മൊസൂള്‍: ആളുകളെ പിടികൂടി മൃഗീമായി കൊല ചെയ്യുന്നത് ഐഎസിന് ഒരു വിനോദമാണല്ലോ. ഇങ്ങനെ വ്യത്യസ്തമായി കൊല്ലുന്ന വീഡിയോ എടുത്ത് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത് ജനങ്ങളില്‍ ഭയം ജനിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇത്തവണ ഐഎസ് ആറ് പേരെ കൊന്നത് തിളച്ച് മറിയുന്ന താറിനകത്തേക്ക് വലിച്ചെറിഞ്ഞാണ്.
ഇറാഖിലെ ഐസിസ് ഭരണപ്രദേശമായ അല്‍ഷോറയില്‍ വച്ച് പരസ്യമായാണീ മൃഗീയകര്‍മം ഐസിസ് നിര്‍വഹിച്ചിരിക്കുന്നത്. ജനങ്ങളില്‍ ഭയം അടിച്ചേല്‍പ്പിച്ച് അവരെ തങ്ങളുടെ ആജ്ഞാനുവര്‍ത്തികളാക്കി നിലനിര്‍ത്തുകയെന്ന പതിവ് ലക്ഷ്യമാണീ കൊലയ്ക്ക് പിന്നിലുമുള്ളത്.
മൊസൂളില്‍ നിന്നുള്ള ഈ ആറ് പേരും ഐസിസിനെ കുറിച്ചുള്ള രഹസ്യങ്ങള്‍ ഇറാഖി ഗവണ്‍മെന്റിന് ചോര്‍ത്തിക്കൊടുക്കാന്‍ ശ്രമിച്ചുവെന്ന കുറ്റം ചുമത്തിയാണ് അവരെ ഈ അരും കൊലയ്ക്ക് വിധേയരാക്കിയിരിക്കുന്നത്. ഐസിസ് ഷരിയ കോടതിയാണീ ശിക്ഷ വിധിച്ചിരിക്കുന്നത്. ഇറാഖിലെ യുദ്ധമുഖത്ത് ഐസിസ് മസ്റ്റാര്‍ഡ് ഗ്യാസ് ഉപയോഗിക്കുന്നുവെന്നതിന് തെളിവുകള്‍ ലഭിച്ചതിന് പിന്നാലെയാണ് ഞെട്ടിപ്പിക്കുന്ന ഈ കൊലപാതകദൃശ്യങ്ങളും പുറത്ത് വന്നിരിക്കുന്നത്. ഇത്തരം ഗ്യാസിന്റെ ഉപയോഗം കാരണം ഐസിസിനെതിരെ പോരാടുന്നവരുടെ തൊലിക്ക് പൊള്ളലേല്‍ക്കുകയും ശ്വാസകോസത്തിന് തകരാറുണ്ടാകുകയും ചെയ്യുന്നുണ്ടെന്നാണ് തെളിഞ്ഞിരിക്കുന്നത്. ഇതോടെ ഐസിസിനെ തുരത്താനിറങ്ങിയ പാശ്ചാത്യ സേനകള്‍ക്ക് നേരെ കടുത്ത ഭീഷണിയാണുണ്ടായിരിക്കുന്നത്.
ഈ രാസായുധത്തിന് അന്താരാഷ്ട്രതലത്തിലേര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം അവഗണിച്ചാണ് ഐസിസ് മസ്റ്റാര്‍ഡ് ഗ്യാസ് കുര്‍ദിഷ് സേനകള്‍ക്ക് നേരെ പ്രയോഗിക്കുന്നത്. അടുത്തിടെ 100 കുര്‍ദിഷ് സൈനികരാണ് മസ്റ്റാര്‍ഡ് ഗ്യാസ് പ്രയോഗത്താല്‍ മരിച്ചിരിക്കുന്നത്. ഫ്രാന്‍സ് അടക്കമുള്ള വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ ക്രൂരമായ ആക്രമണങ്ങള്‍ നടത്തി ഐസിസ് നൂറ് കണക്കിന് പേരെയാണ് കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇറാഖിലും സിറിയയിലും പാശ്ചാത്യ ശക്തികളോട് ഏറ്റ് മുട്ടി പിടിച്ച് നില്‍ക്കാന്‍ ഐസിസ് നന്നെ പാടുപെടുന്ന സമയവുമാണിത്.