ന്യൂഡല്‍ഹി: ലഷ്‌കര്‍ ബന്ധമാരോപിച്ച് മലയാളിയായ ഇസ്രത്ത് ജഹാനെയും സുഹൃത്ത് പ്രാണേഷ് കുമാറിനെയും മറ്റു രണ്ടുപേരെയും ഗുജറാത്തില്‍ വെടിവച്ചുകൊന്നത് മുന്‍കൂട്ടി തീരുമാനിച്ചപ്രകാരമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. സിബിഐ അന്വേഷക സംഘത്തെ സഹായിച്ച പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഐ.പി.എസ്. ഓഫീസര്‍ സതീഷ് വര്‍മയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
കൊലപ്പെടുത്തുന്നതിന് ഏതാനും ദിവസം മുമ്പെ ഇസ്രത്ത് ജഹാനെയും പ്രാണേഷ് കുമാറിനെയും മറ്റു രണ്ടുപേരെയും ഇന്റലിജന്‍സ് ബ്യൂറോ കസ്റ്റഡിയിലെടുത്തിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞുവെന്ന് സതീഷ് വര്‍മ പറഞ്ഞു. ഇസ്രത്തിന് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന യാതൊരു സൂചനയും ഐബിക്കുണ്ടായിരുന്നില്ല. അന്യായമായി ഇവരെ തടങ്കലില്‍വെക്കുകയും പിന്നീട് വെടിവച്ച് കൊല്ലുകയുമായിരുന്നുസംഭവത്തെകുറിച്ച് അന്വേഷിക്കാന്‍ ഗുജറാത്ത് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിലും അംഗമായിരുന്ന സതീഷ് വര്‍മ പറയുന്നു.
2004 ജൂണ്‍ 15നാണ് ഇസ്രത്തും പ്രാണേഷുമുള്‍പ്പെട്ട സംഘം വെടിയേറ്റ് മരിച്ചത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടുവന്ന ലഷ്‌കര്‍ തീവ്രവാദികളാണ് ഇവരെന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടത്. എന്നാല്‍, ഇസ്രത്ത് നിരപരാധിയായിരുന്നുവെന്ന് സതീഷ് അവകാശപ്പെടുന്നു.
ഇസ്രത്തും മറ്റും ലഷ്‌കറുമായി ബന്ധമുള്ളവരായിരുന്നുവെന്ന് മുന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ.പിള്ള അടുത്തിടെ അവകാശപ്പെടുകയുണ്ടായി. എന്നാല്‍ ആ അവകാശവാദവും സതീഷ് വര്‍മ ഖണ്ഡിക്കുന്നു. കേസ്സിന്റെ വിശദാംശങ്ങള്‍ തനിക്കറിയാമായിരുന്നുവെന്ന പിള്ളയുടെ അവകാശവാദം അംഗീകരിക്കാനാവില്ലെന്നും സതീഷ് പറയുന്നു.
ലഷ്‌കര്‍ തീവ്രവാദിയായി മാറണമെങ്കിലും ചാവേറാകണമെങ്കിലും ഏറെക്കാലത്തെ പരിശീലനം വേണം. 303 റൈഫിള്‍ ഉപയോഗിച്ച് വെടിവെക്കാന്‍ പഠിക്കണമെങ്കില്‍പ്പോലും 15 ദിവസത്തെയെങ്കിലും പരിശീലനം വേണം. ഇസ്രത്ത് വീട്ടില്‍നിന്ന് അകന്നുനിന്നുവെന്ന് പറയുന്ന കാലയളവ് ഒരു തീവ്രവാദിയായി മാറാന്‍ മതിയാകില്ലെന്നും സതീഷ് വര്‍മ അവകാശപ്പെടുന്നു. വെറും പത്തുദിവസമാണ് ഇസ്രത്ത് വീട്ടില്‍നിന്ന് അകന്നുനിന്നതെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.
ഇശ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ സത്യവാങ്മുലത്തിന്റെ പേരില്‍ സിബിഐ തന്നെ ശാരീരികമായി പീഡിപ്പിക്കുകയും വേട്ടയാടുകയും ചെയ്തതായി കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പിലെ മുന്‍ അണ്ടര്‍ സെക്രട്ടറി ആര്‍.വി എസ് മണിയുടെ വെളിപ്പെടുത്തിയിരുന്നു. ഇശ്രത്ത് ജഹാന്‍ ലശ്കര്‍ തീവ്രവാദിയായിരുന്നുവെന്ന ആദ്യ സത്യവാങമൂലം ഐ.ബി നിര്‍ദ്ദേശിച്ചതനുസരിച്ച് തയ്യാറാക്കിയതാണെന്ന് തന്നെ കൊണ്ട് സമ്മതിപ്പിക്കാനും അതില്‍ ഒപ്പിടാനും വേണ്ടിയാണ് സിബിഐ പീഡിപ്പിച്ചതെന്നുമായിരുന്നു മണിയുടെ വെളിപ്പെടുത്തില്‍ ഇതിന് പിന്നാലെയായിരുന്നു സതീഷ് വര്‍മയുടെ വെളിപ്പെടുത്തലും പുറത്തുവന്നത്.
ഇസ്രത്തിന് ലഷ്‌ക്കര്‍ ബന്ധമില്ലെന്നും അവര്‍ നിരപരാധിയാണെന്നും സത്യവാങ്മൂലത്തില്‍ തിരുത്തിയത് അന്നത്തെ ആഭ്യന്തര മന്ത്രി പി. ചിദംബരമാണെന്ന് മുന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ പിള്ള കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന്റെ പേരില്‍ ബിജെപി ചിദംബരത്തേയും കോണ്‍ഗ്രസിനേയും രാഷ്ട്രീയമായി ആക്രമിക്കുകയും ഉണ്ടായി. ഗുജ്‌റാത്ത് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോദിയെ വധിക്കാന്‍ വന്ന തീവ്രവാദികളാണെന്ന് ആരോപിച്ച് ഇശ്രത്ത് ജഹാനടക്കമുള്ള നാലംഗ സംഘത്തെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. സിബിഐ നടത്തിയ അന്വേഷണത്തില്‍ ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് കണ്ടത്തി. എന്നാല്‍, മുബൈ ഭീകരാക്രമണക്കേസിലെ സൂത്രധാരകന്‍ ഡേവിഡ് ഹെഡ്‌ലിയുടെ വെളിപ്പെടുത്തലോടെയാണ് വ്യാജ ഏറ്റുമുട്ടല്‍ കേസ് വീണ്ടും സജീവമായത്. ഇശ്രത്ത് ജഹാന്‍ ലശ്കര്‍ പ്രവര്‍ത്തകയാണെന്ന് ഹെഡ്‌ലിയുടെ മൊഴിയിലുണ്ടൊയിരുന്നു.