തിരുവനന്തപുരം:ചാരക്കേസില്‍ പ്രതിയാക്കി പൊലീസ് പീഡിപ്പിച്ചതിനു നഷ്ടപരിഹാരമായി 50 ലക്ഷം രൂപ സുപ്രീം കോടതി വിധിച്ചു.അകാരണമായി ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനെ പെടുത്തിയതിൽ 24 വര്‍ഷം നീണ്ട നിയമപ്പോരാട്ടത്തിന്റെ ഫലമായിരുന്നു.
കുറ്റാരോപിതയായ മറിയം റഷീദ തന്നോടു പറഞ്ഞ കാര്യങ്ങള്‍ നമ്പി നാരായണന്‍ ഓര്‍ക്കുകയാണ്…എന്നോടു ക്ഷമിക്കണം… ഇതായിരുന്നു മറിയം റഷീദയുടെ ആദ്യവാചകം. സംസാരത്തിനു താല്‍പര്യമില്ലാത്തതിനാല്‍ ഞാന്‍ മൗനം പാലിച്ചു. അവര്‍ അത്ര വശമില്ലാത്ത ഇംഗ്ലീഷില്‍ താന്‍ നിരപരാധിയാണെന്നും ഞാനും നിരപരാധിയാണെന്ന് അറിയാമെന്നും പറഞ്ഞു. നിരപരാധിയാണെങ്കില്‍ പിന്നെന്തിനു നിങ്ങള്‍ സോറി പറഞ്ഞു…? ഞാന്‍ ചോദിച്ചു. അവര്‍ എന്നെ ഭീഷണിപ്പെടുത്തി… തല്ലി… അതുകൊണ്ട് എനിക്ക് അവരോട് നിങ്ങളെക്കുറിച്ച് മോശമായി സംസാരിക്കേണ്ടി വന്നു…
ഐ.ബി ഉദ്യോഗസ്ഥര്‍ അവരെ ഭീഷണിപ്പെടുത്തി. അവസാനം മക്കളെ ദ്രോഹിക്കുമെന്നു ഭീഷണി മുഴക്കിയപ്പോഴാണു അവര്‍ കീഴടങ്ങിയത്. പണത്തിനു വേണ്ടി റോക്കറ്റ് ഡ്രോയിങ്സ് അവര്‍ക്കു കൈമാറിയെന്ന് ഐ.ബി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി പറയിച്ചു. അതു വീഡിയോയിലും റിക്കോര്‍ഡു ചെയ്തു.
ഐബി ഉദ്യോഗസ്ഥര്‍ എന്റെ ഫോട്ടോ കാണിച്ചപ്പോള്‍ ആരാണെന്നു പോലും തിരിച്ചറിയാന്‍ തനിക്ക് കഴിഞ്ഞില്ലെന്ന് മറിയം പറഞ്ഞു.” അവര്‍ നിങ്ങളുടെ പേരു പറഞ്ഞുതന്നിട്ട് അതുപോലെ പറയാന്‍ പറഞ്ഞു. പക്ഷെ എനിക്കത് ശരിയായി ഉച്ചരിക്കാന്‍ കഴിഞ്ഞില്ല. ഒരുപാടു തവണ എന്നെക്കൊണ്ട് പേരു പറയിക്കാന്‍ ശ്രമിച്ചു. അതു നേരാംവണ്ണം ഉച്ചരിക്കാന്‍ എന്റൈ നാവു വഴങ്ങിയില്ല. അവരില്‍ ഒരാള്‍ നിങ്ങളുടെ പേര് ഒരു പേപ്പറില്‍ വലിയ അക്ഷരങ്ങളില്‍ എഴുതിയിട്ട് വീഡിയോ ക്യാമറക്കു പിന്നില്‍ പിടിച്ചു. അതില്‍ എഴുതിയിരുന്നത് വായിക്കാന്‍ എന്നോട് ആജ്ഞാപിച്ചു. ഇതു മറിയം സി.ബി.ഐയോടും പറഞ്ഞിരുന്നു. അവര്‍ പറഞ്ഞത് സത്യമാണോ എന്നറിയാന്‍ സി.ബി.ഐ വീഡിയോ ക്യാമറ പലതവണ പരിശോധിച്ചു.
മറിയം എന്റെ പേരു പറയുമ്പോഴൊക്കെ അവരുടെ കണ്ണുകള്‍ ക്യാമറ ലെന്‍സിനു മുകളിലേക്കു നീളുന്നത് അവരുടെ ശ്രദ്ധയില്‍പ്പെട്ടു. മറിയം റഷീദയുടെ മൊഴിയും അതിനു സമാനമായ ഫൗസിയയുടെ മൊഴിയും സി.ബി.ഐയും പിന്നീടു കോടതിയും നിരസിച്ചു. കേരള പോലീസില്‍ നിന്നും ഐ.ബിയില്‍ നിന്നും അനുഭവിക്കേണ്ടിവന്ന യാതനകളെക്കുറിച്ച് വിവരിക്കുമ്പോള്‍ മറിയം തേങ്ങിക്കരയുകയായിരുന്നു ആദ്യമായി എനിക്ക് അവരോട് സഹതാപം തോന്നി. പോലീസ് മെനഞ്ഞ ചാരക്കഥയില്‍ പ്രതികളായ മറിയം റഷീദയെയും ഫൗസിയ ഹസനെയും ഭീഷണിപ്പെടുത്തിയായിരുന്നു കേസില്‍ ഉള്‍പ്പെടുത്തിയത്. നമ്പി നാരായണനെ അറിയില്ലായിരുന്നുവെന്നും ഭീഷണിപ്പെടുത്തിയാണ് പേരു പറയിച്ചതെന്നും ഫൗസിയ പിന്നീട് പറഞ്ഞിരുന്നു. നമ്പി നാരായണന്റെ ആത്മകഥയില്‍ പറഞ്ഞതിനെയെല്ലാം ശരിവയ്ക്കുന്നതായിരുന്നു അവരുടെ വാക്കുകള്‍.
ഐ.ബി ഉദ്യോഗസ്ഥരും കേരള പോലീസും ചേര്‍ന്നു ഭീഷണിപ്പെടുത്തി നമ്പി നാരായണന്റെ പേരു പറയിക്കുകയായിരുന്നെന്നു ഫൗസിയ ഹസന്‍ കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയിരുന്നു. നാരായണനെ ആദ്യമായി കണ്ടതു സി.ബി.ഐ കസ്റ്റഡിയിലായിരുന്നു. രമണ്‍ ശ്രീവാസ്തവയെ ഒരിക്കല്‍പോലും നേരിട്ടു കണ്ടിട്ടില്ല. 14 വയസുകാരിയായ മകളെ മുന്നില്‍ കൊണ്ടുവന്നു മാനഭംഗപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതോടെയാണു ഉദ്യോഗസ്ഥര്‍ പറഞ്ഞ പലതും സമ്മതിക്കേണ്ടി വന്നത്. ജയില്‍ മോചിതയായ ശേഷം, പോലീസിനും ഐ.ബിക്കുമെതിരേ കേസ് ഫയല്‍ ചെയ്തിരുന്നു. പിന്നീട് ഇന്ത്യയില്‍ ബിസിനസ് ആവശ്യത്തിനെത്തിയ മകന്‍ നാസിഫ് താമസിച്ച ഹോട്ടലില്‍ ഐ.ബി ഉദ്യോസ്ഥരെത്തി കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി. ഇതേത്തുടര്‍ന്നാണ് കേസ് മുന്നോട്ടു കൊണ്ടുപോകാന്‍ താല്‍പര്യമില്ലെന്നു മാലദ്വീപിലെ ഇന്ത്യന്‍ എംബസിയില്‍ എഴുതി നല്‍കിയത്. ഇന്ത്യ സന്ദര്‍ശിക്കേണ്ടി വരുന്ന ബന്ധുക്കളുടെ സുരക്ഷകൂടി പരിഗണിച്ചായിരുന്നു കേസ് പിന്‍വലിച്ചതെന്നും ഫൗസിയ പറഞ്ഞിരുന്നു.
1994 നവംബര്‍ 30 നാണു നമ്പി നാരായണനെ ചാരക്കേസില്‍ അറസ്റ്റു ചെയ്യുന്നത്. ഡിസംബര്‍ ഒന്‍പതിന് തിരുവനന്തപുരം സി.ജെ.എം കോടതി പരിസരത്ത് പോലീസ് വാനിലാണ് മറിയം റഷീദയെയും ഫൗസിയ ഹസനെയും താന്‍ ആദ്യമായി കാണുന്നതെന്നു നാരായണന്‍ തന്റെ ആത്മകഥയായ ”ഓര്‍മ്മകളുടെ ഭ്രമണപഥ”ത്തില്‍ പറയുന്നു. പിന്നീടു ചെന്നെയിലെ മല്ലിഗൈയില്‍ സിബിഐ കസ്റ്റഡിയില്‍ ഇരിക്കെയാണ് രണ്ടുസ്ത്രീകളെയും താന്‍ അടുത്തു കാണുന്നത്. സി.ബി.ഐ. ഉദ്യോഗസ്ഥനായ എം.എല്‍ ശര്‍മ്മ, തന്റെ മുന്നിലിരുന്ന് അവരോട് തന്നെ അറിയാമോയെന്നു ചോദിച്ചു.
ജീവിതത്തില്‍ ഒരിക്കലും ഇദ്ദേഹത്തെ നേരിട്ടു കണ്ടിട്ടില്ലെന്നും ഫോട്ടോ കാണിച്ച് കൂട്ടുപ്രതിയാണെന്നു പറയാന്‍ ഐ.ബി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്നും അവര്‍ പറഞ്ഞു. 1994 ഡിസംബര്‍ അവസാനം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുമ്പോഴാണു മറിയം റഷീദയുമായി ആദ്യമായി സംസാരിക്കുന്നതെന്നു നമ്പി നാരായണന്‍ പറയുന്നു. സുപ്രിംകോടതിയുടെ ചരിത്രത്തിലെ തന്നെ സുപ്രധാനമായ ഒരു വിധിയിലൂടെയാണ് ഇപ്പോള്‍ നമ്പി നാരായണന് നീതി ലഭിച്ചിരിക്കുന്നത്