വാഗ്ദാനങ്ങളില്‍ നിന്നും പിന്‍വാങ്ങി ബിജെപി: അറ്റലസ് രാമചന്ദ്രന്റെ മോചനത്തിനുള്ള ശ്രമങ്ങള്‍ പരാജയം; ദയനീയാവസ്ഥയില്‍ വ്യവസായി

തിരുവനന്തപുരം: അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിനായുള്ള ശ്രമങ്ങള്‍ ബിജെപി നേതൃത്വം ഉപേക്ഷിച്ചു. രണ്ട് പ്രധാന വജ്രവ്യവസായികള്‍ അറ്റ്ലസ് രാമചന്ദ്രനെതിരെയുള്ള കേസ് ഒത്തുതീര്‍പ്പാക്കാന്‍ സമ്മതിക്കാത്താണ് ഇതിന് കാരണമെന്ന് സൂചന. രാജ്യത്തെ ബാങ്കുകളെ പറ്റിച്ച് വിദേശത്തേക്ക് നടന്ന നീരവ് മോദി, വിജയ് മല്ല്യ എന്നിവര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോവുകയാണ് കേന്ദ്രസര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ അറ്റ്ലസ് രാമചന്ദ്രനെ മോചിപ്പിക്കാന്‍ ശ്രമിക്കുന്നത് അന്താരാഷ്ട്രതലത്തില്‍ പ്രതിച്ഛായ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് ഇടപെടല്‍ മതിയാക്കുന്നത്.

ഒരു കേസിലെ ശിക്ഷയായ മൂന്നു വര്‍ഷം തടവാണ് രാമചന്ദ്രന്‍ ദുബായില്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. തുടര്‍ന്ന് മറ്റു കേസുകളിലും ഇതുപോലെ വിധി വരികയാണെങ്കില്‍ അദ്ദേഹം വര്‍ഷങ്ങളോളം ജയിലില്‍ കഴിയേണ്ടി വരും. എന്നാല്‍, രണ്ടു വര്‍ഷമായി ജയിലില്‍ കഴിയുന്ന അദ്ദേഹത്തിന്റെ മോചനത്തിനായി ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുകയും അതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന നിരവധി പേര്‍ ദുബായിലുണ്ട്. എന്നാല്‍ അവര്‍ക്കാര്‍ക്കും ഒന്നും ചെയ്യാനാകുനില്ല. ഭര്‍ത്താവിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും വീല്‍ചെയറിലാണ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതെന്നുമുള്ള കാര്യങ്ങള്‍ ഭാര്യ ഇന്ദിരയും വിശദീകരിക്കുന്നു. അതിന് അപ്പുറം ഒന്നും ഇന്ദിരയ്ക്ക് അറിയില്ല. ഭര്‍ത്താവിന്റെ മോചനത്തിനായി ബിജെപി നടത്തുന്ന നീക്കങ്ങളിലും വ്യക്തതയില്ല. ഇതിനിടെയാണ് ഈ നീക്കം ബിജെപി തല്‍കാലത്തേക്ക് നിര്‍ത്തിയതായുള്ള സൂചന മറുനാടന് ലഭിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭര്‍ത്താവും മകളും മരുമകനും ജയിലിലാണ്. ഞാന്‍ ഒറ്റയ്ക്കു ഭയന്നാണ് ദുബായിലെ വീട്ടില്‍ കഴിയുന്നത്. എനിക്കെതിരെയും നിയമ നടപടിയുണ്ടാകുമോ എന്ന പേടിയുമുണ്ടെന്ന് ഇന്ദിര പറയുന്നു. അറ്റ്ലസ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ പലതും നഷ്ടത്തിലാണ്. ജീവനക്കാര്‍ ശമ്പളം കിട്ടാതെ പലപ്പോഴും എന്നെ സമീപിക്കുന്നു. പക്ഷേ, ഞാന്‍ നിസ്സഹായയാണ്. ഭര്‍ത്താവിന്റെ മോചനം സംബന്ധിച്ചു വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ തനിക്കും പ്രതീക്ഷയാണുള്ളതെന്നാണ് അവരുടെ നിലപാട്. അതിന് അപ്പുറത്തേക്ക് ഒന്നും അവര്‍ക്ക് അറിയില്ല. ബിജെപിയുടെ പ്രവാസി സെല്‍ നേതാവായ ഹരികുമാറിന്റെ നേതൃത്വത്തിലാണ് രാമചന്ദ്രനെ പുറത്തിറക്കാന്‍ ശ്രമങ്ങള്‍ നടത്തിയത്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയും കിട്ടി. 21 ബാങ്കുകളെ കാര്യങ്ങള്‍ പറഞ്ഞു ധരിപ്പിച്ചു. അപ്പോഴും രണ്ട് പേര്‍ വില്ലന്മാരായി നിലകൊണ്ടു. ഇവരെ അനുനയിപ്പിക്കാന്‍ ബിജെപി നേതൃത്വം ഇടപെട്ടെങ്കിലും ഫലിച്ചില്ല.

22 ബാങ്കുകളിലും സ്വകാര്യ വ്യക്തികളിലും നിന്ന് എടുത്ത വായ്പ ഇന്ത്യയിലെ അദ്ദേഹത്തിന്റെ അറ്റ്‌ലസ് ഇന്ത്യ ജൂവലറിയിലേക്കും കൊച്ചി, തിരുവനന്തപുരം, ബംഗളൂരു, മുംബൈ, ചെന്നൈ, ഡല്‍ഹി തുടങ്ങിയ നഗരങ്ങളില്‍ ഭൂമി വാങ്ങിക്കൂട്ടാനും മുംബൈയിലെ ഒരു പൂട്ടിക്കിടന്ന തുണിമില്‍ വാങ്ങാനും വിനിയോഗിച്ചുവെന്നായിരുന്നു കണ്ടെത്തല്‍. ചെക്കുതട്ടിപ്പ് കേസില്‍ ക്രിമിനല്‍ കുറ്റാരോപിതനായ അറ്റ്‌ലസ് രാമചന്ദ്രന്‍ പിഴയും വായ്പത്തുകയുമടയ്ക്കാത്തതിനാല്‍ ജയിലിലാകുന്നതിന് തൊട്ടുമുമ്പ് മകള്‍ മഞ്ജുരാമചന്ദ്രനും ഭര്‍ത്താവ് അരുണും ഇന്‍ഷുറന്‍സ് തട്ടിപ്പ് കേസില്‍ ജയിലിലായിരുന്നു. കടുത്ത ജാമ്യവ്യവസ്ഥകളോടെ മഞ്ജു മോചിതയായെങ്കിലും അച്ഛന്റെയും മകളുടേയും കടബാധ്യതകള്‍ അതേപടി തുടരുന്നു. കുടുംബം ഊരാക്കുടുക്കില്‍പ്പെട്ടതോടെ മകന്‍ ശ്രീകാന്ത് യുഎസിലേയ്ക്ക് ചേക്കേറി. ഇതോടെ ഇന്ദിരാ രാമചന്ദ്രന്‍ ദുബായിലെ വാടകവീട്ടിലായി താമസം.

68 കാരിയായ ഇന്ദിര ഭര്‍ത്താവിന്റെ മോചനത്തിനു വേണ്ടി മുട്ടാത്ത വാതിലുകളില്ല. ഇതേത്തുടര്‍ന്ന് വായ്പ നല്‍കിയ 22 ബാങ്കുകള്‍ ജയില്‍ മോചിതനാകുന്നതിന് എതിര്‍പ്പില്ലെന്നും എന്നാല്‍ പുറത്തിറങ്ങിയാല്‍ ബാധ്യത നിശ്ചിതസമയത്തിനുള്ളില്‍ തീര്‍ക്കണമെന്ന് ധാരണയുണ്ടാക്കണമെന്നും ആവശ്യപ്പെട്ടതോടെ ജയില്‍ മോചനസാധ്യതകള്‍ ഉയരുകയായിരുന്നു. പത്തനംതിട്ടയിലെ ഒരു സ്വകാര്യവ്യക്തിയുടെ നിയന്ത്രണത്തിലുള്ള രണ്ട് വജ്രവ്യാപാരികള്‍ ബാധ്യത തീര്‍ക്കാനുള്ള ധാരണയ്ക്ക് ഇനിയും വഴങ്ങാത്തതാണ് മോചനം നീളുന്നതിനു കാരണമെന്ന് വായ്പ നല്‍കിയ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം പറയുന്നു. അറ്റ്‌ലസ് രാമചന്ദ്രന്റെ ഉടമസ്ഥതയിലുള്ള കുവൈറ്റിലെ വന്‍കിട ആശുപത്രി പ്രവാസി കോടീശ്വരനും എന്‍എംസി ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പിന്റെ ചെയര്‍മാനുമായ ഡോ. ബി ആര്‍ ഷെട്ടിക്ക് വിറ്റ് കടം തീര്‍ക്കാനുള്ള നീക്കങ്ങളും നടന്നു. മലയാളിയായ വ്യവസായിയാണ് അറ്റ്ലസിന് പാരയുമായുള്ളത്. വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് രാമചന്ദ്രന് അനുകൂലമായി രംഗത്തു വന്നു. ഇതോടെയാണ് ബിജെപി നേതാക്കള്‍ കേസ് ഒതുക്കാന്‍ രംഗത്ത് വന്നത്. ഇക്കാര്യം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സ്ഥിരീകരിക്കുകയും ചെയ്തു. അങ്ങനെ ജീവന്‍ വച്ച നീക്കമാണ് അകാലത്തില്‍ നിന്നു പോയത്. നീരവ് മോദിയുടെ തട്ടിപ്പ് കേസാണ് ഇതിന് കാരണമെന്നാണ് സൂചന.

ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് വജ്രവ്യവസായത്തിന് ശതകോടികളാണ് നീരവ് മോദി ലോണെടുത്തത്. അതിന് ശേഷം രാജ്യം വിട്ടു. ഈ കേസില്‍ നീരവിനെ നാട്ടിലെത്തിക്കാന്‍ മോദി സര്‍ക്കാര്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്. ഈ സാഹചര്യത്തില്‍ അറ്റ്ലസിന് വേണ്ടി വാദിക്കുന്നത് ഗുണകരമാകില്ല. അറ്റ്ലസും ദുബായിലെ ബാങ്കുകളില്‍ നിന്ന് കടമെടുത്ത് വഞ്ചിച്ചുവെന്നാണ് കേസ്. അങ്ങനെ നീരവ് മോദിയെ കുടുക്കാനെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ പതിയെ പിന്മാറി. ഇതോടെയാണ് രാമചന്ദ്രന്റെ ജയില്‍ മോചനത്തില്‍ പുതിയ പ്രതിസന്ധികളെത്തുന്നത്. കേസുകളെല്ലാം പറഞ്ഞു തീര്‍ത്തില്ലെങ്കില്‍ അറ്റ്ലസിന് കുറഞ്ഞത് 41 കൊല്ലം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നാണ് സൂചന. പ്രായം ഏറെ ആയതിന്റെ ആനുകൂല്യം ലഭിക്കാനും ഇടയുണ്ട്. അതിനിടെ കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങളുടെ ഫലമായി അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായാലും അടുത്തെങ്ങും ഇന്ത്യയിലേയ്ക്ക് പോകാനാവില്ലെന്ന് അധികൃതര്‍ സൂചിപ്പിച്ചിട്ടുണ്ട്.

Top