കൊച്ചി :നായനാര്‍ സര്‍ക്കാര്‍ കാലത്ത് മദനിയെ അറസ്റ്റ് ചെയ്യില്ലെന്ന് പറഞ്ഞത് കഷ്ടകാലത്തിന്റെ തുടക്കമായിരുന്നു എന്ന് മുന്‍ വിജിലന്‍സ് ഡയറക്ടറുമായ ഡോ. ജേക്കബ് തോമസിന്റെ വെളിപ്പെടുത്തല്‍ . ഔദ്യോഗിക ജീവിതത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകത്തിലാണ് ജേക്കബ് തോമസിന്റെ വെളിപ്പെടുത്തലെന്നും മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
1998ല്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായിരിക്കെ, കോയമ്പത്തൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് മദനിയെ അറസ്റ്റുചെയ്യണമെന്ന അന്നത്തെ ഉത്തരമേഖല ഐജി ജേക്കബ് പുന്നൂസിന്റെ നിര്‍ദേശത്തിന് എന്തിനാണ് അറസ്റ്റെന്ന തന്റെ മറുചോദ്യത്തോടെ സേനയിലെ തന്റെ കഷ്ടകാലത്തിന് തുടക്കമായി. വ്യക്തമായ കാരണമില്ലാതെ മദനിയെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ചതിനെ ചോദ്യം ചെയ്യാതിരിക്കാനാവുമായിരുന്നില്ല. എന്തിനാണ് അറസ്‌റ്റെന്നും തെളിവുകളുണ്ടോയെന്നും ഐജിയോട് ചോദിച്ചത് വലിയ അപരാധമായിപ്പോയെന്ന വിലയിരുത്തലും ഉണ്ടായി. മദനിയെ അറസ്റ്റ് ചെയ്യാന്‍ ഞാന്‍ തയ്യാറായില്ല. വാറന്റോ തെളിവുകളോ ഇല്ലാതെ അറസ്റ്റുചെയ്യില്ലെന്ന നിലപാടില്‍ ഉറച്ചുനിന്ന തനിക്ക് അടുത്തദിവസം സിറ്റി പൊലീസ് കമ്മീഷണറുടെ പദവിയില്‍ നിന്ന് ഒഴിയേണ്ടി വന്നു. മദനിയെ അറസ്റ്റ് ചെയ്യാതിരുന്നത് അതിനെ മനുഷ്യാവകാശപ്രശ്‌നമായി കണ്ടാണ്.
മനുഷ്യാവകാശം സംരക്ഷിക്കാന്‍ ഈ നിലപാടിലൂടെ കഴിഞ്ഞു. ഒമ്പതുവര്‍ഷത്തെ ജയില്‍വാസത്തിനുശേഷം മദനി പുറത്തുവന്നതും തെളിവുകളുടെ അഭാവത്തിലായിരുന്നു. എന്നാല്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ.കെ നായനാരും തനിക്കെതിരായ റിപ്പോര്‍ട്ട് അംഗീകരിച്ചു. അതിനുശേഷം പൊലീസ് യൂണിഫോം അണിയേണ്ടി വന്നിട്ടില്ല. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ മാനെജിങ് ഡയറക്ടര്‍, ജോയന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, കെടിഡിഎഫ്‌സി മാനെജിങ് ഡയറക്ടര്‍, ഫിലിം ഡെവല്പ്പ്‌മെന്റ് കോര്‍പ്പറേഷന്‍ എംഡി, ഫയര്‍ഫോഴ്‌സ് മേധാവി തുടങ്ങിയവ ആയിരുന്നു പിന്നീടുളള പദവികള്‍. താന്‍ അറസ്റ്റ് ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സിഐയായിരുന്ന എവി ജോര്‍ജ് 1998 മാര്‍ച്ച് 31ന് രാത്രി കൊച്ചിയിലെത്തി മദനിയെ അറസ്റ്റ് ചെയ്ത് കോഴിക്കോട്ടേക്ക് കൊണ്ടുപോയി.
–ജേക്കബ് തോമസ്, സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍
കറന്റ്ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം ഈ മാസം 22ന് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെയ്യുന്നത്. എഎസ്പിയായി സര്‍വീസില്‍ പ്രവേശിച്ച് വിജിലന്‍സ് ഡയറക്ടറുടെ പദവിയില്‍നിന്ന് അവധിയില്‍ കഴിയുന്ന ജേക്കബ് തോമസിന്റെ 250 പേജ് വരുന്ന പുസ്തകത്തില്‍ സപ്ലൈകോ എംഡിയായിരിക്കെ വകുപ്പില്‍ നടന്ന കോടികളുടെ ക്രമക്കേടുകളെക്കുറിച്ചും വ്യക്തമാക്കുന്നുണ്ട്.