മുഖ്യമന്ത്രിയ്‌ക്കെതിരെയും വിദ്യാഭ്യാസ മന്ത്രിയ്‌ക്കെതിരെയും ആഞ്ഞടിച്ച് സിപിഐ മുഖംപത്രം; വാഴപ്പിണ്ടി നട്ടെല്ലെന്ന് വിശേഷിപ്പിച്ചാല്‍ വാഴപ്പിണ്ടിപോലും പ്രതിഷേധിക്കുമെന്നും പത്രം

ലോ അക്കാഡമി വിഷയത്തില്‍ സിപിഎമ്മും എസ്എഫ്‌ഐയും സ്വീകരിച്ച നയങ്ങള്‍ക്കെതിരെ സിപിഐ മുഖപത്രത്തില്‍ വന്‍ വിമര്‍ശനം. ഭൂമി തിരിച്ചു പിടിക്കില്ലെന്ന നലപാടിനെയും എസ്എഫ്‌ഐ സമരം പിന്‍വലിച്ചതിനെയും വിദ്യാഭ്യാസമന്ത്രി ചര്‍ച്ചയില്‍ നിന്നും ഇറങ്ങിപ്പോയതിനെയുമാണ് രൂക്ഷമായ ഭാഷയില്‍ പത്രം വിമര്‍ശിച്ചിരിക്കുന്നത്. ഘടകകക്ഷിയുടെ നിലപാടുകളെ ചരിത്രം ഉള്‍കൊള്ളാത്തവരെ കാത്തിരിക്കുന്നത് ചവറ്റുകൊട്ടകളാണെന്നും, വാഴപ്പിണ്ടി നട്ടെല്ലെന്ന് വിശേഷിപ്പിച്ചാല്‍ വാഴപ്പിണ്ടിപോലും പ്രതിഷേധിക്കുമെന്നുമൊക്കെയുള്ള പദപ്രയോഗങ്ങള്‍ ഉപയോഗിച്ചാണ് പത്രം ആക്രമിക്കുന്നത്.

ലേഖനത്തിന്റെ പൂര്‍ണരൂപം:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചോരുന്ന ഓലപ്പുരയിലിരുന്ന് ഇന്ത്യയുടെ ആദ്യത്തെ സോഷ്യലിസ്റ്റു ബജറ്റിനു രൂപം നല്‍കിയ ആദര്‍ശത്തിടമ്പായ പി.എസ് നടരാജപിള്ള തന്റെ അന്ത്യനിമിഷങ്ങളോടടുത്തപ്പോള്‍ മകനോടു പറഞ്ഞ ഹൃദയദ്രവീകരണശക്തിയുള്ള ഒരു വാചകം ലോ അക്കാദമിയെന്ന കുടുംബസ്വത്തിനെക്കുറിച്ചുള്ള ‘ജനയുഗ’ത്തിലെ പരമ്പരയില്‍ ഉണ്ടായിരുന്നു. ”എന്റെ മൃതദേഹത്തിന്റെ ചൂടാറും മുമ്പ് കേരളം എന്നെ മറക്കും” എന്ന്. ഘനീഭൂതമായ ദുഃഖം പോലുള്ള വാക്കുകള്‍!

മിനിഞ്ഞാന്ന് അദ്ദേഹത്തെക്കുറിച്ചും ലോ അക്കാദമി ഭൂമിയെസംബന്ധിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചു. ‘ഏതോ ഒരു പിള്ളയുടെ’ ഭൂമി സര്‍ സി.പിയാണ് ഏറ്റെടുത്തതെന്നും കഴിഞ്ഞ സര്‍ക്കാരുകള്‍ക്കൊന്നും അതില്‍ പങ്കില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. അവിഭക്ത കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ പിന്തുണയോടെ തിരുവനന്തപുരത്ത് നിന്നും ലോക്‌സഭയിലേക്ക് വിജയിച്ചയാളാണ് ഈ ‘ഏതോ ഒരു പിള്ള’ യെന്നോര്‍ക്കുക, ഇപ്പോള്‍ ലോ അക്കാദമി സ്ഥിതി ചെയ്യുന്നതടക്കം ഏക്കര്‍ കണക്കിനു ഭൂമിയും അതിനുള്ളിലെ ബംഗ്ലാവും സര്‍ സി.പി രാമസ്വാമി അയ്യര്‍ പിടിച്ചെടുത്തത് അദ്ദേഹം വിജയ്മല്യയെപ്പോലെ ബാങ്കു വായ്പ തട്ടിപ്പു നടത്തിയതിന്റെ പേരിലല്ല.

സി.പിയുടെ ദിവാന്‍ ഭരണത്തിനും രാജവാഴ്ചയ്ക്കുമെതിരേ പടയോട്ടം നടത്തിയതിന്റെ പകപോക്കലായിരുന്നു ആ പിടിച്ചെടുക്കല്‍. സര്‍ സി.പി മുതല്‍ പിണറായി വരെ നയിക്കുന്ന ഭരണകൂടങ്ങളെല്ലാം ചങ്ങലക്കണ്ണികള്‍ പോലുളള തുടര്‍ച്ചയാണ്. അതുകൊണ്ട് തന്നെയാണ് സി.പി പിടിച്ചെടുത്ത ഭൂമി സര്‍ക്കാര്‍ ഭൂമിയായത്. തനിക്ക് ആ ഭൂമി തിരിച്ചുവേണ്ടെന്ന് ദരിദ്രനായി അന്ത്യശ്വാസം വലിച്ച നടരാജപിള്ളസാര്‍ ഭൂമി തിരിച്ചേല്‍പ്പിച്ച ഉത്തരവിനോട് പ്രതികരിച്ചതും ചരിത്രം.

ദിവാന്‍ സര്‍ സി.പി പിടിച്ചെടുത്ത ഭൂമിയില്‍ പിന്നീട് വന്ന സര്‍ക്കാരുകള്‍ക്ക് ഒരു കാര്യവുമില്ലെന്ന് പറയുമ്പോള്‍ ആ വാക്കുകളില്‍ പൂഴ്ന്നു കിടക്കുന്ന സംഗതമായ ചോദ്യങ്ങളുണ്ട്. ദിവാന്‍ഭരണത്തിനും രാജവാഴ്ചയ്ക്കുമെതിരെ പടയണി തീര്‍ത്തതിന്റെ പേരില്‍ നടരാജപിള്ള സാറിന്റെ ഭൂമി കണ്ടുകെട്ടിയ നടപടി ശരിയായിരുന്നോ? സി.പിയുടെ തേര്‍വാഴ്ചകള്‍ ശരിയാണെങ്കില്‍ ദിവാന്‍ ഭരണത്തിനെതിരേ വാരിക്കുന്തവുമായി പോരിനിറങ്ങി രക്തഗംഗാതടങ്ങള്‍ തീര്‍ത്ത് രക്തസാക്ഷികളായ ത്യാഗോദാരരായ പുന്നപ്ര-വയലാര്‍ സമരധീരന്മാരെ കൊടും ക്രിമിനലുകളായി മുദ്രകുത്തുമോ?

ചരിത്രത്തിന്റെ അന്തര്‍ധാരകളറിയാതെ, ചരിത്രം ചമച്ച ധീരരക്തസാക്ഷികളെ മറന്നും ചരിത്ര പുരുഷന്മാരെ ഏതോഒരാളെന്നും വിശേഷിപ്പിക്കുന്നതില്‍ വിപ്ലവ കേരളത്തിന് മഹാദുഃഖമുണ്ട്. ആ ദുഃഖത്തിന് നീതിനിരാസത്തില്‍ നിന്നു പടരുന്ന രോഷത്തിന്റെ അലുക്കുകളുണ്ട്. ചരിത്രതമസ്‌കരണത്തിനെതിരായ മാനസിക കലാപമുണ്ട്. ആ കലാപത്തിന്റെ നേര്‍ത്ത അനുരണനമാണ് നടരാജപിള്ള സാറിന്റെ പുത്രന്‍ വെങ്കിടേശ്വരനിലൂടെ പ്രബുദ്ധ കേരളം ശ്രവിച്ചത്. ആറുതവണ നിയമസഭാംഗവും രണ്ടു പ്രാവശ്യം മന്ത്രിയും സിപിഐയുടെ പിന്തുണയോടെ ഒരിക്കല്‍ ലോക്‌സഭാംഗവുമായ നടരാജപിള്ള നമുക്ക് ‘ഏതോ ഒരു പിള്ള’യല്ല. ഓര്‍മയില്‍ ചരിത്രത്തിന്റെ വേദിയിലെ കനകനടരാജ വിഗ്രഹമാണ്.

സര്‍ സി.പി ഏറ്റെടുത്ത ഭൂമി ലോ അക്കാദമിയുടെ സ്വകാര്യസ്വത്തായതോടെ ആ ഭൂമി തിരിച്ചുപിടിക്കണമെന്ന് നടരാജപിള്ളയുടെ പത്‌നി സര്‍ക്കാരിനോട് അപേക്ഷിച്ചിരുന്നു. അത് സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. കരുണാകരന്‍ മന്ത്രിസഭയില്‍ റവന്യൂ മന്ത്രിയായിരുന്ന കേരളാ കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫിനെക്കൊണ്ട് ലോ അക്കാദമി ഭൂമി പതിച്ചുവാങ്ങാന്‍ വേണ്ടി നാരായണന്‍ നായരുടെ ഭാര്യ പൊന്നമ്മയെ വനിതാ കേരളാ കോണ്‍ഗ്രസ് കുപ്പായമണിയിക്കാന്‍ പോലും തുനിഞ്ഞ ഒരു കുടുംബത്തിന്റെ ജുഗുപ്‌സാവഹമായ ചരിത്രം നമ്മുടെ മുന്നിലുണ്ട്. സി.പി.ഐ നേതാവ് പി.എസ് ശ്രീനിവാസന്‍ റവന്യുമന്ത്രിയായിരുന്നപ്പോള്‍ ഭൂമി പതിച്ചെടുക്കാന്‍ നടത്തിയ പിത്തലാട്ടങ്ങളൊന്നും ഫലിക്കാതായപ്പോള്‍ കേരളാ കോണ്‍ഗ്രസ് പ്രച്ഛന്നവേഷത്തിലൂടെ സംഗതി കൂളായി നേടിയെടുത്തു! മുസ്ലിംലീഗിനായിരുന്നു റവന്യുവകുപ്പെങ്കില്‍ ഈ കുടുംബത്തിലൊരാളെ പൊന്നാനിയിലയച്ച് സുന്നത്ത് കല്യാണം നടത്തി മുസ്ലിംലീഗിന്റെ കുപ്പായവും തൊപ്പിയുമണിയിച്ച് ഇടതുവശത്തു മുണ്ടുടുപ്പിക്കാന്‍ പോലും മടിക്കുമായിരുന്നില്ല!

ലോ അക്കാദമിക്ക് കൃഷിമന്ത്രിയായിരുന്ന എം.എന്‍ ഗോവിന്ദന്‍ നായര്‍ സര്‍ക്കാര്‍ നിയന്ത്രണമുള്ള ട്രസ്റ്റിന് ഉദ്ദേശകാരണങ്ങള്‍ വിശദീകരിച്ചു നല്‍കിയ ഭൂമി കുടുംബസ്വത്തായതും ആ ഭൂമിയില്‍ അനധികൃതനിര്‍മാണങ്ങള്‍ നടത്തിയതും അന്വേഷിച്ചു നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സി.പി.എമ്മിന്റെ ജീവിച്ചിരിക്കുന്ന ഏകസ്ഥാപക നേതാവായ വി.എസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയിന്മേല്‍ റവന്യു വകുപ്പ് അന്വേഷണം നടത്തുന്നതിനിടയില്‍ സര്‍ സി.പി പിടിച്ചെടുത്ത ഭൂമി തിരിച്ചെടുക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് അനൗചിത്യമായിപ്പോയെന്ന സി.പി.ഐ കേന്ദ്ര നിര്‍വാഹക സമിതി അംഗം ബിനോയ്വിശ്വത്തിന്റെ പ്രതികരണത്തിന് ശക്തിയേറുന്നത് ഈ സന്ദര്‍ഭത്തിലാണ്.

റവന്യു വകുപ്പെന്താ പിണറായി സര്‍ക്കാരിന്റെ ഭാഗമല്ലേ എന്ന ചോദ്യം സംഗതമാവുന്നതും ഇവിടെയാണ്. സര്‍ സി.പിയുടെ ഏകാധിപത്യ വാഴ്ചയിലെ തെറ്റുകള്‍ വൈകിയായാലും തിരുത്താന്‍ നിമിത്തമായത് ലോ അക്കാദമിയിലെ വിദ്യാര്‍ഥിസമരമാണ്. അതിനുപകരം സി.പിയുടെ തെറ്റുതിരുത്തില്ലെന്ന ചിലരുടെ വാശിയെ അപലപനീയവും ഗര്‍ഹണീയവുമായാണ് പൊതു സമൂഹം കാണുന്നത്. നിയമത്തെ ചവിട്ടിയരയ്ക്കാനുള്ള ധാര്‍ഷ്ട്യം കാട്ടാന്‍ ലോ അക്കാദമി മാനേജ്‌മെന്റിനു കരുത്തുപകരുന്ന ശക്തികള്‍ ആരെന്ന് അന്വേഷിക്കേണ്ടതാണെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അഭിപ്രായത്തില്‍ തന്നെ അതിന്റെ ഉത്തരവും അടങ്ങിയിട്ടുണ്ട്.

സമരം തീര്‍ക്കാന്‍ ബാധ്യസ്ഥനായ വിദ്യാഭ്യാസ മന്ത്രിയാകട്ടെ സമരസമിതിനേതാക്കളായ വിദ്യാര്‍ഥികളുടെയും മാനേജ്‌മെന്റിന്റെയും യോഗത്തില്‍ കൈക്കൊണ്ട നിലപാട് മാനേജ്‌മെന്റിന്റെയും ഒറ്റുകാരായ എസ്എഫ്ഐയുടെയും മെഗഫോണ്‍ പോലെയായതും നിര്‍ഭാഗ്യകരം. താന്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ നിന്ന് വിദ്യാഭ്യാസ മന്ത്രി തന്നെ കയര്‍ത്ത് ഇറങ്ങിപ്പോയതിനെ അതിനിശിതമായി വിമര്‍ശിച്ച സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റംഗം പന്ന്യന്‍ രവീന്ദ്രനു മറുപടി നല്‍കാതെ ‘മിണ്ടാട്ടമില്ല, മൃതരോ ഇവരെന്നു തോന്നും’ എന്ന നിലപാടെടുക്കുന്നതിനെ വാഴപ്പിണ്ടി നട്ടെല്ലെന്ന് വിശേഷിപ്പിച്ചാല്‍ വാഴപ്പിണ്ടിപോലും പ്രതിഷേധിക്കും, മാനനഷ്ടത്തിന് കേസുകൊടുക്കും!

നിയമകലാലയം സര്‍ക്കാര്‍ നിയന്ത്രണത്തോടെ നടത്താന്‍ നല്‍കിയ ഭൂമി ഒരു തറവാട്ടുസ്വത്താക്കുക, അതിന്റെ ഒരരകില്‍ ഒരു നിയമവിരുദ്ധ കലാലയം സ്ഥാപിക്കുക, ബാക്കി ഭൂമിയില്‍ തറവാടുഭവനങ്ങള്‍ പണിയുക പിന്നെ വില്ലാശിപായി നാണുപിള്ള സ്മാരക തട്ടുകട, പാര്‍വത്യാര്‍ പപ്പുപിള്ള വിലാസം പുട്ടുകട, ലക്ഷ്മിക്കുട്ടി വിലാസം പാചകസര്‍വകലാശാല, കൈരളി ബ്യൂട്ടി പാര്‍ലര്‍ ആന്‍ഡ് തിരുമല്‍ കേന്ദ്രം എന്നിവ തുടങ്ങുക ഇതെല്ലാം അനുവദിക്കാന്‍ കേരളമെന്താ ഒരു ബനാനാ റിപ്പബ്ലിക് ആണോ?

എസ്.എഫ്.ഐ ഒഴികെയുള്ള വിദ്യാര്‍ഥി സംഘടനകളെല്ലാം സമരരംഗത്ത് ആവേശം വിതറി ഉറച്ചു നില്‍ക്കുകയും ഒന്നൊഴികെ എല്ലാ രാഷ്ട്രീയ കക്ഷികളും പൊതുസമൂഹവും ഈ ധര്‍മസമരത്തിന് പിന്തുണ നല്‍കുകയും ചെയ്യുമ്പോള്‍ ആരും ബി.ജെ.പിയുടെ കെണിയില്‍ വീഴരുതെന്നാണ് ഒരു നേതാവിന്റെ സാരോപദേശം. അതായത് എല്ലാപേരും ഇങ്ങോട്ട് വരിക, തങ്ങള്‍ തീര്‍ത്ത കെണിയിലും വാരിക്കുഴിയിലും വീഴുക എന്ന ആഹ്വാനത്തിന് എന്തൊരു വാചികചന്തം!

‘ഞാനും ഞാനും എന്റെ നാല്‍പതുപേരും’ എന്ന ഒരു മാടമ്പി കുടുംബത്തിന്റെ പൂമരപ്പാട്ടിനൊത്തു താളം തുള്ളുന്നവര്‍ കാലത്തിനും സമൂഹത്തിനും മുന്നില്‍ കഥാവശേഷരാകുമെന്നോര്‍ക്കുക. ചരിത്രത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാത്തവര്‍ക്കുവേണ്ടി ചരിത്രത്തിന്റെ തന്നെ ചവറ്റുകുട്ടകള്‍ കാത്തിരിക്കുന്നുവെന്നും ആരും മറക്കരുത്…

Top