ജേക്കബ് തോമസിന്റെ പുസ്തകത്തില്‍ 14 ഇടങ്ങളില്‍ ചട്ടലംഘനമാകുന്ന പരാമര്‍ശങ്ങളെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: ജേക്കബ് തോമസിന്‍റെ ഏറെ വിവാദമായ ആത്മകഥ‘ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകത്തില്‍ ചട്ടലംഘനമുണ്ടെന്ന് ചീഫ് സെക്രട്ടറി നളനി നെറ്റോ. പുസ്തകത്തില്‍ 14 ഇടങ്ങളില്‍ ചട്ടലംഘനമാകുന്ന പരാമര്‍ശങ്ങളുണ്ട്. ഉള്ളടക്കം അറിയിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അറിയിച്ചില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഇതേതുടര്‍ന്നു കൂടുതല്‍ പരിശോധനകള്‍ക്കു ചീഫ് സെക്രട്ടറി ശിപാര്‍ശ നല്‍കി.മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്‍റെ ആത്മകഥ ’സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങിനു മുഖ്യമന്ത്രിയെ ആയിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ നിയമപ്രശ്നം ചൂണ്ടിക്കാണിച്ചു ചടങ്ങില്‍ പങ്കെടുക്കരുതെന്നാവശ്യപ്പെട്ടു കെ.സി. ജോസഫ് എംഎല്‍എ കത്ത് നല്‍കിയിരുന്നു. ഇതേതുടര്‍ന്നു നിയമസെക്രട്ടറിയുടെ ഉപദേശം അനുസരിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങില്‍നിന്നു വിട്ടുനിന്നിരുന്നു.
പ്രകാശനത്തിന് മുമ്പുതന്നെ പുസ്തകം എഴുതുന്നതിനെക്കുറിച്ച് ജേക്കബ് തോമസ് അറിയിച്ചിരുന്നു. എന്നാല്‍ ഉളളടക്കം അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് അറിയിച്ചില്ലെന്നും മുഖ്യമന്ത്രിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കുന്നു. ബാര്‍ കോഴക്കേസ്, സിവില്‍ സപ്ലൈസിലെ അഴിമതി, ജേക്കബ് തോമസ് മദനിയെ അറസ്റ്റ് ചെയ്യുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത് എന്നിങ്ങനെയുളള പുസ്തകത്തിലെ ഉളളടക്കങ്ങള്‍ നേരത്തെ വാര്‍ത്തയായിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ്, സിപിഐ നേതാക്കള്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു. പുസ്തക പ്രകാശന ചടങ്ങില്‍ നിന്നും മുഖ്യമന്ത്രി പിന്മാറിയിരുന്നു. ഇതിന് പിന്നാലെ ജേക്കബ് തോമസ് പുസ്തക പ്രകാശന ചടങ്ങ് ഉപേക്ഷിച്ചിരുന്നു. എഎസ്പിയായി സര്‍വീസില്‍ പ്രവേശിച്ച് വിജിലന്‍സ് ഡയറക്ടറുടെ പദവിയില്‍നിന്ന് അവധിയില്‍ കഴിയുന്ന ജേക്കബ് തോമസിന്റെ 250 പേജ് വരുന്ന പുസ്തകത്തില്‍ സപ്ലൈകോ എംഡിയായിരിക്കെ വകുപ്പില്‍ നടന്ന കോടികളുടെ ക്രമക്കേടുകളെക്കുറിച്ചും വ്യക്തമാക്കുന്നുണ്ട്.

Top