മരണത്തിലും ഐവി ശശിയെ വിടാതെ ഒപ്പം; കാണുന്ന കാലം തൊട്ട് കൂടെ..

ഐവി ശശി എന്ന പ്രതിഭയുടെ മുഖം ഓര്‍മ്മ വരുന്പോള്‍ ഓടി എത്തുന്ന ഒന്നുണ്ട്. അദ്ധേഹത്തിന്‍റെ തൊപ്പി.പണ്ട് സിനിമാ ലോകത്തും അദ്ദേഹത്തിന്റെ തൊപ്പി ഏറെ ചര്‍ച്ചയായിരുന്നു. എന്താണ് തൊപ്പിക്ക് പിന്നിലെ കഥ. ആത്മാവ് ദൂരെ മറഞ്ഞു കിടക്കുമ്പോഴും ഐവി ശശിയെന്ന മനുഷ്യനെ വിട്ടുപിരിഞ്ഞിട്ടില്ലാത്ത ഏക വസ്തു ആ തൊപ്പി തന്നെയാണ്. അദ്ദേഹത്തിന്റെ തൊപ്പിയെ കുറിച്ച് അറിവില്ലാത്ത മലയാളികള്‍ നന്നേ കുറവാണ്. ഐവി ശശിക്ക് ആ തൊപ്പി ശരീരത്തിന്റെ ഭാഗം പോലെ ആയിരുന്നു. ഏത് ആള്‍ക്കൂട്ടത്തിലും അദ്ദേഹത്തെ ആര്‍ക്കും തിരിച്ചറിയാന്‍ സാധിച്ചിരുന്നതും ആ തൊപ്പി കൊണ്ടുതന്നെ. ഗോള്‍ഫ് ക്യാംപിന്റെ സംഭാവനയായ അദ്ദേഹത്തിന്റെ ആ തൊപ്പി സിനിമാ ലോകത്ത് ഏറെ വ്യത്യസ്തമായിരുന്നു. എല്ലാവരും തൊപ്പിയെ കുറിച്ച് ചര്‍ച്ച ചെയ്തു. ഗോള്‍ഫ് ക്യാംപിനെ കുറിച്ച് അറിയാത്ത മലയാളി പ്രേക്ഷകര്‍ ഐവി ശശി തൊപ്പി എന്ന് വിളിച്ചു. സിനിമാ സംവിധായകരില്‍ എല്ലാവര്‍ക്കും തൊപ്പിയുണ്ടാകും. വ്യത്യസ്തമായിരുന്നു മിക്കയാളുകളുടെയും തൊപ്പികള്‍. അക്കാലത്താണ് വ്യത്യസ്തമായ സിനിമകള്‍ ഒന്നിന് പിറകെ ഒന്നായി ഇറക്കിയ ഐവി ശശി തൊപ്പി കൊണ്ടും വ്യത്യസ്തനായതും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പൊതുവേദികളിലും സിനിമാ ചിത്രീകരണ കേന്ദ്രങ്ങളിലും സ്വകാര്യ ചടങ്ങിലും വരെ ശശി എത്തിയത് ആ തൊപ്പിവച്ചായിരുന്നു. തൊപ്പിയില്ലാതെ അദ്ദേഹത്തെ ആരും കണ്ടിട്ടില്ല. ജീവിതത്തില്‍ ഉടനീളം കൂടെയുണ്ടായിരുന്ന ആ തൊപ്പി മരിച്ചുകിടക്കുമ്പോഴും അദ്ദേഹത്തിന്റെ ശിരസിലുണ്ടായിരുന്നു. കഴിഞ്ഞ കാല പ്രതാപത്തിന്റെ ഓര്‍മകള്‍ പുതുക്കി നിന്ന തൊപ്പി, വിട്ടുപിരിയാന്‍ മനസില്ലെന്ന് പറയുന്ന പോലെ. ഐവി ശശിയുടെ സംസ്‌കാരം ചെന്നൈയില്‍ തന്നെ നടക്കും. വ്യാഴാഴ്ച രാവിലെ പത്തിന് പോരൂര്‍ ശ്മശാനത്തിലായിരിക്കും സംസ്‌കാരം. എന്നാല്‍ കോഴിക്കോട് സംസ്‌കരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഓസ്‌ട്രേലിയയിലുള്ള മകള്‍ അനു എത്തിയ ശേഷമായിരിക്കും സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍. ബുധനാഴ്ച വൈകീട്ട് മകള്‍ എത്തുമെന്നാണ് ലഭിച്ച വിവരം.

Top