ന്യൂഡല്‍ഹി: പശുവിറച്ചി ഭക്ഷിച്ചെന്നാരോപിച്ച് ജനക്കൂട്ടം ഒരാളെ മര്‍ദിച്ചുകൊന്ന സംഭവത്തില്‍ പ്രത്യാഘാതമുണ്ടാകുമെന്ന് ഇസ്ലാമിക് സ്റേറ്റ് (ഐഎസ്) ഭീകര സംഘടനയോട് അനുഭാവമുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ ഭീഷണി സന്ദേശം. സമാധാന സമ്മേളനം നടത്താനാണ് ഇവിടുത്തെ മുസ്ലിംകള്‍ ഒരുങ്ങുന്നതെന്നും സന്ദേശത്തില്‍ പറയുന്നു. റിവഞ്ച്സൂണ്‍ എന്ന ഹാഷ്ടാഗിലാണ് സന്ദേശം ട്വീറ്റ് ചെയ്തിരിക്കുന്നത്. അതേസമയം, ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് ഒരു സന്ദേശവും ഈ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടിട്ടുണ്ട്. നിങ്ങള്‍ ഞങ്ങളെ വെറുത്താലും, ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നു. ഗുജറാത്ത്, കശ്മീര്‍, മുസാഫര്‍നഗര്‍… എന്നിവയ്ക്കു പ്രതികാരവുമായി ഐഎസ് ഉടനെത്തുമെന്നാണ് സന്ദേശം. മഹാരാഷ്ട്രയിലെ താനെയിലെ കല്യാണില്‍ നിന്ന് ആരിബ് മജീദിനൊപ്പം ഐഎസില്‍ ചേര്‍ന്ന നാലു യുവാക്കളില്‍ ഒരാളായ ഫഹദ് ഷെയ്ഖ് ആണ് ഈ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതെന്നാണ് അനുമാനം.
കഴിഞ്ഞദിവസമാണ് ബീഫ് കഴിച്ചെന്നാരോപിച്ച് ദാദ്രി സ്വദേശി മുഹമ്മദ് അഖ്‍ലാഖ്(50) എന്നയാളെയാണ് ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്. മര്‍ദ്ദനത്തില്‍ ഇയാളുടെ മകന് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. മുഹമ്മദ് അഖ്‍ലാഖും കുടുംബാംഗങ്ങളും ഗോമാംസം കഴിക്കുന്നുണ്ടെന്നും ഇവരുടെ വീട്ടില്‍ മാംസം സൂക്ഷിച്ചിട്ടുണ്ടെന്നും ഉത്തര്‍പ്രദേശിലെ ദാദ്രി ഗ്രാമത്തില്‍ വാര്‍ത്ത പരന്നു. ഇതുകേട്ട ഒരു കൂട്ടം നാട്ടുകാര്‍ അഖ്‍ലാഖിന്റെ വീട്ടിലേക്ക് ഇരച്ചു കയറി കുടുംബാംഗങ്ങളെ പുറത്തേക്ക് വലിച്ചിഴച്ചു ആക്രമിക്കുകയായിരുന്നു.
ഇഷ്‌ടികയും ഇരുമ്പുവടിയും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അഖ്‍ലാഖ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴും ആള്‍ക്കൂട്ടം ഇവരെ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ പൊലീസെത്തി ആകാശത്തേക്ക് വെടിവെച്ചാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്.
പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. തങ്ങള്‍ ഗ്രാമത്തില്‍ മുപ്പത് വര്‍ഷമായി താമസിക്കുന്നവരാണെന്നും വീട്ടില്‍ സൂക്ഷിച്ചിരുന്നത് ബീഫായിരുന്നില്ലെന്നും അഖ്‍ലാഖിന്റെ മകള്‍ പറഞ്ഞു.