ജാമ്യത്തിലിറങ്ങിയ പീഡനക്കേസ് പ്രതിയാണോ ജിഷയുടെ കൊലപാതകത്തിനുപിന്നില്‍; ഏപ്രിലില്‍ ജയിലില്‍നിന്നിറങ്ങിയത് 224 പീഡനക്കേസ് പ്രതികള്‍

how_to_decide_if_you_should_bail_someone_out_of_jail_when_arrested

കൊച്ചി: കഴിഞ്ഞ മാസം ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയത് 224 പീഡനക്കേസ് പ്രതികളാണ്. പെണ്‍കുട്ടികള്‍ സൂക്ഷിച്ചിരിക്കേണ്ടിരിക്കുന്നുവെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്. ജാമ്യത്തിലിറങ്ങിയ പ്രതികളിലാര്‍ക്കെങ്കിലും ജിഷ കൊലപാതകത്തില്‍ പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ജിഷ വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ജയില്‍ ഡിജിപി മുഖേന പൊലീസ് കണക്കു ശേഖരിച്ചിട്ടുണ്ട്.

ഏപ്രില്‍ ഒന്നു മുതല്‍ 30 വരെ ജയിലില്‍നിന്നിറങ്ങിയ മാനഭംഗക്കേസ് പ്രതികളുടെ വിവരം നല്‍കാനാണ് ആവശ്യപ്പെട്ടിരുന്നത്. ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ടവരില്‍ ആര്‍ക്കെങ്കിലും ജിഷയുടെ കൊലപാതകവുമായി ബന്ധമുണ്ടോയെന്നു കണ്ടെത്താനാണിത്. ജാമ്യത്തിലിറങ്ങിയവരില്‍ വിചാരണത്തടവുകാരും കീഴ്‌ക്കോടതികളില്‍ ശിക്ഷ വിധിക്കപ്പെട്ടവരുമുണ്ട്. എറണാകുളം ജില്ലയില്‍ വിലാസമുള്ള 19 പേര്‍ ഇക്കൂട്ടത്തിലുണ്ട്. ഇതില്‍ എട്ടു പേര്‍ ജില്ലാ ജയിലില്‍ കഴിഞ്ഞവരും മറ്റുള്ളവര്‍ സംസ്ഥാനത്തെ മറ്റ് ഏഴു ജയിലുകളില്‍ കഴിഞ്ഞവരുമാണ്. ഇതില്‍ മൂന്നു പേര്‍ ശിക്ഷാത്തടവുകാരാണ്. എറണാകുളം ജില്ലയില്‍ താമസിക്കുന്ന ഇതര സംസ്ഥാനക്കാരായ ചിലരും ഈ കാലയളവില്‍ ജയിലില്‍നിന്നിറങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ഇന്നലെയിറങ്ങിയ ഏഴില്‍ മൂന്നു പേര്‍ ശിക്ഷാത്തടവുകാരാണ്. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ഇത്തരം കേസുകളിലെ ശിക്ഷാത്തടവുകാര്‍ക്ക് ഏപ്രിലില്‍ പരോള്‍ അനുവദിച്ചിരുന്നില്ല.

അന്വേഷണ സംഘത്തിനു വേണ്ടി ഡിജിപി ടി.പി.സെന്‍കുമാറാണ് ജയില്‍ ഡിജിപിയോടു വിവരങ്ങള്‍ ആരാഞ്ഞത്. മാനഭംഗത്തിനു ശിക്ഷ നല്‍കുന്ന ഐപിസി 376ാം വകുപ്പു പ്രകാരം ജയിലിലുള്ളവരില്‍ ആരെങ്കിലും ഏപ്രിലില്‍ പുറത്തിറങ്ങിയിട്ടുണ്ടോ എന്ന് അറിയിക്കാനായിരുന്നു നിര്‍ദേശം. എല്ലാ ജയിലുകളിലേക്കും പ്രത്യേക സര്‍ക്കുലര്‍ അയച്ചാണു വിവരം ശേഖരിച്ചത്.

പൊലീസ് തയാറാക്കിയ പ്രതിയുടെ രേഖാചിത്രവുമായി ഇവരുടെ ചിത്രങ്ങള്‍ ഒത്തുനോക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. സാമ്യമുള്ളവര്‍ ഏപ്രിലില്‍ പുറത്തിറങ്ങിയവരില്‍ ഇല്ലെന്നാണു സൂചന. സംശയമുള്ളവരുടെ പട്ടിക തയാറാക്കിയ അന്വേഷണ സംഘം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലേക്കു വിവരം കൈമാറിയിട്ടുണ്ട്.

Top