനു മുന്നോടിയായി അദ്ദേഹം സമർപ്പിച്ച സ്വത്ത് വിവരത്തിലാണ് വൻ വർധനവുണ്ടായിരിക്കുന്നത്. കെ.സി ജോസഫിനു 16,22422 ഉം, ഭാര്യയ്ക്കു 71,28705 ഉം, മക്കൾക്കു 44,79911 ഉം., 38540 ഉം രൂപയുടെ വീതം ആസ്തിയുണ്ടെന്നാണ് ഇത്തവണത്തെ സ്വത്ത് വിവരത്തിൽ നൽകിയിരിക്കുന്നത്. ആകെ 13.26 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2011 ൽ 13,269578 രൂപയുടെയും, 16,9700 രൂപയുടെയും 11,572578 രൂപയുടെയും സ്വത്തുണ്ടെന്നും അദ്ദേഹം സത്യവാങ്ങ് മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
അഞ്ചു വർഷം കൊണ്ടു 11,572578 രൂപയുടെ സ്വത്താണ് പ്രതിയും കുടുംബവും ചേർന്നു സമ്പാദിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷം 3,62,032 രൂപ മാത്രമാണ് വാർഷിക വരുമാനമായി കെ.സി ജോസഫ് വരണാധികാരിക്കു സമർപ്പിച്ച ഫോറത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഈ കണക്കു പ്രകാരമാണെങ്കിൽ അദ്ദേഹത്തിനു കുടുംബത്തിനും കഴിഞ്ഞ വർഷം ലഭിക്കാവുന്ന വാർഷിക ആസ്തി 9743910 രൂപ മാത്രമാണ്. ഈ തുകയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ അഞ്ചു വർഷത്തെ കുടുംബത്തിന്റെ ചിലവുകൾ അടക്കമുള്ളവ കുറയ്ക്കുകയും വേണമെന്നും പരാതിക്കാരൻ കോടതിയെ ബോധിപ്പിക്കുന്നു. എന്നാൽ, ഇതിനു വിരുദ്ധമായി മന്ത്രി നൽകിയ സത്യവാങ്ങ് മൂലത്തിൽ 11,572578 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. 1,828668 കോടി രൂപയുടെ അധിക സ്വത്തുണ്ടെന്നാണ് ഇത്തരത്തിൽ കണക്കുകൾ പരിശോധിക്കുമ്പോൾ കാണുന്നത്. ഇത് ഗുരുതരമായ ക്രമക്കേടിന്റെ സൂചനയാണെന്നാണ് പരാതിക്കാരൻ കോടതിയിൽ അറിയിച്ചിരിക്കുന്നത്.ഇത് അഴിമതിയുടെ സമ്പാദിച്ചതാണെന്നും പരാതിക്കാരൻ വ്യക്തമാക്കുന്നു. കേസ് കോടതിയിൽ ഫയിലിൽ സ്വീകരിച്ചിട്ടുമുണ്ട്.