കണ്ണൂര്‍:അമ്പാടിമുക്കുകാര്‍ എല്ലാം ഉറപ്പിച്ച് കഴിഞ്ഞു.അടുത്ത മുഖ്യമന്ത്രി പിണറായി.ആഭ്യന്തര മന്ത്രിയോ കണ്ണൂരിന്റെ സ്വന്തം ജില്ല സെക്രട്ടറി പി ജയരാജന്‍.അല്ലെങ്കിലും എല്ലാറ്റിലും ഒരുപടി മുന്നേ എറിയുന്നവരാണ് അടുത്തിടെ സിപിഎമ്മില്‍ എത്തിയ പഴയ സ്വയംസേവകര്‍.അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ പോസ്റ്റര്‍.
”ശക്തനായ രാജാവിന് ശക്തനായ സൈനികന്‍”എന്ന അടികുറിപ്പോടെ കൊടുത്തിരിക്കുന്ന പോസ്റ്ററില്‍ ജയരാജന്‍ ”ആഭ്യന്തര മന്ത്രിയായി”സല്യുട്ട് സ്വീകരിക്കന്ന ചിത്രമാണ് ഉള്ളത്.
ഏതോ ഒരു പരേഡില്‍ മറ്റൊരു മന്ത്രിയുടെ തല മാറ്റി വെച്ചാണ് അമ്പാടിമുക്കുകാര്‍ ഈ പണി ഒപ്പിച്ചത്.കതിരൂര്‍ മനോജ് വധകേസില്‍ പ്രതിയായ ജയരാജനെ സിബിഐ അറസ്റ്റ് ചെയ്യാന്‍ നല്ല സമയം നോക്കിയിരിക്കുമ്പോഴാണ് സഖാക്കളുടെ ഈ പുതിയ പോസ്റ്റര്‍ എന്നതും ശ്രദ്ധേയമാണ്.വിഎസ് ഭരിക്കുമ്പോള്‍ കോടിയേരി ആഭ്യന്തരം ഏറ്റെടുത്ത പോലെ പിണറായി ഭരിക്കുമ്പോള്‍ പോലീസിനെ നിയന്ത്രിക്കുന്നത് ജില്ലയുടെ നേതാവായ ജയരാജനായിരിക്കുമെന്ന മുന്നറിയിപ്പ് കൂടിയായാണ് പോസ്റ്ററിനെ വിലയിരുത്തുന്നത്.
പി ജയരാജന്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.ഇതിന് മുന്‍പും ഇത്തരത്തിലുള്ള വിവാദ പോസ്റ്റര്‍ അമ്പാടിമുക്കുകാര്‍ ഇറക്കിയിരുന്നു.പിണറായിയെ കുരുക്ഷേത്ര യുദ്ധത്തിന് പോകുന്ന അര്‍ജുനനായും ജയരാജനെ തേരാളിയായ കൃഷണനായും ചിത്രീകരിച്ച് നവകേരളമാര്‍ച്ചിന് അഭിവാദ്യമര്‍പ്പിച്ച ഇവിടുത്തുകാരുടെ ഫ്‌ളക്‌സ് ബോര്‍ഡ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ് ഉയര്‍ത്തിയത്.സംഭവം വിവാദമായതോടെ പാര്‍ട്ടി നേതൃത്വം ഇടപെട്ട് ഫ്‌ളക്‌സ് പിന്‍വലിപ്പിച്ചു.നേരത്തെ ശ്രീകൃഷണജയന്തി ആഘോഷം സംഘടിപ്പിച്ചും ഗണെശോത്സവം നടത്തിയും വാര്‍ത്തകള്‍ സൃഷ്ടിച്ചവരാണ് അമ്പാടിമുക്കുകാര്‍.
സ്ഥാനാര്‍ത്ഥിയെ പോലും പ്രഖ്യാപിക്കാത്ത സമയത്ത് പോസ്റ്റര്‍ ഇറക്കിയത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കും വിവാദത്തിനുമാണ് തിരികൊളുത്തിയിരിക്കുന്നത്.എന്തായാലും സിപിഎം നേതൃത്വം ഇതിനോട് ഇത് വരെ പ്രതികരിച്ചിട്ടില്ല.ഈ തിരഞ്ഞെടുപ്പില്‍ പി ജയരാജനെ മത്സരിപ്പിക്കാന്‍ നീക്കം നടക്കുന്നു എന്ന സൂചന കൂടിയാണ് അമ്പാടിമുക്കിലെ പുതിയ പോസ്റ്റര്‍.