കര്‍ണ്ണാടകത്തിലെ കളി സിദ്ധരാമയ്യയുടേതോ..? മുഖ്യമന്ത്രി കുമാരസ്വാമി രാജിവച്ചതായും റിപ്പോര്‍ട്ട്

ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിന്റെ ഭാവി തുലാസിലാക്കി എംഎല്‍എമാരുടെ കൂട്ടരാജി തുടരുന്നു. 14 എംഎല്‍എമാര്‍ ഇതിനകം രാജിവെച്ചിട്ടുണ്ടെന്ന് ജെഡിഎസ് വിമത നേതാവ് എച്ച്.വിശ്വനാഥ് പറഞ്ഞു. ഓപ്പറേഷന്‍ താമരയുമായി തങ്ങളുടെ രാജിക്ക് ബന്ധമില്ലെന്നും വിശ്വനാഥ് പറഞ്ഞു.

ഇതിനിടെ രാജിവെച്ച ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ്-ജെഡിഎസ് നേതൃത്വം സമവായ നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ചില എംഎല്‍എമാര്‍ ഈ ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത്. സിദ്ധരാമയ്യ മുഖ്യമന്ത്രി ആകുകയാണെങ്കില്‍ തങ്ങളുടെ രാജി പിന്‍വലിക്കാമെന്നാണ് ഈ എംഎല്‍എമാര്‍ അറിയിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, സര്‍ക്കാരിലെ പിണക്കങ്ങള്‍ പരിഹരിക്കുന്നതിന് മുഖ്യമന്ത്രി കുമാരസ്വാമി രാജിവെക്കുമെന്ന് റിപ്പോര്‍ട്ട്. പകരം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുര്‍ ഖാര്‍ഗെ മുഖ്യമന്ത്രിയായേക്കും. ഇതുസംബന്ധിച്ച് മന്ത്രി ഡികെ ശിവകുമാര്‍ സൂചന നല്‍കിയെന്ന് ചില ചാനല്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഖാര്‍ഗെക്ക് അര്‍ഹമായ പരിഗണന സംസ്ഥാന കോണ്‍ഗ്രസില്‍ നിന്ന് ലഭിച്ചില്ലെന്ന് ഒട്ടേറെ നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. കഴിഞ്ഞ ലോക്സഭയില്‍ കോണ്‍ഗ്രസ് കക്ഷി നേതാവിയിരുന്നു ഖാര്‍ഗെ. എന്നാല്‍ ഇത്തവണ അദ്ദേഹം തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ഖാര്‍ഗെ മുഖ്യമന്ത്രിയായാല്‍ തങ്ങള്‍ രാജിവെക്കില്ലെന്ന് ചില വിമത എംഎല്‍എമാര്‍ ഉപാധിവച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ….

വിമതരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ഡികെ ശിവകുമാര്‍. കര്‍ണാടക കോണ്‍ഗ്രസിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയാണ് കെസി വേണുഗോപാല്‍. ഇദ്ദേഹം ഉടന്‍ ബെംഗളൂരുവിലെത്തും. ഭരണകക്ഷി എംഎല്‍എമാരുടെ രാജിയില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന് പ്രതിപക്ഷ നേതാവ് ബിഎസ് യെദ്യൂരപ്പ പറയുന്നു.

അതേസമയം, നിലവിലെ സാഹചര്യം മുതലെടുക്കാന്‍ ബിജെപിയും ശ്രമം നടത്തുന്നുണ്ട്. എംഎല്‍എമാരെ രാജി വെക്കാന്‍ പ്രേരിപ്പിച്ചത് ബിജെപി നേതാക്കളായ സിപി യോഗേശ്വര്‍, സന്തോഷ് എന്നിവരാണെന്നാണ് വിവരം. ബിഎസ് യെദ്യൂരപ്പയുടെ വിശ്വസ്തരാണ് ഇരുവരും. സര്‍ക്കാര്‍ രൂപീകരണത്തിന് മടിക്കില്ലെന്ന് നേതാക്കള്‍ പ്രതികരിച്ചു.

നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയായ ബിജെപിയെ ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ചാല്‍ തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഡിവി സദാനന്ദ ഗൗഡ പ്രതികരിച്ചു. എന്നാല്‍ നിലവില്‍ എംഎല്‍എമാര്‍ രാജിവെച്ച സംഭവത്തില്‍ ബിജെപിക്ക് ബന്ധമില്ലെന്ന് ബിഎസ് യെദ്യൂരപ്പ പറഞ്ഞു.

Top