കൊച്ചി :മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രിക’യിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ ചുമതല ഏല്‍പ്പിച്ചത് മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുഈന്‍ അലി തങ്ങളെ. ഹൈദരലി തങ്ങളുടെ നിര്‍ദേശം അടങ്ങിയ കത്ത് ഡോ.കെ ടി ജലീലാണ് പുറത്തുവിട്ടത്.ചന്ദ്രിക അക്കൗണ്ട് വിവാദവുമായി ബന്ധപ്പെട്ട ആദ്യ നോട്ടീസ് ലഭിച്ച മാര്‍ച്ച് മാസത്തിലാണ് ഹൈദരലി തങ്ങള്‍ മൊഈന്‍ അലിയെ ചുമതലപ്പെടുത്തി കൊണ്ടുള്ള കത്ത് നല്‍കിയത്. സമീറും മാനേജ്മെന്റും ആലോചിച്ച് ഈ മാസം തന്നെ പ്രശ്നത്തിന് പരിഹാരം കാണമെന്നും ബാധ്യതകൾ തീർക്കണമെന്നുമാണ് കത്തിൽ പറയുന്നത്. പിന്നീട് ചന്ദ്രികയിലെ തിരിമറികള്‍ മൊഈന്‍ അലി തങ്ങള്‍ ശിഹാബ് തങ്ങളെ അറിയിച്ചിരുന്നതായും സൂചനയുണ്ട്.
ഇതോടെ ചന്ദ്രിക വിവാദവുമായി ബന്ധപ്പെട്ട നിയമകാര്യങ്ങള്‍ വിശദീകരിക്കാന്‍ അഭിഭാഷകന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ക്ഷണിക്കപ്പെടാതെയാണ് മൊഈന്‍ അലി എത്തിയതെന്നും അഭിഭാഷകന്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടെ ഇടപെട്ടാണ് ആരോപണങ്ങള്‍ നിരത്തിയതെന്നുമുള്ള മുസ്ലിംലീഗ് നേതൃത്വത്തിന്റെ വിശദീകരണമാണ് ചോദ്യംചെയ്യപ്പെടുന്നത്.
ഇഡിയുടെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടി വന്നതിന് കാരണം കുഞ്ഞാലിക്കുട്ടിയാണെന്നും അടക്കമുള്ള ഗുരുതര ആരോപണങ്ങളായിരുന്നു മൊഈന്‍ അലി വാർത്താസമ്മേളനത്തില്‍ ഉയർത്തിയത്. 40 വർഷത്തോളമായി ചന്ദ്രികയുടെ സാമ്പത്തിക കാര്യങ്ങള്‍ കെെകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണ്. കുഞ്ഞാലിക്കുട്ടി നിയമിച്ച ഫിനാന്‍സ് മാനേജര്‍ അബ്ദുള്‍ സമീറിന്റെ കഴിവുകേടാണ് ചന്ദ്രികയുടെ തകർച്ചയ്ക്ക് കാരണമെന്നും മൊഈന്‍ അലി ആരോപിച്ചിരുന്നു.
ചന്ദ്രികയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഈനലിയെ നിയോഗിച്ചിട്ടുണ്ട്. സമീറും മാനേജ്മെന്റും ആലോചിച്ച് ഈ മാസം തന്നെ പ്രശ്നത്തിന് പരിഹാരം കാണമെന്നും ബാധ്യതകള്‍ തീര്‍ക്കണമെന്നുമാണ് ഹൈദരലി തങ്ങള്‍ കത്തില്‍ പറയുന്നത്.
അതേസമയം, പരസ്യവിമര്‍ശനം വിവാദമായതോടെ മുഈന്‍ അലിയെ യൂത്ത് ലീഗ് ദേശിയ വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് മാറ്റുമെന്നടക്കം അഭ്യൂഹങ്ങളുണ്ടായിരുന്നു. നാളത്തെ ലീഗ് യോഗത്തില്‍ അച്ചടക്ക നടപടി സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നായിരുന്നു സൂചന. എന്നാല്‍ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യുമെന്ന് പ്രതികരിച്ച എം കെ മുനീർ അച്ചടക്കനടപടി സംബന്ധിച്ച് യോഗത്തിന് മുന്‍പ് പറയാന്‍ ആകില്ലെന്ന നിലപാടിലാണ്. വിവാദങ്ങളൊന്നും മുസ്ലിം ലീഗിന് ഒരു പോറലും ഉണ്ടാക്കല്ലെന്നും മുനീർ പറയുന്നു.
വാര്‍ത്താസമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചതോടെ മുഈന്‍ അലിക്കെതിരെ കൊലവിളിയും അസഭ്യവര്‍ഷവുമായി ലീഗ് പ്രവര്‍ത്തകന്‍ പാഞ്ഞടുത്തിരുന്നു. മുന്‍പ് ഐസ്‌ക്രീം പാര്‍ലര്‍ വിവാദം ഉണ്ടായപ്പോള്‍ മാധ്യമങ്ങള്‍ക്കുനേരെ അക്രമം നടത്തിയ അതേ ആളാണ് മുഈന്‍ അലി തങ്ങള്‍ക്കുനേരെയും കൊലവിളി നടത്തിയത്. ഈ സാഹചര്യത്തില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഹൈദരലി ശിഹാബ് തങ്ങള്‍ക്കും അദ്ദേഹത്തെ പരിചരിക്കുന്ന മകന്‍ മുഈനലി തങ്ങള്‍ ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങള്‍ക്കും ആവശ്യമായ സംരക്ഷണം സര്‍ക്കാര്‍ ഒരുക്കണമെന്നും കെ ടി ജലീല്‍ ആവശ്യപ്പെട്ടു.