ഭാര്യ മറ്റൊരാളുടെ പ്രമേഭാജനമാണെന്ന് ഭര്‍ത്താവ് തിരിച്ചറിഞ്ഞു; വിവാഹ ശേഷം ഭർത്താവ് ചെയ്ത പ്രവര്‍ത്തി ഞെട്ടിക്കുന്നത്

ന്യൂഡല്‍ഹി: ബോളിവുഡിലെ ഹിറ്റ് ചിത്രമായ ഹം ദില്‍ ദേ ചുകേ സനം യഥാര്‍തഥ ജീവിതത്തില്‍ പ്രാവര്‍ത്തികമായിരിക്കുന്നു. താന്‍ വിവാഹം കഴിച്ച സ്ത്രീ മറ്റൊരാളുമായി അഗാധ പ്രണയത്തിലാണെന്ന് മനസിലാക്കിയ ഭര്‍ത്താവ് അവളെ കാമുകന് തിരികെ നല്‍കാന്‍ പോകുകയും അവസാനം അപ്രതീക്ഷിതമായ ട്വിസ്റ്റ് ഉണ്ടാകുകയും ചെയ്യുന്ന സിനിമയാണ് ഹം ദില്‍ ദേ ചുകേ സനം. ഇത് യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചിരിക്കുകയാണ്.

റൂര്‍ക്കേലയിലെ പമാര ഗ്രാമവാസിയായ ബസുദേബ് ടാപ്പോ ഇത്തരമൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. മറ്റാരും ചെയ്യാനിടയില്ലാത്ത രീതിയില്‍ പ്രശ്നം പരിഹരിക്കാനും ബസുദേബിനായി. അതും വെറും ആറുദിവസംകൊണ്ട്.

മാര്‍ച്ച് നാലിനാണ് ബസുദേബ് ജാര്‍സുഗുഡ ദേബ്ദിഹി ഗ്രാമത്തിലെ 24-കാരിയെ വിവാഹം കഴിച്ചത്. ആചാരപ്രകാരം ബന്ധുക്കളെയൊക്കെ സാക്ഷിനിര്‍ത്തിയുള്ള വിവാഹമായിരുന്നു അത്. കഴിഞ്ഞ ശനിയാഴ്ച, മൂന്ന് ചെറുപ്പക്കാര്‍ ബസുദേബിനെയും ഭാര്യെയെയും സന്ദര്‍ശിക്കാന്‍ അവരുടെ വീട്ടിലെത്തി. യുവതിയുടെ ബന്ധുക്കളാണെന്നാണ് ഈ യുവാക്കള്‍ അവകാശപ്പെട്ടത്. ഇവരില്‍ രണ്ടുപേര്‍ ബസുദേബുമൊത്ത് ഗ്രാമത്തിലെ കാഴ്ചകള്‍ കാണാന്‍ പോയി. ഒരാള്‍ വീട്ടില്‍ത്തന്നെ തങ്ങി.

വീട്ടില്‍ തങ്ങിയ ചെറുപ്പക്കാരനെയും ബസുദേബിന്റെ ഭാര്യയെയും സംശയകരമായ സാഹചര്യത്തില്‍ കണ്ട ഗ്രാമവാസികള്‍ യുവാവിനെ പിടികൂടി മര്‍ദിച്ചു. ഇതിനിടെ, ബസുദേബിന്റെ ഭാര്യ രംഗത്തുവരികയും, തങ്ങള്‍ പ്രണയത്തിലാണെന്ന കാര്യം സമ്മതിക്കുകയും ചെയ്തു. മാതാപിതാക്കള്‍ മരിച്ചുപോയ തന്നെ, ഇഷ്ടവിവാഹത്തിന് സമ്മതിക്കാതെ ബന്ധുക്കള്‍ ബസുദേബുമായി വിവാഹം കഴിപ്പിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

കാര്യമറിഞ്ഞ് വീട്ടിലെത്തിയ ബസുദേബ് ഭാര്യയെ മര്‍ദിക്കാനോ ശകാരിക്കാനോ ഒന്നും നിന്നില്ല. പകരം ഭാര്യയെ കാമുകനെക്കൊണ്ട് കല്യാണം കഴിപ്പിക്കാന്‍ അയാള്‍ തീരുമാനിച്ചു. യുവതിയുടെ മൂത്ത സഹോദരനെയും കുടുംബാംഗങ്ങളയും വിവരമറിയിച്ചു. അവരെല്ലാം ശനിയാഴ്ച പമാരയിലെ ബസുദേബിന്റെ വീട്ടിലെത്തുകയും യുവതിയുടെയും കാമുകന്റെയും വിവാഹത്തിന് സാക്ഷിയാവുകയും ചെയ്തു.

ഒരു ഒളിച്ചോട്ടത്തിലോ ജീവിതകാലം മുഴുവന്‍ തുടരുന്ന സംശയത്തിലോ കലാശിക്കുമായിരുന്ന സംഭവം ബസുദേബിന്റെ ഇടപെടലോടെ ശുഭപര്യവസായിയായതിന്റെ ആഹ്ലാദത്തിലാണ് ഗ്രാമവാസികളിപ്പോള്‍. ലോകമാധ്യമങ്ങളിലടക്കം ബസുദേബിന് കൈയടികളുമായി വാര്‍ത്തകല്‍ വന്നു. യുവതിയെ അവള്‍ക്കിഷ്ടപ്പെട്ടയാള്‍ക്ക് വിവാഹം ചെയ്തുകൊടുത്തില്ലായിരുന്നെങ്കില്‍ ജീവിതകാലം മുഴുവന്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമായിരുന്നുവെന്ന് ബസുദേബിന്റെ അമ്മ ശനിബാരി ടാപ്പോ പറഞ്ഞു.

Top