ശ്രീദേവിയുടെ മരണം: ഒരടിവെള്ളത്തില്‍ മുങ്ങിമരിക്കില്ലെന്ന് ഋഷിരാജ് സിംഗ്; മറുപടിയുമായി ബോണി കപൂര്‍

മുംബയ്: നടി ശ്രീദേവിയുടെ മരണം കൊലപാതകമാണെന്ന സംശയം ഉന്നയിച്ച ഡിജിപി ഋഷിരാജ് സിംഗിന് മറുപടിയുമായി ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മ്മാതാവുമായ ബോണി കപൂര്‍ രംഗത്തെത്തി. അടുത്തിടെ അന്തരിച്ച ഫോറന്‍സിക് വിദഗ്ദ്ധന്‍ ഡോ. ഉമാദത്തന്‍ തന്നോട് പറഞ്ഞതായിട്ടാണ് ശ്രീദേവിയുടെ മരണത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ ഋഷിരാജ് സിംഗ് നടത്തിയത്.

എന്നാല്‍ ഋഷിരാജ് സിംഗിനെതിരെ ബോണി കപൂര്‍ പ്രതികരിച്ചിരിക്കുകയാണിപ്പോള്‍. ‘അത്തരം കള്ളക്കഥകളോട് ഞാന്‍ പ്രതികരിക്കുന്നില്ല. ഇത്തരം കള്ളക്കഥകള്‍ പ്രചരിക്കുന്നത് ഇനിയും തുടരും. ഇത് ഒരാളുടെ സങ്കല്‍പം മാത്രമാണ്,’ ബോണി കപൂര്‍പറഞ്ഞു.

ദുബായില്‍ ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ശ്രീദേവിയെ ഹോട്ടലിലെ കുളിമുറിയിലെ ബാത് ടബ്ബില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇത് അപകടമരണമല്ലെന്നും കൊലപാതകമാണെന്നും വാദങ്ങള്‍ ഉയര്‍ന്നിരുന്നു. ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായിരുന്നു ബോണി കപൂറായിരുന്നു സംശയത്തിന്റെ നിഴലില്‍ ഉണ്ടായിരുന്നത്.

പിന്നീട് ഈ ശ്രീദേവിയുടേത് അപകടമരണമാണെന്ന് ചൂണ്ടിക്കാട്ടി ദുബായ് പൊലീസ് കേസ് അവസാനിപ്പിക്കുകയും ചെയ്തു. ഹൃദയാഘാതം മൂലമാണ് ശ്രീദേവി മരിച്ചതെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബാത് ടബ്ബില്‍ മുങ്ങി മരിക്കുകയായിരുന്നു എന്നായിരുന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്. മരണകാരണം ശ്വാസകോശത്തില്‍ വെള്ളം കയറിയാണെന്നാണ് റിപ്പോര്‍ട്ട്.

ബോധരഹിതയായി ബാത് ടബ്ബില്‍ വീണ് മുങ്ങി മരിക്കുകയായിരുന്നുവെന്നാണ് ദുബായ് പൊലീസ് പറഞ്ഞത്.അതൊരു അപകടമരണമല്ല മറിച്ച്, കൊലപാതകമരണമാവാനാണ് സാദ്ധ്യത എന്നദ്ദേഹം പറഞ്ഞു. ഒരാള്‍ എത്ര മദ്യപിച്ചാലും ഒരടി വെള്ളത്തില്‍ മുങ്ങിമരിക്കാനുള്ള സാദ്ധ്യതയില്ല. ആരെങ്കിലും കാലുയര്‍ത്തിപ്പിടിച്ച് തല വെള്ളത്തില്‍ മുക്കിയാല്‍ മാത്രമേ മുങ്ങിമരിക്കൂ’ എന്നായിരുന്നു ഋഷിരാജ് സിംഗ് ലേഖനത്തില്‍ വ്യക്തമാക്കിയത്.

Top