ജമ്മു: സർജിക്കൽ സ്ട്രൈക്കിന് തെളിവില്ലെന്ന് സംശയങ്ങള്‍ ഉന്നയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്.40 സൈനികര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്താനെതിരെ മിന്നലാക്രമണം നടത്തിയിരുന്നു. എന്നാല്‍ ഈ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നു എന്നതിനുളള ഒരു തെളിവും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ലെന്ന് ദിഗ്വിജയ് സിംഗ് ആരോപിച്ചു. സര്‍ക്കാര്‍ നുണപ്രചാരണം നടത്തുകയാണ് എന്നും സിംഗ് ആരോപിച്ചു.
പുല്‍വാമ ഭീകരവാദത്തിന്റെ കേന്ദ്രമായിരുന്നു. ഓരോ കാറും അവിടെ പരിശോധിക്കപ്പെട്ടിരുന്നു. തെറ്റായ ദിശയിലൂടെ ഒരു സ്‌കോര്‍പിയോ കാര്‍ വന്നു. എന്തുകൊണ്ടാണ് ഒരു പരിശോധനയും നടക്കാതിരുന്നത്. ഒരു കൂട്ടിയിടി സംഭവിച്ചു, നമ്മുടെ 40 ജവാന്മാര്‍ കൊല്ലപ്പെട്ടു. ഇന്നേ ദിവസം വരെ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിലോ പൊതുജന മധ്യത്തിലോ അതേക്കുറിച്ച് ഒരു വിവരവും പങ്കുവെച്ചിട്ടില്ല, ഭാരത് ജോഡോ യാത്രയുടെ ഭാഗമായുളള റാലിയില്‍ സംസാരിക്കവേ ദിഗ്വിജയ് സിംഗ് ആരോപിച്ചു.
അതേസമയം സർജിക്കൽ സ്ട്രൈക്കിന് തെളിവില്ലെന്ന പരാമർശത്തിൽ ദിഗ് വിജയ് സിംഗിനെ തള്ളി കോൺഗ്രസ്. പരാമർശം വ്യക്തിപരമാണെന്നും രാജ്യതാൽപര്യത്തിനുള്ള സേനാ നടപടികൾക്കൊപ്പമാണ് കോൺഗ്രസെന്നും പാർട്ടി വക്താവ് ജയറാം രമേശ് വ്യക്തമാക്കി. ജമ്മുകശ്മീരിൽ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി സംസാരിക്കവേയാണ് സർജിക്കൽ സ്ട്രൈക്കിന് തെളിവില്ലെന്ന പരാമർശം ദിഗ് വിജയ് സിംഗ് നടത്തിയത്. ഇതിനെതിരെ ബിജെപി വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. രാജ്യസുരക്ഷക്കെതിരായ പ്രസ്താവനകള്‍ വച്ച് പൊറുപ്പിക്കില്ലെന്നും, നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തുന്നത്കോണ്‍ഗ്രസിന്‍റെ ശീലമായെന്നുമായിരുന്നു ബിജെപി പ്രതികരണം. സംഭവം വിവാദമായതോടെയാണ് പരാമര്‍ശത്തെ തള്ളി കോൺഗ്രസ് രംഗത്തെത്തിയത്.
അവര്‍ മിന്നലാക്രമണങ്ങളെ കുറിച്ച് പറയുന്നു. ഞങ്ങള്‍ ഇത്ര പേരെ കൊന്നുവെന്ന് പറയുന്നു. എന്നാല്‍ ഒരു തെളിവും ഇല്ല. ഒരു കെട്ട് നുണകള്‍ അഴിച്ച് വിട്ടാണ് അവര്‍ ഭരണം നടത്തുന്നത്, ദിഗ്വിജയ് സിംഗ് പറഞ്ഞു. അതേസമയം ദിഗ്വിജയ് സിംഗിന്റെ വാക്കുകള്‍ തള്ളി കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. മുതിര്‍ന്ന നേതാവ് ദിംഗ്വിജയ് സിംഗിന്റെ വാക്കുകള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം ആണെന്നും പാര്‍ട്ടി നിലപാടല്ലെന്നുമാണ് ജയറാം രമേഷ് പ്രതികരിച്ചിരിക്കുന്നത്.
2014ന് മുന്‍പ് യുപിഎ സര്‍ക്കാരും മിന്നലാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ദേശീയ താല്‍പര്യം മുന്‍നിര്‍ത്തിയുളള സൈനിക നടപടികളെ പിന്തുണച്ചിട്ടുണ്ടെന്നും ഇനിയും പിന്തുണയ്ക്കുമെന്നും ജയറാം രമേഷ് വ്യക്തമാക്കി. അതേസമയം ദിഗ്വിജയ് സിംഗിന്റെ വാക്കുകള്‍ മുന്‍ നിര്‍ത്തി കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയേയും കടന്നാക്രമിക്കുകയാണ് ബിജെപി. രാഹുല്‍ ഗാന്ധി ഒരു വശത്ത് ഭാരത് ജോഡോ യാത്ര നടത്തുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഭാരത് തോഡോ ( ഭാരതത്തെ തകര്‍ക്കുക) നടത്തുകയാണ്.രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നതിന് വേണ്ടി നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തുന്നു. സൈന്യത്തിന് നേരെയുളള അപമാനം രാജ്യം ക്ഷമിക്കില്ല, എന്നാണ് ബിജെപി വക്താവ് ഗൗരവ് ഭാട്യ പ്രതികരിച്ചത്.