
കാശ്മീര്‍: ജമ്മു കശ്മീരിലെ സാംബ ജില്ലയില്‍ ബസ് കനാലിലേക്ക് മറിഞ്ഞു. ബസ് റോഡില്‍ നിന്ന് തെന്നി കനാലിലേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം പത്തൊമ്പതോളം പേര്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായതെന്നാണ് വിവരം.
സമോത്ര ചന്നി മേഖലയിലാണ് അപകടമുണ്ടായത്. ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് അധികൃതര്‍ പറഞ്ഞു. കശ്മീരിലെ ഒരു ഇഷ്ടികച്ചൂളയില്‍ ജോലി ചെയ്യുന്നവരും ഇവരുടെ കുടുംബാംഗങ്ങളുമാണ് അപകടത്തില്‍ പെട്ടത്. ജോലിക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്.
നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ ഗഗ്വാള്‍ ട്രോമ സെന്ററിലും ഗുരുതരമായി പരിക്കേറ്റവരെ ജമ്മുവിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.