പ്രാര്‍ത്ഥനകള്‍ ഫലിച്ചു; ജയലളിത സുഖം പ്രാപിച്ച് പുറത്തേയ്ക്ക്; സംസാരിച്ചു തുടങ്ങിയെന്ന് ആശുപത്രി

ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഇന്നലെ ഏതാനും സമയം സംസാരിച്ചതായി ആശുപത്രി അധികൃതര്‍.

ശ്വാസകോശത്തില്‍ അണുബാധയെതുടര്‍ന്നാണ് അവര്‍ക്ക് ശ്വസനനാള ശസ്ത്രക്രിയ വേണ്ടി വന്നത്. തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ഇവര്‍ ശ്വാസോച്ഛ്വാസം നടത്തിയിരുന്നത്. ഇപ്പോള്‍ 90 ശതമാനത്തോളം യന്ത്ര സഹായം വേണ്ടാത്ത സാഹചര്യമുണ്ടായിട്ടുണ്ടെന്നും അപ്പോളോ ആശുപത്രി ചെയര്‍മാന്‍ ഡോ. പ്രതാപ് റെഡ്ഢി അറിയിച്ചു. ശ്വസനനാളത്തിലൂടെ ശ്വാസോച്ഛ്വാസം അനായസമായി നടക്കുന്നതിനുവേണ്ടിയാണ് ശസ്ത്രക്രിയ നടത്തിയത്. ഇത് സ്വാഭാവികമായ നടപടി മാത്രമാണെന്നും ഡോ. പ്രതാപ് റെഡ്ഢി അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചികിത്സയുടെ അടുത്ത നടപടി അവര്‍ക്ക് പരസഹായമില്ലാതെ നടക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാക്കുകയെന്നതാണ്. ആരോഗ്യ സ്ഥിതി പൂര്‍ണമായും തൃപ്തികരമാണ്. അതേസമയം മുഖ്യമന്ത്രിക്ക് എന്ന് ആശുപത്രി വിടണമെന്ന് ആഗ്രഹിക്കുന്നുവോ അന്ന് തിരിച്ചു പോകാവുന്നതാണെന്നും ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു.

സെപ്തംബര്‍ 22നാണ് അസുഖത്തെതുടര്‍ന്ന് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ നിന്നും ലണ്ടനില്‍ നിന്നും പ്രത്യേക ഡോക്ടര്‍മാരുടെ സംഘത്തെയാണ് ചികിത്സക്കായി അപ്പോളോ ആശുപത്രിയില്‍ എത്തിച്ചിരുന്നത്. കഴിഞ്ഞ ആഴ്ചയാണ് തീവ്ര പരിചരണ വിഭാഗത്തില്‍ നിന്നും അവരെ പ്രത്യേക മുറിയിലേക്ക് മാറ്റിയത്. ഇത് തന്റെ രണ്ടാം ജന്മമാണെന്ന് അവര്‍ പറഞ്ഞതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ആരോഗ്യം വീണ്ടെടുത്ത് മുഖ്യമന്ത്രി പദം താമസിയാതെ ഏറ്റെടുക്കുമെന്ന് അണ്ണാ ഡി.എം.കെ അറിയിച്ചു.

Top