കോടതിമുറിയിലേക്ക് ജയില്‍ ചപ്പാത്തിയുമായി എത്തിയ തടവുകാരന് സംഭവിച്ചത്

മുംബൈ: ആര്‍തര്‍ റോഡ് ജയിലിലെ തടവുകാരനായ സാജിദാണ് കോടതിയിലേക്ക് ജയില്‍ ചപ്പാത്തിയുമായി എത്തിയത്. തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ഇതിന് പ്രത്യേകമായ പരിഗണനകള്‍ അനുവദിച്ചുതരണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള സാജിദിന്റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.  ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും അപസ്മാരവുമുള്ള സാജിദ് തന്റെ ആരോഗ്യനില മോശമാണെന്ന് വക്കീല്‍ മുഖേന കോടതിയെ ബോധ്യപ്പെടുത്തി. ഇതിനായി ഡോക്ടറുടെ സാക്ഷ്യപത്രവും കരുതിയിരുന്നു. തുടര്‍ന്ന് ജയിലിലെ ഭക്ഷണം തീരെ നിലവാരമില്ലാത്തതാണെന്നും അതിനാല്‍ വീട്ടില്‍ നിന്ന് ഭക്ഷണം വരുത്തി കഴിക്കാന്‍ അനുമതി നല്‍കണമെന്നും സാജിദ് കോടതിയോട് അഭ്യര്‍ത്ഥിച്ചു.

ഇതിനെ തെളിവായി നല്‍കാനാണ് ജയിലില്‍ കഴിക്കാന്‍ നല്‍കുന്ന ചപ്പാത്തിയുമായി ഇയാള്‍ ജഡ്ജിക്ക് മുന്നിലെത്തിയത്.  ജയില്‍ ഭക്ഷണത്തിന്റെ നിലവാരം വിലയിരുത്തുന്നതിന്റെ ഭാഗമായി സാജിദ് കൊണ്ടുവന്ന ചപ്പാത്തി ജഡ്ജി പരിശോധിച്ചു. ഉടന്‍ തന്നെ ഉത്തരവുമിട്ടു. ചപ്പാത്തി ആവശ്യത്തിന് നിലവാരം പുലര്‍ത്തുന്നില്ലെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന തടവുകാരന് ഇനിയും ഈ ഭക്ഷണം കൊടുക്കുന്നത് സുരക്ഷിതമല്ലെന്നുമായിരുന്നു ജഡ്ജിയുടെ നിരീക്ഷണം. ശേഷം അടുത്ത ആറ് മാസത്തേക്ക് വീട്ടില്‍ നിന്ന് ഭക്ഷണം വരുത്തി കഴിക്കാന്‍ സാജിദിന് അനുവാദവും നല്‍കി.  ഇതിന് മുമ്പും സാജിദ് ഇത്തരത്തിലുള്ള ആനുകൂല്യങ്ങള്‍ കോടതിയുടെ സഹായത്തോടെ നേടിയിട്ടുണ്ട്. റംസാന്‍ സമയത്തും വീട്ടില്‍ നിന്ന് ഭക്ഷണം വരുത്തി കഴിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. 2015ല്‍ 30 കോടി രൂപയുടെ ലഹിരിമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് സാജിദ് ശിക്ഷിക്കപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top