പാലക്കാട്: അട്ടപ്പാടിയിലെ ക്രൂരമായ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മലയാളികളെമ്പാടും ഫേസ്ബുക്കില്‍ തങ്ങളുടെ വികാരം അറിയിക്കുകയാണ്. ഇതിനിടയില്‍ വ്യത്യസ്തമായ ഒരു പോസ്റ്റുമായി മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ‘പാഠം ആറ്, കാട്ടിലെ കണക്ക്’ എന്ന തലക്കെട്ടിലാണ് ജേക്കബ് തോമസിന്റെ പോസ്റ്റ്. രൂക്ഷമായ വിമര്‍ശനമാണ് പോസ്റ്റില്‍ മുന്‍ വിജിലന്‍സ് മേധാവി ഉന്നയിക്കുന്നത്.
അന്നമില്ലാതെ മരിച്ചത് 100 കുഞ്ഞുങ്ങളാണെന്നും അടിയേറ്റു മരിച്ചവര്‍ ഒരാളുമാണെന്നും പറയുന്ന പോസ്റ്റില്‍ മരിച്ചു ജീവിക്കുന്നത് 31,000 പേരാണെന്നും പറയുന്നു. 500 കോടി രൂപ മുടക്കിയെന്നും സുഖിച്ച് ജീവിക്കുന്നത് 28 വകുപ്പുകളിലുള്ളവരാണെന്നും ജേക്കബ് തോമസ് ആരോപിക്കുന്നു. വിജിലന്‍സിന്റെ ബി.ടി ഓഡിറ്റ് ആളെ തട്ടിയെന്നും പരിഹസിക്കുന്ന ജേക്കബ് തോമസ് ‘നാം മുന്നോട്ട്, കാടിന്റെ മക്കള്‍ പിന്നോട്ട്!’ എന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
മധുവിന്റെ കൊലപാതകത്തില്‍ നേരത്തേ രൂക്ഷമായ പ്രതികരണം ജേക്കബ് തോമസ് ഫേസ്ബുക്കിലൂടെ നടത്തിയിരുന്നു. വിശപ്പടക്കാന്‍ അരി മോഷ്ടിക്കേണ്ട സ്ഥിതിയിലേക്ക് മധു എങ്ങനെയെത്തി എന്നാണ് ജേക്കബ് തോമസ് ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചത്. പോളണ്ടിനെയും നികരാഗ്വയെയും പറ്റി പറയുന്ന ബുദ്ധിജീവികള്‍ക്ക് എന്ത്‌കൊണ്ട് അട്ടപ്പാടിയെ കുറിച്ച് മിണ്ടുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
വിശപ്പടക്കാന്‍ അപ്പകഷ്ണം മോഷ്ടിച്ചതിന് ഫ്രഞ്ച് മുതലാളിത്ത സമൂഹം ശിക്ഷിച്ച ജീന്‍ വാള്‍ ജീന്റെ കഥ വിക്ടര്‍ ഹ്യൂഗോ എഴുതിയിട്ട് ഒരുപാട് കാലമായി. എന്നാല്‍ ഇന്നും അതേ പോലുള്ള അവസ്ഥ സമൂഹത്തില്‍ ഉണ്ട്. പട്ടിണിക്കാരന്‍ കൊല്ലപ്പെടേണ്ടവനാണ് എന്ന തലത്തിലേക്ക് നമ്മുടെ സാമൂഹ്യബോധം തരംതാണിരിക്കുന്നു. വന്‍കിട മുതലാളിമാര്‍ക്കും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കും വേണ്ടി വാചാലരാകുന്നവര്‍ ഭക്ഷണം വാങ്ങാന്‍ നിവൃത്തിയില്ലാത്തവനെ തല്ലിക്കൊല്ലുന്ന ജനത്തെ ഭരിക്കുകയാണെന്നും ജേക്കബ് തോമസ് കുറ്റപ്പെടുത്തിയിരുന്നു.