ടോക്കിയോ: ജപ്പാനിലെ ക്യുഷു ദ്വീപിലെ കുമമോട്ടോ നഗരത്തില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഒന്‍പത് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഭൂചലനത്തില്‍ ആയിരത്തോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാത്രി പ്രാദേശിക സമയം 9.30ഓടെയാണ് ഭൂചലനം ഉണ്ടായത്.
ജപ്പാനിലെ ക്യുഷു ദ്വീപിലെ കുമമോട്ടോ നഗരത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് നിഗമനം. 1,600 ഓളം സൈനികരെ രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ശക്തമായ പ്രകമ്പനം ഉണ്ടായതായി ദൃക്സാക്ഷികള്‍ അറിയിച്ചു. ശക്തമായ ഭൂചലനത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുകയായിരുന്നു. ഭൂകമ്പത്തെ തുടര്‍ന്ന് നഗരത്തില്‍ ആയിരക്കണക്കിന് ആളുകളെ സുരക്ഷാ പ്രദേശങ്ങളിലേക്ക് മാറ്റി. നൂറുകണക്കിന് കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.