80-കളിൽ സംവിധായകന്റെ തുറുപ്പ് ചീട്ടിൽ മമ്മൂട്ടിക്ക് ഒപ്പം നായകനായി മോഹൻലാൽ എത്തിയതോടെ പ്രേക്ഷകരുടെ കയ്യടി വാരിക്കൂട്ടിയത് മോഹൻലാലും

ഒരു കാലത്തു മലയാള സിനിമയുടെ എറ്റവും ഗ്യാരണ്ടി ഉണ്ടായിരുന്ന ടീം ആയിരുന്നു മമ്മൂട്ടി & രതീഷ്‌. ഈ കോമ്പിനേഷന്‍ മലയാള സിനിമയുടെ ബോക്സോഫീസില്‍ മിനിമം ഗ്യാരണ്ടി ഉറപ്പ് നല്‍കുന്ന 80-കളിലാണ് ഐ.വി.ശശി ‘നാണയം’ എന്ന ചിത്രം ചെയ്യുന്നത്. മുന്‍പ് മമ്മൂട്ടിയും രതീഷും ഒരുമിച്ച ഐ.വി.ശശിയുടെ തൃഷ്ണ (1981), അഹിംസ (1981), ഈ നാട് (1982), തടാകം (1982), ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍ (1982), ഇനിയെങ്കിലും (1983) തുടങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളായി മാറിയിരുന്നു. ടി .ദാമോദരന്‍ മാസ്റ്ററുടെ രചനയില്‍ ഐ.വി.ശശി സംവിധാനം ചെയ്ത നാണയത്തില്‍ രതീഷിനെയും മമ്മൂട്ടിയെയുമായിരുന്നു ആദ്യം നിശ്ചയിച്ചത്.
Nanayam
അക്കാലത്ത് രതീഷ്‌ ഭയങ്കര തിരക്കുള്ള താരമാണ്, എന്നാൽ ഐ.വി.ശശി ഡേറ്റ് ചോദിച്ചാല്‍ മറ്റു ചിത്രങ്ങളുടെ തിരക്ക് മാറ്റിവെച്ച് രതീഷ്‌ പറന്നുവരും എന്ന് ശശിക്ക് അറിയാമായിരുന്നു. ഇതേ സമയം ഇതിനിടയില്‍ പൂർത്തിയായ നാണയത്തിന്‍റെ തിരക്കഥ വായിക്കാന്‍ ഐ.വി.ശശി ദാമോദരന്‍ മാസ്റ്ററുടെ അടുത്ത് ചെന്നു. തിരക്കഥ വായന കഴിഞ്ഞതും ദാമോദരന്‍ മാസ്റ്റര്‍ വെറുതെ ശശിയോട് ചോദിച്ചു, ”ഇത്തവണ നമ്മുക്ക് രതീഷ്‌-മമ്മൂട്ടി കോമ്പോ ഒന്ന് മാറ്റിപിടിച്ചാലോ ശശീ”. എങ്കില്‍ മാസ്റ്റര്‍ തന്നെ രതീഷിന്റെ പകരക്കാരന്റെ പേരു പറയൂ എന്നായി ശശി. അപ്പോൾ ‘രവീന്ദ്രന്‍, ജോസ്, മോഹന്‍ലാല്‍ എന്നിങ്ങനെ മൂന്നു പേരുകള്‍ ദാമോദരന്‍ മാസ്റ്റര്‍ പറഞ്ഞു.
Nanayam
ഉടൻ തന്നെ ഐ.വി.ശശി ഒരു കടലാസ് എടുത്ത് കീറി ഈ മൂന്ന്‍ പേരും എഴുതിയിട്ട് നറുക്കിട്ടു. അങ്ങനെ വീണ നറുക്കിലായിരുന്നു സൂപ്പര്‍ ഹിറ്റ്‌ ചിത്രമായ നാണയത്തില്‍ മമ്മൂട്ടിയോടൊപ്പം നായകനായി മോഹന്‍ലാലിനും അവസരം കിട്ടിയത്. അക്കാലത്തു മോഹൻലാലിന് നിറയെ കയ്യടി കിട്ടിയ ചിത്രമായിരുന്നു നാണയം.

Top