കെ.സുധാകരനെ തള്ളി മുല്ലപ്പള്ളി !സുധാകരന്റെ പരാമര്‍ശത്തില്‍ വിഷമമുണ്ടെന്നും പിറന്നാള്‍ ദിനത്തില്‍ വി.എസിനോട് ഖേദം പ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്റ് .

തിരുവനന്തപുരം: കെ സുധാകരന്റെ പരാമർശത്തെ തള്ളി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത് .കെ സുധാകരൻ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്തന്റെ പ്രായത്തെ അധിക്ഷേപിച്ചിരുന്നു . കെ സുധാകരന്റെ നടപടിയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഖേദം പ്രകടിപ്പിച്ചു . കെ സുധാകരന്റെ പരാമര്‍ശത്തില്‍ വിഷമമുണ്ടെന്നും ഖേദം പ്രകടിപ്പിക്കുന്നതായും മുല്ലപ്പള്ളി വി.എസി നെ അറിയിച്ചു.തൊണ്ണൂറ്റിയാറാം പിറന്നാള്‍ ആഘോഷിക്കുന്ന വി.എസിന് ആശംസകളറിയിക്കാന്‍ വിളിച്ചതിനിടയൊണ് മുല്ലപ്പള്ളി ഖേദം പ്രകടിപ്പിച്ചത്. വട്ടിയൂര്‍ക്കാവ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു വിഎസിന്റെ പ്രായത്തെ അധിക്ഷേപിച്ച് കെ സുധാകരന്റെ പരാമര്‍ശം.വറ്റിവരണ്ട തലയോട്ടിയില്‍ നിന്നും എന്തു ഭരണപരിഷ്‌കാരമാണ് രാജ്യം പ്രതീക്ഷിക്കേണ്ടെതെന്നായിരുന്നു സുധാകരന്റെ പരാമര്‍ശം.

വളരെ ചെറുപ്പക്കാരനായ അച്യുതാനന്ദന്റെ കൈയ്യില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ പോകുമ്പോള്‍ ഞങ്ങളൊക്കെ എന്തൊക്കെയോ പ്രതീക്ഷിക്കില്ലേ. മലബാറിലൊരു പഴമൊഴിയുണ്ട്. അറുപതില്‍ അത്തും പിത്തും, എഴുപതില്‍ ഏടാ പൂടാ, എണ്‍പതില്‍ എടുക്ക് ബെക്ക്, തൊണ്ണൂറില്‍ എടുക്ക് നടക്കെന്നാണ്.ഇത് 96 ആണ്. ഈ 96, വറ്റിവരണ്ട തലയോട്ടിയില്‍ നിന്ന് എന്തു ഭരണപരിഷ്‌കാരമാണ് ഈ രാജ്യത്തു വരേണ്ടത്?’- സുധാകരന്‍ ചോദിച്ചു.

എന്നാല്‍ ജന്മനാ തലച്ചോറ് ശുഷ്‌കമായ ചില തലനരയ്ക്കാനനുവദിക്കാത്ത വൃദ്ധന്മാര്‍ തന്റെ തലയോട്ടിയുടെ ഉള്ളളവ് വിശകലനം ചെയ്യുന്ന തിരക്കിലാണെന്ന് വി.എസ് വ്യക്തിയധിക്ഷേപം നടത്തിയ എം.പി കെ.സുധാകരന് മറുപടി നല്‍കിയിരുന്നു.പീഡനക്കേസിലെ തന്നെക്കാള്‍ യുവാവായ പ്രതിയെ വിദേശത്തേക്ക് കടത്താന്‍ സഹായിച്ച യുവ വൃദ്ധന്റെ ജല്‍പ്പനങ്ങള്‍ക്കല്ല, നാടിന്റെ വികസനത്തെക്കുറിച്ചാണ് ജനങ്ങള്‍ കാതോര്‍ക്കുകയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജന്മനാ തലച്ചോറ് ശുഷ്‌കമായ ചില തലനരയ്ക്കാനനുവദിക്കാത്ത വൃദ്ധന്മാര്‍ തന്റെ തലയോട്ടിയുടെ ഉള്ളളവ് വിശകലനം ചെയ്യുന്ന തിരക്കിലാണെന്ന് വിഎസ് പറഞ്ഞു. ‘ഒരു കാര്യം വ്യക്തമായിരിക്കുന്നു. ഈ ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് വലിയ ആശങ്കയുണ്ട്. ഇത് ഞാന്‍ ഇടതുപക്ഷ വക്താവായി പറയുന്നതല്ല. എന്റെ ചുറ്റിലും യുഡിഎഫ് നേതാക്കള്‍ നടത്തുന്ന വാചകക്കസര്‍ത്തുകള്‍ കണ്ടിട്ടും കേട്ടിട്ടുമാണ്’, വി.എസ് കുറിച്ചു.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ സുധാകരന്റെ പരാമര്‍ശത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളും വന്നിരുന്നു. വി.എസിന്റെ പ്രായത്തെക്കുറിച്ച് വാചാലനാകുന്ന സുധാകരന് 71 വയസുണ്ടെന്ന കാര്യം മറക്കരുതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു.ഇതിനിടെയാണ് സുധാകരന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മുല്ലപ്പള്ളി രംഗത്തെത്തിയത്.

വി.എസ് അച്യുതാനന്ദന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഒരു കാര്യം വ്യക്തമായിരിക്കുന്നു. ഈ ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് വലിയ ആശങ്കയുണ്ട്. ഇത് ഞാന്‍ ഇടതുപക്ഷ വക്താവായി പറയുന്നതല്ല. എന്റെ ചുറ്റിലും യുഡിഎഫ് നേതാക്കള്‍ നടത്തുന്ന വാചകക്കസര്‍ത്തുകള്‍ കണ്ടിട്ടും കേട്ടിട്ടുമാണ്.അസാധാരണമായ പ്രളയത്തിന് കേരളം തുടര്‍ച്ചയായി ഇരയായി. കേരളത്തിലെ ആബാലവൃദ്ധം ജനങ്ങള്‍ കയ്‌മെയ് മറന്ന് പ്രളയത്തെ നേരിട്ടു. സര്‍ക്കാര്‍ ആവുംവിധം പിന്തുണ നല്‍കി. ഒരു പരിധിവരെ നാം പ്രളയത്തെ അതിജീവിച്ചു. ഈ അതിജീവനത്തിന് ജനങ്ങള്‍ മാര്‍ക്ക് നല്‍കുക പ്രതിപക്ഷത്തിനല്ല, മറിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സര്‍ക്കാരിനാണ്.

ഇന്ത്യ ഇന്ന് വലിയ സാമ്പത്തിക കുഴപ്പത്തിലാണ്. നമ്മുടെ ഉല്‍പ്പാദനം കുറഞ്ഞിരിക്കുന്നു. വളര്‍ച്ചാ നിരക്ക് കുറഞ്ഞിരിക്കുന്നു. ഐഎംഎഫിന്റെ സാമ്പത്തിക ഉപദേഷ്ടാവ് അടക്കം ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നു.

എന്നാല്‍, ബിജെപിയുടെ ബി ടീമായ യുഡിഎഫിന് താല്‍പ്പര്യം അതിലൊന്നുമല്ല. അതൊന്നും അവര്‍ക്ക് വിഷയമേയല്ല. അവരുടെ വിഷയം ശബരിമലയാണ്. ശബരിമലയില്‍ സ്ത്രീകളെ കയറ്റണമെന്ന് വാദിച്ചതും അതിനായി കേസ് കൊടുത്തതും ലേഖനമെഴുതിയതും ബിജെപിയാണ്. അവരുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ച് ഉത്തരവായപ്പോള്‍ അതിനെ ആദ്യം സ്വാഗതം ചെയ്തതും ബിജെപിയാണ്, ആ ഉത്തരവ് നടപ്പാക്കിയപ്പോള്‍ അതിനെതിരെ സമരാഭാസം നടത്തിയത് ബിജെപിയും യുഡിഎഫും സംയുക്തമായാണ്.

എന്‍.എസ്.എസ്സാണ് പ്രതിപക്ഷത്തിന്റെ കച്ചിത്തുരുമ്പ്. ഏതോ സമുദായ പോപ്പ് പറയുന്നതിനനുസരിച്ച് തുള്ളുന്ന സമുദായങ്ങള്‍ ഇന്നില്ല എന്നെങ്കിലും ഇവര്‍ തിരിച്ചറിയുന്നത് നന്നായിരിക്കും. ആര്‍ജവമുണ്ടെങ്കില്‍ കേരളത്തിന്റെ വികസന മുന്നേറ്റത്തെക്കുറിച്ച് ഇവര്‍ പറയുമായിരുന്നു. സാമൂഹ്യ സുരക്ഷാ നടപടികളെക്കുറിച്ച് പറയുമായിരുന്നു. അത്തരം ചര്‍ച്ചകളിലേക്ക് അവര്‍ വരില്ല. ഇവര്‍ക്കൊന്നും ജനകീയ പ്രശ്‌നങ്ങള്‍ പറയാനില്ല എന്നര്‍ത്ഥം.

ജന്മനാ തലച്ചോറ് ശുഷ്‌കമായ ചില തലനരയ്ക്കാനനുവദിക്കാത്ത വൃദ്ധന്മാര്‍ എന്റെ തലയോട്ടിയുടെ ഉള്ളളവ് വിശകലനം ചെയ്യുന്ന തിരക്കിലാണ്. പീഡനക്കേസിലെ തന്നെക്കാള്‍ യുവാവായ പ്രതിയെ വിദേശത്തേക്ക് കടത്താന്‍ സഹായിച്ച യുവ വൃദ്ധന്റെ ജല്‍പ്പനങ്ങള്‍ക്കല്ല, നാടിന്റെ വികസനത്തെക്കുറിച്ചാണ് ജനങ്ങള്‍ കാതോര്‍ക്കുക. പക്ഷെ വറ്റിവരണ്ട തലമണ്ടയില്‍നിന്ന് കറുത്ത ചായത്തിന്റെ മണമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനാവില്ലല്ലോ.

Top