നന്ദി സംഘപരിവാര്‍ ഇത് പോലൊരു ചുണക്കുട്ടിയെ ഈ നാടിന് പരിചയപ്പെടുത്തിയതിന്…

സംഘപരിവാറിന്റെ നുണക്കെട്ടുകളെ പൊട്ടിച്ചെറിഞ്ഞ ജയില്‍ മോചിതനായി എത്തി ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന് കാമ്പസില്‍ ഉജ്ജ്വല സ്വീകരണം. മൂന്നാഴ്ച്ച നീണ്ട ജയില്‍ ജീവിതത്തിന ശേഷം വര്‍ദ്ധിത വീര്യത്തോടെ പുറത്തിറങ്ങിയ കനയ്യയുടെ വാക്കുകള്‍ രാജ്യത്താകെ അഗ്‌നി പടര്‍ത്തുന്ന വിധത്തിലായിരുന്നു. രാജ്യത്തില്‍ നിന്നും സ്വാതന്ത്ര്യമല്ല വേണ്ടതെന്ന് പറഞ്ഞ കനയ്യ രാജ്യത്തിന് അകത്ത് സ്വാതന്ത്ര്യമാണ് വേണ്ടെന്ന് പറഞ്ഞു തുടങ്ങി കത്തിക്കയറുകയിരുന്നു. രാജ്യദ്രോഹിയെന്ന് മുദ്രകുത്തി ഭരണകൂടം ജയിലില്‍ അടച്ച വിദ്യാര്‍ത്ഥി തികഞ്ഞ ദേശീയ നേതാവായി മാറുന്ന കാഴ്ച്ചയ്ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. കാമ്പസില്‍ എത്തിയ കനയ്യയ്ക്ക് വേണ്ടി വീരോചിതമായ സ്വീകരണവും വിദ്യാര്‍ത്ഥികള്‍ ഒരുക്കി.

കനത്ത പൊലീസ് സുരക്ഷയില്‍ ഇന്നലെ വൈകിട്ട് ആറരയോടെയാണ് കനയ്യ മോചിതനായത്. എട്ടു മണിയോടെ ക്യാംപസിലെത്തി. മുദ്രാവാക്യങ്ങള്‍ മുഴക്കിയും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും വിദ്യാര്‍ത്ഥികള്‍ കനയ്യയുടെ വരവ് ആഘോഷിച്ചു. മാദ്ധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കാനായി രഹസ്യ വഴിയിലൂടെയാണ് കനയ്യയെ ജയിലില്‍ നിന്നു പുറത്തിറക്കിയത്. കനയ്യയുടെ മോചനം കാത്ത് ഇന്നലെ രാവിലെ മുതല്‍ തിഹാര്‍ ജയിലിനു മുന്നില്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ തമ്പടിച്ചിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശിച്ച ബോണ്ടുകള്‍ കെട്ടിവച്ച് അഭിഭാഷകര്‍ വൈകിട്ടോടെ ജാമ്യ ഉത്തരവ് കൈപ്പറ്റി. സര്‍വകലാശാലയിലെ പ്രഫ.എസ്.എന്‍.മലകാര്‍ ആണ് കനയ്യയ്ക്കു വേണ്ടി ജാമ്യം നിന്നത്. ജാമ്യ ഉത്തരവുമായി അഭിഭാഷകര്‍ ജയിലിലെത്തിയ ഉടന്‍ മോചനത്തിനുള്ള നടപടികള്‍ തുടങ്ങി.

ഇതിനിടെ, കനയ്യ പുറത്തുവരുമ്പോള്‍ സംഘര്‍ഷത്തിനു സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. വൈകിട്ടോടെ തിഹാര്‍ ജയിലിനു ചുറ്റും പൊലീസ് കമാന്‍ഡോകളെ നിയോഗിച്ചു. മാദ്ധ്യമ പ്രവര്‍ത്തകരുടെ കണ്ണുവെട്ടിച്ച് ജയില്‍ ജീവനക്കാരുടെ റസിഡന്‍ഷ്യല്‍ കോളനി വഴിയാണു കനയ്യയെ പുറത്തിറക്കിയത്. ഗേറ്റിനു പുറത്ത് സര്‍വകലാശാലയിലെ അദ്ധ്യാപകരും ചില വിദ്യാര്‍ത്ഥികളും കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കനയ്യയുടെ സഹോദരന്‍ മണികാന്തും അമ്മാവനും കൂട്ടത്തിലുണ്ടായിരുന്നു. തുടര്‍ന്ന്, മൂന്നു പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെ ഹരി നഗര്‍ പൊലീസ് സ്റ്റേഷനിലേക്കും അവിടെ നിന്നു ജെഎന്‍യുവിലേക്കും കൊണ്ടുപോയി.

കനയ്യ കുമാറിനെതിരെ ഇന്നലെ രാവിലെ ജെഎന്‍യു ക്യാംപസിന്റെ പ്രധാന പ്രവേശന കവാടത്തിനു പുറത്ത് ഒരു സംഘം പ്രതിഷേധിച്ചിരുന്നു. കനയ്യയെ ഹാജരാക്കിയപ്പോള്‍ പട്യാല ഹൗസ് കോടതി വളപ്പിലുണ്ടായതിനു സമാനമായ അക്രമത്തിനു സാധ്യതയുണ്ടെന്ന രഹസ്യ വിവരവും പൊലീസിനു ലഭിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ക്യാംപസിലും പരിസരത്തും വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചു. തുടര്‍ന്ന് ആയിരങ്ങള്‍ സ്വീകരണത്തില്‍ കനയ്യ നടത്തി പ്രസംഗം നരേന്ദ്ര മോദി സര്‍ക്കാറിനും ആര്‍എസ്എസിനും എതിരായിരുന്നു.

രാജ്യത്തെ നിയമ വ്യവസ്ഥയിലും ഭരണ ഘടനയിലും തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്ന് കനയ്യ പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള സ്വാതന്ത്ര്യമല്ല, ഇന്ത്യയ്ക്കകത്തുള്ള സ്വാതന്ത്ര്യമാണ് വേണ്ടത്. രാജ്യദ്രോഹക്കുറ്റം രാഷ്ട്രീയ ഉപകരണമാക്കിയെന്നു കനയ്യ കുമാര്‍ പറഞ്ഞു. ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിന്ന വിദ്യാര്‍ത്ഥി സമൂഹത്തിനും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നതായി അറിയിച്ചു കൊണ്ടാണ് കനയ്യ തുടങ്ങിയത്.

പാര്‍ലമെന്റിലിരുന്നു ശരിയും തെറ്റും നിര്‍ണയിച്ച രാഷ്ട്രീയക്കാര്‍ക്കും അവരുടെ പൊലീസിനും അവരുടെ മാദ്ധ്യമങ്ങള്‍ക്കും നന്ദി പറഞ്ഞു കൊള്ളുന്നുവെന്നും കളിയാക്കല്‍ രൂപത്തില്‍ കനയ്യ പറഞ്ഞു. ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരാണ് ഞങ്ങള്‍. എ.ബി.വി.പിയെ ശത്രുക്കളായി കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പ്രതിപക്ഷത്തെ പോലെയാണ് ഞങ്ങള്‍ അവരെ കാണുന്നത്. ജെ.എന്‍.യുവിലെ എ.ബി..വി.പി പ്രവര്‍ത്തകര്‍ പുറത്തുള്ള എ.ബി.വി.പി പ്രവര്‍ത്തകരേക്കാള്‍ യുക്തി ഉള്ളവരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി എനിക്ക് എതിര്‍പ്പുകളുണ്ട്. പക്ഷെ അദ്ദേഹം പറഞ്ഞത് സത്യമേവെ ജയതേ എന്നാണ് അതിനോട് എനിക്ക് യോജിപ്പാണുള്ളത്.

ഇപ്പോള്‍ തനിക്കെതിരെ നടക്കുന്നത് വളരെ ആസൂത്രിതമായ ആക്രമണമാണ്. രോഹിത് വെമുല വിഷയത്തില്‍ നിന്നും യുജിസി പ്രക്ഷോഭത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ളതാണ്. അതിര്‍ത്തിയില്‍ മരിച്ചു വീഴുന്ന ജവാന്മാരെ കുറിച്ച് മാത്രമാണ് ഒരു ബിജെപി എംപി പാര്‍ലമെന്റില്‍ സംസാരിച്ചത്. ഇവിടെ മരിച്ചു വീഴുന്ന കര്‍ഷകരെ കുറിച്ചു സംസാരിക്കുന്നില്ല. ജവാന്മാരും കര്‍ഷകരും സംരക്ഷിക്കപ്പെടേണ്ടവര്‍ തന്നെയാണ്. സര്‍ക്കാരിനെതിരെ സംസാരിച്ചാല്‍ ഉടന്‍ തന്നെ അവരുടെ സൈബര്‍സെല്‍ നിങ്ങള്‍ക്കെതിരായ വ്യാജ വീഡിയോകള്‍ പുറത്തുവിടും. നിങ്ങളുടെ ക്യാമ്പസ് ഹോസ്റ്റലിലെ കോണ്ടങ്ങളുടെ എണ്ണമെടുക്കുമെന്നും കന്നയ്യ പറഞ്ഞു.

ജെ.എന്‍.യുവിന് വേണ്ടി സംസാരിക്കുന്നവരെ അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് എന്ത് ദേശീയതയാണ്. രാജ്യത്തെ 69 ശതമാനം വരുന്ന ജനങ്ങള്‍ ബിജെപിയുടെ ആശയങ്ങള്‍ക്കെതിരെ വോട്ടു ചെയ്തവരാണ്. ജെ.എന്‍.യുവില്‍ പ്രവേശനം കിട്ടുക എളുപ്പമല്ല. അതു പോലെ ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികളെ നിശബ്ദരാക്കാനും കഴിയില്ല. ഇന്ത്യയില്‍ നിന്നുള്ള സ്വതന്ത്ര്യമല്ല ആവശ്യപ്പെട്ടത്. രാജ്യത്തിനകത്ത് സ്വാതന്ത്ര്യം വേണമെന്നാണ് പറഞ്ഞത്. സംഘികളില്‍ നിന്നാണ് സ്വതന്ത്ര്യം വേണ്ടത്. രാജ്യത്തിന് വേണ്ടി ധീരരക്തസാക്ഷിത്വം വഹിച്ച സൈനികരെയും അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരോടും തികഞ്ഞ ബഹുമാനമാണുള്ളത്.

മോദി മന്‍കീ ബാത്ത് പറയുന്നു പക്ഷെ അദ്ദേഹം കേള്‍ക്കാന്‍ തയ്യാറാവുന്നില്ല. മോദി ക്രൂഷ്‌ചേവിനെ കുറിച്ചും സ്റ്റാലിനെ കുറിച്ചും സംസാരിക്കുന്നുണ്ട്. എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത് ഹിറ്റ്‌ലറെ കുറിച്ച് കൂടി സംസാരിക്കണമെന്നാണ്. യെച്ചൂരിയെയും രാഹുല്‍ ഗാന്ധിയെയും ഡി രാജയെയും കെജ്‌രിവാളിനെയും എന്റെ കൂടെ ദേശദ്രോഹത്തിന് ജയിലിലിട്ടു. ‘രാജ്യദ്രോഹം’ രാഷ്ട്രീയ ആയുധമായി പ്രയോഗിക്കപ്പെടുകയാണ്. ഈ സര്‍ക്കാരിനെ മൂന്ന് വര്‍ഷം കൂടെ നമ്മള്‍ സഹിക്കേണ്ടതുണ്ട്. നിങ്ങള്‍ രോഹിത് വെമുലയെ കൊന്നു ഇപ്പോള്‍ അദ്ദേഹത്തിന് വേണ്ടിയുള്ള സമരം വലുതായിരിക്കുകയാണ്. ജെ.എന്‍.യുവിനെ പിന്തുണയ്ക്കുന്ന മാദ്ധ്യമങ്ങള്‍ സത്യത്തെയാണ് പിന്തുണയിക്കുന്നത്.

സൂര്യനെ നിങ്ങള്‍ക്ക് ഒരിക്കലും ചന്ദ്രനെന്ന് വിളിക്കാന്‍ കഴിയില്ല അതു പോലെ സത്യത്തെ കളവാക്കാന്‍ കഴിയില്ല. വ്യാജ ട്വീറ്റുകളില്‍ നിന്നും സ്വാതന്ത്യം വേണമെന്ന് പൊലീസിനോട് ഞാന്‍ പറഞ്ഞു. മുദ്രാവാക്യം വിളിച്ചതിനെ പറ്റി ചോദിച്ചപ്പോള്‍ വീണ്ടും മുദ്രാവാക്യം വിളിക്കുമെന്ന് പറഞ്ഞു. പൊലീസുകാര്‍ തന്നോട് ചോദിച്ചത് ലാല്‍ സലാം എന്താണന്നാണ്. വ്യാജ ട്വിറ്റുകള്‍ ചെയ്യുന്നവരില്‍ നിന്ന് സ്വാതന്ത്യം വേണമെന്ന് താന്‍ പൊലീസിനോട് പറഞ്ഞു. തങ്ങള്‍ക്കും അത് തന്നെയാണ് വേണ്ടതെന്നാണ് പൊലീസ് പ്രതികരിച്ചത്. ഇതൊരു നീണ്ട യുദ്ദമാണ്. ക്യാംപസിനകത്തും പുറത്തും ഇത് മുന്നോട്ട് കൊണ്ടു പോകേണ്ടതുണ്ട്. കനയ്യ പറഞ്ഞു.

കനയ്യയുടെ പ്രസംഗത്തിന് ശേഷം മുദ്രാവാക്യം വിളികളാല്‍ മുഖരിതമായിരുന്നു വേദി. ആരിലും ആവേശം ജനിപ്പിക്കുന്ന വിധത്തില്‍ ‘ആസാദി’ മുദ്രാവാക്യങ്ങളാല്‍ കാമ്പസ് മുഖരിതമായി. അതേസമയം ആവേശം വിതറുന്ന കനയ്യയുടെ പ്രസംഗത്തെ കോടതിഅലക്ഷ്യമായി ചിത്രീകരിക്കുമോ എന്ന ആശങ്കയും ശക്തമാണ്. അടുത്തകാലത്ത് രാജ്യം കണ്ട ഏറ്റവും മികച്ച പ്രസംഗമായിരുന്നു കനയ്യയുടേത്. കനയ്യയുടെ പ്രസംഗത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹങ്ങള്‍ തന്നെയായിരുന്നു. കനയ്യയുടെ പ്രസംഗം അത്യുജ്ജ്വലമായിരുന്നു എന്നായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ട്വീറ്റ്.

23 ദിവസത്തെ തടവിനുശേഷമാണ് കന്നയ്യകുമാര്‍ ഇന്നലെ ജയില്‍ മോചിതനായത്. ഡല്‍ഹി ഹൈക്കോടതി കന്നയ്യകുമാറിന് ആറു മാസത്തെ ഇടക്കാല ജാമ്യമാണ് അനുവദിച്ചിരുന്നത്. രാജ്യദ്രോഹ കുറ്റത്തിന് ജെഎന്‍യു ക്യാമ്പസില്‍ കയറിയാണ് പൊലീസ് കന്നയ്യയെ അറസ്റ്റ് ചെയ്തിരുന്നത്. അറസ്റ്റിന് ശേഷം പാട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയ കനയ്യ കുമാറിനെ പൊലീസ് നോക്കിനില്‍ക്കെ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഒരു സംഘം അഭിഭാഷകര്‍ മര്‍ദ്ദിച്ചിരുന്നു.

തുടര്‍ന്ന് കനയ്യ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയെ സമീപിക്കാനായിരുന്നു പരമോന്നത കോടതിയുടെ നിര്‍ദ്ദേശം.അതേസമയം സമാന സംഭവത്തില്‍ അറസ്റ്റിലായ ജെഎന്‍യു വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദ്, അനിബര്‍ ഭട്ടാചാര്യ എന്നിവര്‍ക്ക് ഇതുവരെ ജാമ്യം കിട്ടിയിട്ടില്ല.

Top