ജെറുസലേം: ഇനി ആക്രമിച്ചാൽ, ഒന്നുപോലും ബാക്കിവെക്കാതെ തകർക്കും!! ഇറാന് ശക്തമായ മുന്നറിയിപ്പുമായി ഇസ്രയേൽ . ഇസ്രയേൽ സൈനിക തലവൻ ലെഫ്. ജനറൽ ഹെർസി ഹലെവിയാണ് രൂക്ഷമായ ഭാഷയിൽ, ഇറാന് കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
‘ഇസ്രയേലിലേക്ക് കൂട്ടമായി മിസൈലുകൾ അയച്ച ആ തെറ്റ് ഇനിയും അവർത്തിക്കാനാണ് ഇറാന്റെ ഭാവമെങ്കിൽ, ഒരിക്കൽക്കൂടി ഞങ്ങൾക്ക് അതിർത്തി കടക്കേണ്ടിവരും. കഴിഞ്ഞ പ്രാവശ്യം അക്രമിക്കാതെ വിട്ട എല്ലാ സൈനികകേന്ദ്രങ്ങളെയും ഞങ്ങൾ ഒന്നുപോലും ബാക്കിവെക്കാതെ തകർക്കും’; ഹലെവി പറഞ്ഞു. വീണ്ടും ഒരു ആക്രമണം കൂട്ടി ഉണ്ടാകുമെന്നത് മുൻകൂട്ടികണ്ടാണ് ചില കേന്ദ്രങ്ങളെ ബാക്കിവെച്ചതെന്നും, ഒന്നും അവസാനിച്ചിട്ടില്ലെന്നും, തങ്ങൾ പകുതി ദൂരം മാത്രമേ എത്തിയിട്ടുള്ളൂവെന്നും ഹലെവി സൈനിക ഉദ്യോഗസ്ഥരോട് പറഞ്ഞതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സൈനിക തലവൻ ഹെർസി ഹലെവി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പം
ഹലെവി ഒക്ടോബർ 26നാണ് ഇറാന്‍ രാജ്യതലസ്ഥാനമായ ടെഹ്റാന് സമീപം ഇസ്രയേൽ സ്‌ഫോടനങ്ങൾ നടത്തിയത്. ഒക്ടോബർ ഒന്നിന് ഇസ്രയേലിൽ ഇറാൻ നടത്തിയ മിസൈലാക്രമണത്തിന് തിരിച്ചടിയായിരുന്നു ആ ആക്രമണം. ഹിസ്ബുള്ള തലവൻ സയ്യിദ് ഹസ്സൻ നസ്റല്ലയെ ഇസ്രയേൽ വധിച്ചതിന് പിന്നാലെയാണ് ഇറാന്റെ ആക്രമണം.
ഇങ്ങനെയെല്ലാമിരിക്കെ, ഗാസയിലെ ലെബനനിലും ആക്രമണം കടുപ്പിക്കുക തന്നെയാണ് ഇസ്രയേൽ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇരുഭാഗത്തുനിന്നുമായി 150ലധികം ആളുകള്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഗാസയിലെ ബെയ്ത് ലഹിയയില്‍ പലായനം ചെയ്യപ്പെട്ട ആളുകള്‍ താമസിച്ചിരുന്ന അഞ്ച് നില കെട്ടിടത്തിലാണ് ആക്രമണം നടന്നത്. കിഴക്കന്‍ ലെബനനിലെ ബെക്ക താഴ്വരയിലെ ആക്രമണത്തിലാണ് ഒറ്റരാത്രികൊണ്ട് ലെബനന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടത്. 58 പേര്‍ക്ക് പരിക്കേറ്റു.
അതേസമയം, വെടിനിര്‍ത്തലിന് ദോഹയില്‍ യുഎസ്, ഈജിപ്ത്, ഖത്തര്‍ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. തടവുകാരെയും ബന്ദികളെയും കൈമാറാന്‍ ആദ്യം രണ്ട് ദിവസത്തെ വെടിനിര്‍ത്തലും 10 ദിവസത്തിനകം സ്ഥിരം വെടിനിര്‍ത്തലുമാണ് ഈജിപ്ത് ശുപാര്‍ശ ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയില്‍ 50 പേര്‍ കൊല്ലപ്പെട്ടു. 2023 ഒക്ടോബര്‍ ഏഴിനുശേഷം ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഗാസയില്‍ 43,020 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. 101,110 പേരാണ് ഗുരുതര പരിക്കുകളുമായി ജീവിതത്തോട് മല്ലിടുന്നത്.