വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ് എഴുതിയ പുസ്തകം പ്രകാശിപ്പിക്കുന്നതില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്മാറി. തുടര്‍ന്ന് പ്രകാശനച്ചടങ്ങ് റദ്ദാക്കി. ഐഎഎസ്-ഐപിഎസ് തലത്തില്‍ വന്‍ എതിര്‍പ്പ് ഉയര്‍ന്നാണ് കാരണം. നിയമപ്രശ്നങ്ങള്‍ ഉള്ളതിനാലാണ് പുസ്തകപ്രകാശനത്തില്‍ പങ്കെടുക്കാത്തെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജേക്കബ്ബ് തോമസ് എഴുതിയ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കാത്തിനാല്‍ അവസാന നിമിഷം റദ്ദാക്കിയത്. തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ ചടങ്ങിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. പുസ്തക രചനയ്ക്ക് ജേക്കബ്ബ് തോമസ് സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നില്ല. ഇത് ഔദ്യോഗ രഹസ്യ നിയമത്തിന്റെയും സര്‍വീസ് ചട്ടങ്ങളുടെയും ലംഘനമാണെന്ന് മുതിര്‍ന്ന ഐഎഎസ്ഐപിഎസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പുസ്തകം പ്രകാശനം ചെയ്യുന്നതിലുള്ള അനൗചിത്യവും അവര്‍ അറിയിച്ചു. മുഖ്യമന്ത്രിതന്നെ പിന്നീട് ഇത് സ്ഥിരീകരിച്ചു .
കെ.സി ജോസഫും ജേക്കബ്ബ് തോമസിന്റെ ചട്ടലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. കോണ്‍ഗ്രസുകാര്‍ ചടങ്ങ് അലങ്കോലമാക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോട്ട് കണക്കിലെടുത്താണ് പ്രകാശനച്ചടങ്ങ് റദ്ദാക്കിയതെന്നും ജേക്കബ് തോമസ് അറിയിച്ചു. ബാര്‍കേസില്‍ കെ എം മാണിക്കും ബാബുവിനും എതിരായ അന്വേഷണരീതി തുടരേണ്ടതില്ല എന്നതീരുമാനം ഉണ്ടായതിന് പിന്നില്‍ ഉമ്മന്‍ചാണ്ടിയാണെന്ന് പരോക്ഷസൂചന പുസ്തകത്തിലുണ്ട്.
ബിജു രമേശിന്റെ രഹസ്യമൊഴിയില്‍ നാലു പേജ് ബാബുവിനെതിരായിരുന്നു. എന്നാല്‍ അന്വേഷണത്തോട് രമേശ് ചെന്നിത്തക്ക് വിയോജിപ്പില്ലായിരുന്നെന്നും പറയുന്നു. സുരക്ഷാ ചട്ടങ്ങള്‍ പാലിക്കണമെന്ന് നിര്‍ബന്ധിച്ചപ്പോഴാണ് ഫയര്‍ഫോഴ്സ് മേധാവിസ്ഥാനത്ത് നിന്ന് നീക്കിയത്. പല കാര്യങ്ങളിലും ജനവിരുദ്ധനെന്ന് ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്നും പുസ്തകത്തില്‍ പറയുന്നു.