തൃശൂര്‍: യുഎൻഎ സാമ്പത്തിക തട്ടിപ്പ് കേസിൽ ജാസ്മിൻ ഷായുടെ ഭാര്യയേയും പ്രതി ചേർത്തു. ഷബ്നയുടെ അക്കൗണ്ടിലേക്ക് 55 ലക്ഷത്തോളം രൂപ കൈമാറിയതായി കണ്ടെത്തയതിനെത്തുടർന്നാണ് നടപടി. വ്യാജരേഖ തയ്യാറാക്കിയ മൂന്ന് സംസ്ഥാന നേതാക്കളും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടു.
കേസിലെ എട്ടാം പ്രതിയായാണ് ജാസ്മിന്‍ ഷായുടെ ഭാര്യ ഷബ്‌ന അബൂബക്കറിനെ പ്രതി ചേര്‍ത്തിരിക്കുന്നത്. യു.എന്‍.എ അക്കൗണ്ടില്‍ നിന്ന് മാറ്റിയ തുക മറ്റ് പ്രതികള്‍ ജാസ്മിന്‍ ഷായുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് മറ്റ് അക്കൗണ്ടുകള്‍ വഴി മാറ്റിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. 55 ലക്ഷം രൂപയാണ് യു.എന്‍.എയുടെ അക്കൗണ്ടില്‍ നിന്ന് തുക പിന്‍വലിച്ച ദിവസം തന്നെ ഷബ്‌നയുടെ അക്കൗണ്ടിലേക്ക് വന്നതായി കണ്ടെത്തിയത്.
ഇതിന് പുറമെ കണക്കില്ലാത്ത വലിയ തുകകളും ഇവരുടെ അക്കൗണ്ടില്‍ കണ്ടെത്തി. ആകെ 72 ലക്ഷത്തോളം രൂപ ജാസ്മിന്‍ ഷായുടെ ഭാര്യയുടെ അക്കൗണ്ടില്‍ കണ്ടെത്തിയെന്നാണ് വിവരം. ജാസ്മിന്‍ ഷായുടെ ഭാര്യയുടെ പേരില്‍ നാല് ഫ്‌ളാറ്റുകള്‍ തൃശൂരില്‍ ഉള്ളതായും ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഒരു ഫ്‌ളാറ്റ് വിവാദങ്ങള്‍ ഉണ്ടായ ശേഷം യു.എന്‍.എ സംസ്ഥാന ട്രഷറര്‍ വിപിന്‍ എം പോളിന്റെ പേരിലേക്ക് മാറ്റിയിട്ടുണ്ട്.
പുതിയ മൂന്ന് പേരെ കൂടി കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. യു.എന്‍.എ സംസ്ഥാന സെക്രട്ടറി സുജനപാല്‍, സംസ്ഥാന ട്രഷറര്‍ ഡിബിന്‍ എം പോള്‍ മുന്‍ സംസ്ഥാന സെക്രട്ടറി സുദീപ് എന്നിവരെയാണ് പുതുതായി പ്രതി ചേര്‍ത്തിരിക്കുന്നത്.