തിരുവനന്തപുരം: വാര്‍ത്ത വ്യാജമാണെന്ന് തെളിഞ്ഞിട്ടും പിടിവിടാതെ ബിജെപി മുഖപത്രം. കഴിഞ്ഞ ദിവസമാണ് ജനം ടിവി വര്‍ക്കല സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളെജില്‍ ഐഎസ്-അല്‍ഖ്വെയിദ ഭീകരവാദികളുടെ പ്രകടനമെന്ന് ജനം ടിവി ബിഗ്ബ്രേക്കിങ് ന്യൂസ് നല്‍കിയത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വാര്‍ത്ത വ്യാജമാണെന്ന് തെളിയുകയും ചെയ്തു. വ്യാജ വാര്‍ത്ത തന്നെ ഒന്നാം പേജില്‍ നല്‍കിയിരിക്കുകയാണ് ജന്മഭൂമി.
കോളേജില്‍ മാര്‍ച്ച് 14ന് നടന്ന ആന്വല്‍ ഡേ ആഘോഷമാണ് ജനം ടിവി ഐഎസ്-അല്‍ഖ്വെയിദ പ്രകടനമാക്കി വാര്‍ത്തയാക്കിയത്. ആഘോഷപരിപാടിയുമായി ബന്ധപ്പെട്ട ഒരു വീഡിയോ ക്ലിപ്പ് തെറ്റിദ്ധാരണ പരത്താന്‍ ഉപയോഗിക്കുകയായിരുന്നെന്ന് കോളെജ് അധികൃതര്‍ വ്യക്തമാക്കി. ആഘോഷത്തെക്കുറിച്ച് അന്വേഷിച്ച് യാഥാര്‍ത്ഥ്യമറിയാതെയാണ് ജനം ടിവി വാര്‍ത്ത നല്‍കിയതെന്നും കോളെജ് അധികൃതര്‍ ചൂണ്ടിക്കാട്ടി.
മാസങ്ങള്‍ക്ക് മുമ്പ് വിദ്യാര്‍ത്ഥികള്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്ന ദൃശ്യങ്ങളാണ് ജനം ടിവി വാര്‍ത്തയ്ക്ക് ഉപയോഗിച്ചതെന്നും വ്യക്തമായിരുന്നു. ഇതിനെ തുടര്‍ന്ന് ജനംടിവിയുടെ വ്യാജവാര്‍ത്തയ്ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണുണ്ടായത്. എന്നാല്‍ ഇത് വ്യാജവാര്‍ത്തയാണെന്ന് ബോധ്യപ്പെട്ടിട്ടും ഇന്നിറങ്ങിയ ബിജെപി മുഖപത്രമായ ജന്മഭൂമി ഒന്നാംപേജില്‍ അതേവാര്‍ത്ത ആവര്‍ത്തിച്ചിരിക്കുകയാണ്.
വര്‍ക്കലയിലെ കോളെജുകളില്‍ അല്‍ഖ്വയ്ദ-ഐഎസ് പ്രകടനം, ശുചിമുറികളില്‍ ഭീകരവാദ മുദ്രാവാക്യങ്ങള്‍ എന്ന തലക്കെട്ടിലാണ് അഞ്ചുകോളം വാര്‍ത്ത ജന്മഭൂമി നല്‍കിയിരിക്കുന്നത്. ഒരുവിഭാഗം വിദ്യാര്‍ത്ഥികള്‍ കോളെജിലെത്തുന്നത് ഭീകരവാദികളുടെ വേഷം ധരിച്ചാണെന്നും പൊലീസില്‍ അറിയിച്ചെങ്കിലും നടപടി എടുത്തില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയെന്നുമുളള നിരവധി നുണകളാണ് വാര്‍ത്തയിലുളളത്.