ബംഗളൂരു: ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് കലാപരിപാടികള്‍ സംഘടിപ്പിക്കുന്ന പതിവ് കേരളത്തില്‍ ഉണ്ട്. പൊതുവേ സ്വീകരിക്കപ്പെടുന്നതുമാണ് ഈ സംഭവം. എന്നാല്‍ കര്‍ണ്ണാടകത്തിലെ ഒരു ക്ഷേത്രത്തില്‍ സംഘടിപ്പിച്ചത് ഐറ്റം ഡാന്‍സ് ആയിരുന്നു. വിവാദത്തിലായ ഈ സംഭവത്തിന്റെ പേരില്‍ അറസ്റ്റും നടന്നു. കര്‍ണാടകയിലെ കോലാര്‍ ജില്ലയില്‍ തേകാലിലുള്ള ഒരു ക്ഷേത്രത്തില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പൂജാരിയും മറ്റ് രണ്ടുപേരും അറസ്റ്റിലായി.
സീ ന്യൂസ്, ഇന്ത്യ ടുഡേ എന്നീ മാദ്ധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സംഭവമറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ ക്ഷേത്ര പരിസരത്ത് സ്ത്രീകളുടെ നൃത്ത പരിപാടി നടക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ക്ഷേത്രത്തിലെത്തി പരിപാടി നിര്‍ത്തിവയ്ക്കാനും ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതിനുള്ള അനുമതി പത്രം കാണിക്കാനും ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പൂജാരി അടക്കമുള്ളവര്‍ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും, ഇരുവരെയും മണിക്കൂറുകളോളം ക്ഷേത്രത്തിനകത്തെ മുറിയില്‍ പൂട്ടിയിട്ടതായും സീ ന്യൂസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ക്ഷേത്രത്തിലെത്തിയ ഉദ്യോഗസ്ഥര്‍ മടങ്ങിയെത്താന്‍ വൈകിയതോടെയാണ് ഇന്‍സ്‌പെക്ടറിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോല്‌സ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് ഉദ്യോഗസ്ഥരെ മോചിപ്പിക്കുകയും പൂജാരി അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആന്ധ്രാ പ്രദേശില്‍നിന്നാണ് നൃത്ത സംഘത്തെ ക്ഷേത്രം അധികൃതര്‍ എത്തിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.