ബിന്‍ലാദന്റെ അന്ത്യ നിമിഷങ്ങള്‍ വിവരിച്ച് ഭാര്യ; വെളിപ്പെടുത്തല്‍ ലാദനെക്കുറിച്ചുള്ള പുസ്തകത്തില്‍

ഒസാമാ ബിന്‍ലാദന്റെ അന്ത്യ നിമിഷങ്ങളെക്കുറിച്ചുള്ള ആദ്യ വെളിപ്പെടുത്തല്‍ പുറത്തായി. ലാദന്റെ നാലാമത്തെ ഭാര്യയാണ് വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയുടെ കമാന്റോകള്‍ ലാദനെ വധിച്ചതിനെക്കുറിച്ചുള്ള കിട്ടാവുന്നതില്‍ വച്ച് ഏറ്റവും ആധികാരിക വിവരണങ്ങളാണ് ഇവയെന്ന് പറയാം.

അബോട്ടാബാദില്‍ അപ്പോള്‍ സമയം രാത്രി 11 മണിയായിക്കാണും അമല്‍ കിടന്നിരുന്നത് ബിന്‍ലാദന്റെ തൊട്ടടുത്തായിരുന്നു. ഹെലികോപ്റ്ററിന്റേത് പോലുള്ള ശബ്ദം കേട്ട് അവള്‍ ഞെട്ടിയുണര്‍ന്നു. കറന്റ് ഇല്ലാതിരുന്നതിനാല്‍ തെരുവില്‍ പോലും കട്ടപിടിച്ച ഇരുട്ടായിരുന്നു. എന്നാല്‍ ജനലിലൂടെ നിഴലുകള്‍ ചലിക്കുന്നത് കണ്ടതായി അമല്‍ പറഞ്ഞു.

ശബ്ദം അടുത്തടുത്തേക്ക് വരുന്നത് ബിന്‍ ലാദനെയും ഉണര്‍ത്തി. ”അമേരിക്കക്കാര്‍ വരുന്നു” ലാദന്‍ ആദ്യം പറഞ്ഞത് ഇക്കാര്യമാണ്. കനത്തു വരുന്ന ബൂട്‌സിട്ട കാലടി ശബ്ദം വീടിനെ മുഴുവന്‍ നടുക്കി. രണ്ടുപേരും ബെഡ്ഡില്‍ നിന്നും പതിയെ ഇറങ്ങി ബാല്‍ക്കെണിയുടെ സമീപത്തേക്ക് ഇഴഞ്ഞു. നിലാവ് പോലും ഇല്ലാത്ത രാത്രിയില്‍ കാഴ്ചപോലും ദുഷ്‌ക്കരമെന്ന് അമല്‍ പറഞ്ഞു. എന്നാല്‍ ഈ സമയം ഇവരുടെ കാഴ്ചകള്‍ക്ക് അപ്പുറത്ത് രണ്ട് അമേരിക്കന്‍ മിലിട്ടറി ബ്‌ളാക്ക് ഹോക്കുകളും 24 സീല്‍ സൈനികരും പരിസരത്തെ മുറ്റത്തോട് അടുത്തുകൊണ്ടിരിക്കുന്നത് രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ ഉണ്ടായിരുന്ന സെഹമും മകന്‍ ഖാലിദും കാണുന്നുണ്ടായിരുന്നു.

തന്റെ എ കെ 47 തോക്കിനായി ബിന്‍ലാദന്‍ മകനെ വിളിച്ചു. അവന്‍ ഉടന്‍ തന്നെ പിതാവിന്റെ അടുത്തെത്തി. ഇതിനിടയില്‍ അമലും സെഹമും പേടിച്ചരണ്ടു നിലവിളിക്കുകയായിരുന്ന മറ്റു കുട്ടികളെ സുരക്ഷിതരാക്കാനുള്ള നീക്കത്തിലായിരുന്നു. ഗേറ്റില്‍ സ്‌ഫോടനമുണ്ടായതും അമേരിക്കന്‍ നാവികര്‍ വീട്ടിനുള്ളിലേക്ക് കടന്നതും ഒരേ സെക്കന്റിലായിരുന്നു. ”അവര്‍ക്ക് വേണ്ടത് എന്നെയാണ്. നിങ്ങളെയല്ല. ” ബിന്‍ ലാദന്‍ അലറി. എല്ലാവരും താഴേയ്ക്ക് പോകാന്‍ ആജ്ഞാപിച്ചു. എന്നാല്‍ മൂത്ത മക്കളായ മിറിയമും സുമയ്യയും ബാല്‍ക്കെണിയില്‍ തന്നെ ഒളിച്ചു.

ബിന്‍ലാദനും അമലും മകന്‍ ഹുസൈനും മുറിയില്‍ അവശേഷിച്ചു. എല്ലാവരും പ്രാര്‍ത്ഥനയിലായി. ” വീട്ടിനുള്ളില്‍ നിന്നു തന്നെയാണ് ഒറ്റിയത്.” അമല്‍ പറഞ്ഞു. സീലുകള്‍ മുറിയുടെ പൂട്ടിയിട്ട വാതില്‍ തകര്‍ത്ത മുന്നോട്ട് കയറുകയാണ്. ഇവരില്‍ ഖാലിദിനെ പോലെ തോന്നിപ്പിച്ച ഒരാള്‍ അറബിയില്‍ സംസാരിക്കുന്നുണ്ടായിരുന്നു. വെടിപൊട്ടും മുമ്പ് ലാദന്‍ ഖാലിദിനെ വിളിച്ചു. മിറിയമും സുമൈയ്യയും അമേരിക്കന്‍ നാവികര്‍ക്ക് നേരെ തിരിഞ്ഞെങ്കിലും അറബി സംസാരിക്കുന്നയാള്‍ അവരെ ഭിത്തിയിലേക്ക് എടുത്തെറിഞ്ഞിരുന്നു.

നാവികന്‍ റോബര്‍ട്ട് ഒ നീല്‍ ഇവരെ മറികടന്ന് മുറിയിലേക്ക് കയറി. സീലുകള്‍ ധൃതിയില്‍ മുറിക്കുള്ളിലേക്ക് കയറുമ്പോള്‍ അമല്‍ ഭര്‍ത്താവിന്റെ വലതു ഭാഗത്ത് തന്നെയുണ്ടായിരുന്നു. ആദ്യ വെടി പൊട്ടിയപ്പോള്‍ തന്നെ അവര്‍ കുഴഞ്ഞുവീണു. ബിന്‍ ലാദന്‍ വെടിയേറ്റു വീണു. കൂടുതല്‍ നാവികര്‍ മുറിയിലേക്ക് കയറുകയും വീണു കിടക്കുന്ന ശരീരത്തിലേക്ക് തുരുതുരെ നിറയൊഴിക്കുകയും ചെയ്തു.

വേദനകൊണ്ട് കാല്‍ മുകളിലേക്കും താഴേയ്ക്കും ആടി. എല്ലാം കണ്ടെങ്കിലും അതിജീവിക്കണമെങ്കില്‍ മരിച്ചപോലെ കിടക്കേണ്ടതുണ്ടെന്ന് അമല്‍ തിരിച്ചറിഞ്ഞു. കണ്ണുകളടച്ച് ശ്വാസഗതി നിയന്ത്രിച്ചു കിടന്നു. എന്നാല്‍ കുഞ്ഞു ഹുസൈനെ ഒരു നാവികന്‍ പിടികൂടുന്നതും മുഖത്തേക്ക് വെള്ളമൊഴിക്കുന്നതും അമല്‍ കണ്ടു. ഇതിനിടയില്‍ മിറിയത്തെയും സുമയ്യയേയും നാവികര്‍ മൃതദേഹത്തിന് അരികിലേക്ക് കൊണ്ടുവന്നു. ആരാണെന്ന് ചോദിച്ചു. ”എന്റെ പിതാവ്” ”ഒസാമാ ബിന്‍ ലാദന്‍” മിറിയം പിറുപിറുത്തു.

ബിന്‍ലാദന്റെ ഭാര്യ ഖൈരിയയെയും പിന്നീട് അമേരിക്കന്‍ നാവികര്‍ ശരീരം തിരിച്ചറിയുന്നതിനായി കൊണ്ടുവന്നു. രണ്ടു പേര്‍ തിരിച്ചറിഞ്ഞെന്നും കുട്ടിയും മുതിര്‍ന്ന സ്ത്രീയും മരിച്ചയാളെ തിരിച്ചറിഞ്ഞെന്നും ഇതിനിടയില്‍ അറബി സംസാരിക്കുന്നയാള്‍ പറയുന്നത് കേട്ടു.

തുടര്‍ന്ന് ബിന്‍ ലാദന്റെ ശരീരം പടിക്കെട്ടിലൂടെ താഴേയ്ക്ക് വലിച്ചിഴച്ചുകൊണ്ടു പോയി. തല പടിയില്‍ അടിച്ച് വലിയ ശബ്ദം ഉണ്ടായികൊണ്ടിരുന്നു. ഖാലിദും പടിക്കെട്ടിലായിരുന്നു മരിച്ചു കിടന്നിരുന്നത്. മാതാവ് അവന് അന്ത്യചുംബനം നല്‍കാന്‍ ശ്രമിച്ചെങ്കിലും അവരെ വലിച്ചുമാറ്റി.

osama1

ലാദന്റെ ശരീരം ഹെലികോപ്റ്ററില്‍ കയറ്റി വീണ്ടും പറന്നകന്നു. അല്‍ കൊയ്ദ ഭീകരന്‍ ഒസാമാ ബിന്‍ ലാദനെ വധിക്കാന്‍ അമേരിക്കന്‍ കമാന്റോകള്‍ പാകിസ്താനിലെ അബോട്ടാബാദില്‍ നടത്തിയ ഓപ്പറേഷന്റെ വിവരം ഇതാദ്യമായിട്ട് ആണ് പുറത്തു വന്നിരിക്കുന്നത്. ലാദന്റെ നാലാമത്തെയും ഏറ്റവും പ്രായം കുറഞ്ഞതുമായ ഭാര്യ അമല്‍ ബിന്‍ ലാദന്‍ നടത്തിയ വെളിപ്പെടുത്തല്‍ പുറത്തു വന്നിരിക്കുന്നത് ദി എക്‌സൈല്‍ : ദി ഫ്‌ളൈറ്റ് ഓഫ് ഒസാമാ ബിന്‍ ലാദന്‍ എന്ന പുസ്തകത്തിലാണ്.

പുസ്തകത്തിന്റെ രചയിതാക്കളായ അഡ്രിയാന്‍ ലെവിയോടും കാത്തി സ്‌കോട്ട് ക്‌ളാര്‍ക്കിനോടുമായിരുന്നു അമല്‍ ലാദന്റെ അവസാന നിമിഷങ്ങളെ ക്കുറിച്ച് വെളിപ്പെടുത്തിയത്. അമലിനും ആറു മക്കള്‍ക്കും പുറമേ രണ്ടാം ഭാര്യ ഖൈരിയയ്ക്കും മൂന്നാം ഭാര്യ സെഹമിനും 22 കാരന്‍ മകന്‍ ഖാലിദിനും ഒപ്പം പാകിസ്താനിലെ അബോട്ടാബാദില്‍ കഴിയുമ്പോള്‍ 2011 മെയ് 11 നായിരുന്നു ലാദന്‍ കൊല്ലപ്പെട്ടത്.

Top