മലയാളി അതുവരെ കൊണ്ടുനടന്ന സിനിമ സങ്കല്‍പ്പങ്ങളെ തകര്‍ത്തെറിഞ്ഞ സംവിധായകനായിരുന്നു ഐവി ശശി. തന്റെ ആള്‍ക്കൂട്ട സിനിമകളിലും ജീവിതം പറഞ്ഞ സിനിമകളിലും എല്ലാം വേറിട്ട ഭാവുകത്വം അദ്ദേഹം കാരുതിവച്ചു. മലയാളിയുടെ സിനിമാ സദാചാരത്തെ പൊട്ടിച്ചെറിഞ്ഞ സിനിമയായിരുന്നു അവളുടെ രാവുകള്‍. ലൈംഗിംക തൊഴിലാളിയുടെ കഥ പറഞ്ഞ അവളുടെ രാവുകള്‍ സിനിമാരംഗത്ത് വിപ്ലവം സൃഷ്ടിച്ചു. സീമ നായികയായി അഭിനയിച്ച ആ സിനിമ മലയാള ചലച്ചിത്ര ചരിത്രത്തില്‍ നിര്‍ണായകമായ ഒരു ഏടാണ് രേഖപ്പെടുത്തിയത്.
മലയാളത്തില്‍ ആദ്യമായി ‘എ’ സര്‍ട്ടിഫിക്കറ്റ് കിട്ടിയ ഈ ചിത്രത്തിന് ഒരു ഇക്കിളിപ്പടം എന്ന പ്രതിച്ഛായയല്ല ഉള്ളത്. അതുവരെ ആരും പറയാത്ത ഒരു സ്ത്രീപക്ഷ സിനിമ, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ശബ്ദം എന്ന നിലയില്‍ പിന്നീട് ഗൗരവമായ വായനക്ക് ഈ ചിത്രം വിധേയമായി. ഇറങ്ങിയ സമയത്ത് അശ്ലീലചിത്രമെന്ന് മുദ്ര കുത്തപ്പെട്ടെങ്കിലും മികച്ച ചലച്ചിത്രമാണ് അതെന്ന് പിന്നീട് വിലയിരുത്തപ്പെട്ടിട്ടുണ്ട്. ലൈംഗീക സദാചാര സങ്കല്‍പ്പങ്ങളെ ഉടയ്ക്കുന്ന ഒന്നായി അദ്ദേഹത്തിന്റെ മറ്റ് പല സിനിമകളും. ഇതാ ഇവിടെ വരെയിലെ പിഴപ്പിക്കപ്പെട്ട നായിക പിഴപ്പിച്ച നായകനോട് ക്ലമാക്‌സില്‍ പറയുന്ന ”എന്റെ പട്ടി വരും നിന്റെ കൂടെ” എന്ന ഡയലോഗിനോളം ശ്കതമായ ഒന്ന് അതിന് മുമ്പോ പിമ്പോ മലയാള സിനിമയില്‍ ഉണ്ടായിട്ടില്ലെന്ന് വേണമെങ്കില്‍ പറയാം.
നൃത്തരംഗങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന ശാന്തി എന്ന നര്‍ത്തകിയെ സംവിധായകന്‍ ഐ.വി ശശി സീമ എന്ന പേരില്‍ തന്റെ നായിക രാജിയെ അവതരിപ്പിക്കാനായി തെരഞ്ഞെടുത്തു. പിന്നീട് സീമ ശശിയുടെ ജീവിതത്തിലെയും മലയാളത്തിന്റെയും പ്രിയപ്പെട്ട നായികയായും മാറി. ഈ സിനിമ കരുത്തുറ്റ അഭിനേത്രയെ കൂടി മലയാളത്തിന് സമ്മാനിച്ചു. സിനിമാഭിനയം പാപമാണെന്ന് ധരിച്ചിരുന്ന കാലത്താണ് കരുത്തുറ്റ കഥാപാത്രങ്ങളുമായി സീമ എന്ന നടി മലയാള സിനിമയില്‍ എത്തിയത്.
സീമയുടെ അഭിനയ ജീവിതത്തില്‍ എന്നും കരുത്ത് പകര്‍ന്ന സാന്നിധ്യമായിരുന്നു ഐ.വി. ശശി. മലയാള സിനിമയില്‍ ശക്തനായ സംവിധായകന്റെ വരവറിയിച്ച സിനിമയായിരുന്നു അവളുടെ രാവുകള്‍. മുപ്പതോളം സിനിമകളില്‍ ഒരുമിച്ച് ജോലി ചെയ്ത ഈ ദമ്പതികള്‍ ഇക്കാര്യത്തില്‍ റെക്കോര്‍ഡും സൃഷ്ടിച്ചിട്ടുണ്ട്.