ശത്രുക്കള്‍ രാഷ്ട്രീയത്തിനുപുറത്ത് സുഹൃത്തുക്കള്‍; കെ സുധാകരനും പി ജയരാജനും ഒന്നിച്ച്

p-jayarajan

കണ്ണൂര്‍: പരസ്പരം വിമര്‍ശനം ഉന്നയിച്ചും പ്രസ്താവനകളിറക്കിയും കൊമ്പുകോര്‍ക്കുന്ന രണ്ട് നേതാക്കളാണ് കെ സുധാകരനും പി ജയരാജനും. എന്നാല്‍, രാഷ്ട്രീയത്തിനുപുറത്ത് ഇരുവരും സുഹൃത്തുക്കളാണത്രെ. സലിംകുമാറാണ് ഇരുവരെയും ഒരുവേദിയില്‍ ഒന്നിച്ചിരുത്തിയത്.

സലീം കുമാര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ കറുത്ത ജൂതന്മാരുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിക്കുന്ന വേദിയിലായിരുന്നു ഇരുവരും ഒരുമിച്ചെത്തിയത്. ഇരുവരും ഒരേ വേദിയില്‍ ഒന്നിച്ചെത്തുമോ ഒന്നിച്ചെത്തിയാല്‍ തന്നെ ഒരുമിച്ചിരിക്കുമോ എന്നറിയാനുള്ള പിരിമുറുക്കത്തിലായിരുന്നു പരിപാടിയുടെ സംഘാടകരും. എന്നാല്‍ എതിര്‍പ്പുകളും വ്യത്യാസങ്ങളും രാഷ്ട്രീയത്തില്‍ മാത്രമാണെന്നും രാഷ്ട്രീയം വിട്ടാല്‍ രണ്ടു പേരും നല്ല സുഹൃത്തുക്കളാണെന്ന് സുധാകരന്‍ തുറന്നു സമ്മതിച്ചപ്പോള്‍ സംഘാടകരുടെ പിരിമുറക്കം വിട്ട് വേദിയും സദസ്സും അയഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഷ്ട്രീയത്തിന് പുറത്ത് തങ്ങള്‍ ഇരുവരും നല്ല സുഹൃത്തുക്കളാണെന്ന് കെ സുധാകരന്‍ പറഞ്ഞപ്പോള്‍ കെ സുധാകരനുമായുള്ള പഴയ ബന്ധം ഓര്‍ത്തെടുത്താണ് പി ജയരാജന്‍ സംസാരിച്ചത്. തന്റെ ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിക്കാനായി കണ്ണൂരിലെ രണ്ടു സിംഹങ്ങളും വേണമെന്നുള്ളതു കൊണ്ടാണ് ഇരുവരേയും ഒരേ വേദിയിലേക്ക് ക്ഷണിച്ചതെന്ന് സലീം കുമാര്‍ വ്യക്തമാക്കിയപ്പോള്‍ വേദിയും സദസ്സും ഒരു പോലെ ഇളകി ചിരിച്ചു.

പി ജയരാജനുമായി ഒന്നിച്ചിരിക്കുന്നതില്‍ ഭ്രഷ്ടൊന്നുമില്ലെന്നും ഒരുപാടു പരിപാടികളില്‍ ഒരുമിച്ചിരുന്നിട്ടുണ്ടെന്നും സുധാകരന് പറഞ്ഞു. സലിം കുമാര്‍ എന്നോടു ചോദിച്ചു ജയരാജേട്ടന്റെ കൂടെ പങ്കെടുക്കാന്‍ തടസമുണ്ടോയെന്ന്. അങ്ങനെയൊരു തടസമില്ലെന്ന് താന്‍ തുറന്നുപറഞ്ഞതായും പ്രസ്ഥാനങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ അഭിപ്രായവ്യത്യാസം സ്വാഭാവികമാണെന്നും സ്വിച്ച് ഓണ്‍ വേളയില്‍ കെ സുധാകരന്‍ വ്യക്തമാക്കി.

തുടര്‍ന്ന് സലീം കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം പി ജയരാജന്‍ ക്യാമറയുടെ സ്വിച്ച് ഓണ്‍ നിര്‍വ്വഹിച്ചപ്പോള്‍ കെ സുധാകരന്‍ ക്ലാപ്പടിച്ചു. ടിഎന്‍ പ്രതാപന്‍ എംഎല്‍എയും വേദിയിലുണ്ടായിരുന്നു. സിനിമയില്‍ മുഖ്യകഥാപാത്രമായി ടിഎന്‍ പ്രതാപനുമുണ്ട്.കണ്ണൂര്‍ പയ്യന്നൂരിലെ രാമന്തളി ഹൈസ്‌കൂളിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

Top